എൻഎച്ച്എസിലേയ്ക്ക് സപ്ളൈ ചെയ്ത 25 മില്യൺ ഐ പ്രൊട്ടക്ഷൻ ഗോഗിളുകൾ കൊറോണയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കിനെതിരെ രൂക്ഷ വിമർശനം
ബ്രിട്ടണിലെ കൊറോണ ക്രൈസിസിനെ നേരിട്ടതിൽ വന്ന ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ പാളിച്ചകളുടെ പേരിൽ മാറ്റ് ഹാനോക്കിനെതിരെ രൂക്ഷ വിമർശനമുയരുന്നു. പ്രധാനമന്ത്രിയും ക്യാബിനറ്റിലെ നിരവധി അംഗങ്ങളും ഹെൽത്ത് സെക്രട്ടറി നിലവിലെ പ്രതിസന്ധിയെ കൈകാര്യം ചെയ്തതിൽ അസംതൃപ്തരാണ്. ഉന്നത തലത്തിലുള്ള പ്രമുഖരുമായി മാറ്റ് ഹാനോക്ക് ഇടഞ്ഞുവെന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയ്ക്ക് താത്കാലിക വിരാമമുണ്ടായാൽ ഉടൻ മാറ്റ് ഹാനോക്കിന് സ്ഥാനചലനമുണ്ടാകുമെന്നാണ് സംസാരം.
എൻഎച്ച്എസിലേയ്ക്ക് സപ്ളൈ ചെയ്ത 25.6 മില്യൺ പെയർ ഐ പ്രൊട്ടക്ഷൻ ഗോഗിളുകൾ കൊറോണയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല എന്ന് കണ്ടെത്തി. ഇതിൽ 15.9 മില്യൺ ടൈഗർ ഐ ഗോഗിളുകൾ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള 9.7 മില്യൺ ഗോഗിളുകൾ ഉപയോഗിക്കരുതെന്ന് എൻഎച്ച് എസ് ട്രസ്റ്റുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ടർക്കിയിൽ നിന്ന് കൊണ്ടുവന്ന 400,000 ഗൗണുകളും ഉപയോഗ ശൂന്യമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ കൊറോണ ടെസ്റ്റിംഗ് ടാർജറ്റ് നേടാത്തതിലും മാറ്റ് ഹാനോക്കിനെതിരെ വിമർശനം ഉയർന്നിരുന്നു.