"ഞാൻ രോഗബാധിതയായാൽ എൻ്റെ കുഞ്ഞിനെ ആരു സംരക്ഷിക്കും"? ആറാഴ്ച്ച മാസ്കും ഹാൻഡ് ജെല്ലും ലഭിച്ചില്ല. ക്രോയ്ഡോൺ ഹോസ്പിറ്റലിലെ നഴ്സ് ജോലി രാജിവച്ചു
ക്രോയ്ഡോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ജോലി രാജിവച്ചു. ആറാഴ്ച്ച മാസ്കും ഹാൻഡ് ജെല്ലും ഗ്ലൗസുകളും ലഭിച്ചില്ലെന്ന് 10 വർഷം നഴ്സായി ജോലി ചെയ്ത ലോറ ഡെമ്മെൻ പറയുന്നു. ലോറ ജോലി ചെയ്യുന്ന ക്യാൻസർ വാർഡിനോട് ചേർന്നാണ് കോവിഡ്- 19 വാർഡ്. ഹൗസ് കീപ്പർ ഓഫാണെന്നും ആവശ്യത്തിന് PPE ഇല്ലെന്നും മാനേജർ പറഞ്ഞതായി അഞ്ചു വയസുകാരൻ്റെ അമ്മയായ 33 കാരി ലോറ വ്യക്തമാക്കി.
ഇതേത്തുടർന്ന് സൗത്ത് ലണ്ടനിലെ ഹോസ്പിറ്റലിൽ നിന്ന് മാർച്ച് 15 ന് സിംഗിൾ മദറായ ലോറ വാക്കൗട്ട് നടത്തി. നഴ്സുമാർ കിച്ചണിലാണ് കൈകൾ കഴുകിയിരുന്നതെന്ന് അവർ പറഞ്ഞു. "മറ്റു നഴ്സുമാരും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. രോഗികളുടെ ജീവൻ രക്ഷിക്കുകയെന്നത് നഴ്സുമാരുടെ പ്രഥമമായ പരിഗണനാ വിഷയമാണ്, എന്നാൽ ആവശ്യത്തിന് പ്രൊട്ടക്ഷൻ ലഭ്യമല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാവും, ഞാൻ രോഗബാധിതയായാൽ എൻ്റെ മകനെ സംരക്ഷിക്കാനാരുണ്ട്". ലോറ ചോദിക്കുന്നു. ബില്ലുകൾ പേ ചെയ്യുന്നതിനാവശ്യമായ പണമുണ്ടാക്കാൻ താത്കാലിക ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോറയിപ്പോൾ.