Sunday, 12 January 2025

ബോറിസ് ജോൺസൺ ബ്രിട്ടണിലെ ലോക്ക് ഡൗണിൻ്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. സ്കൂളുകൾ ജൂൺ ആദ്യം മുതൽ ഘട്ടംഘട്ടമായി തുറന്നേക്കും. ഇനി മുതൽ "സ്റ്റേ അലർട്ട്" നടപ്പാക്കും

ബ്രിട്ടണിൽ ലോക്ക് ഡൗണിൻ്റെ പുതുക്കിയ നിയന്ത്രണങ്ങൾ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്ക് നടത്തിയ പ്രീ റെക്കോർഡഡ് ടിവി ബ്രോഡ്കാസ്റ്റിലൂടെയാണ് ഗവൺമെൻ്റ് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബോറിസ് വിശദീകരിച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾ നാളെ പാർലമെൻ്റിൽ അറിയിക്കും.

"അര മില്യണോളം ജീവനുകൾ നഷ്ടപ്പെടാവുന്ന അവസ്ഥയിലൂടെയാണ് ബ്രിട്ടൺ കടന്നു പോയത്. എന്നാൽ നമ്മൾ അതിനെ ഒരുമിച്ച് അതിജീവിച്ചു. എൻഎച്ച്എസ് തകരാതെ നാം സംരക്ഷിച്ചു." രാജ്യത്തോട് ബോറിസ് പറഞ്ഞു.

പുതിയ ഇളവുകളനുസരിച്ച് വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കി. ഇപ്പോൾ നടപ്പാക്കുന്നത് കണ്ടീഷണൽ പ്ളാനുകളാണെന്ന് ബോറിസ് വ്യക്തമാക്കി.

പ്രധാന അനൗൺസ്മെൻറുകൾ ഇവയാണ്

1. ബുധനാഴ്ച മുതൽ അൺലിമിറ്റഡ് ഔട്ട് ഡോർ എക്സർ സൈസിംഗിനായി പുറത്തു പോകാൻ കൂടുതൽ സ്വാതന്ത്ര്യം നല്കും. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. ഈയിടങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചിരിക്കണം.
2. ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും ഘട്ടം ഘട്ടമായി തുറന്നേക്കും. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് പ്ളാനിടുന്നത്
3. ജൂലൈ മുതൽ ഹോസ്പിറ്റാലിറ്റി ഫസിലിറ്റികളും മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്

നിലവിലെ സ്റ്റേ അറ്റ് ഹോം എന്ന സന്ദേശത്തിൽ മാറ്റം വരുത്തി. ഇനി മുതൽ "സ്റ്റേ അലർട്ട്, കൺട്രോൾ ദി വൈറസ്, സേവ് ലൈവ്സ് എന്ന നയം" നടപ്പാക്കും. കഴിയുന്നതും വീടുകളിൽ കഴിയുക, സാധിക്കുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക, പുറത്ത് പോവുന്ന അവസരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക, കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക, ആർക്കെങ്കിലും കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ കുടുംബത്തിലെ എല്ലാവരും ഐസൊലേറ്റ് ചെയ്യുക എന്നിവയാണ് സ്റ്റേ അലർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ

ബ്രിട്ടണിൽ കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. അഞ്ചു ലെവലുകളിൽ ഉള്ള ഗ്രീൻ ടു റെഡ് രീതിയാണ് നടപ്പാക്കുക. ലെവൽ 1 ഗ്രീനും ലെവൽ 5 റെഡും ആയിരിക്കും. ലെവൽ 5 ഏറ്റവും കൂടിയ അലർട്ടിനെ സൂചിപ്പിക്കുന്നു. ലെവൽ 1 ഏറ്റവും സുരക്ഷിതമായ അവസ്ഥയായി പരിഗണിക്കും. ബ്രിട്ടൺ ഇപ്പോൾ ലെവൽ 4 ൽ ആണെന്ന് കണക്കാക്കുന്നു. കൊറോണ ഇൻഫെക്ഷൻ്റെ റീ പ്രൊഡക്ഷൻ നിരക്കും ഇൻഫെക്ഷനുകളുടെ എണ്ണവും കണക്കിലെടുത്താണ് അലർട്ട് ലെവൽ തീരുമാനിക്കുക.

മാർച്ച് 24 മുതലാണ് ബ്രിട്ടണിൽ ലോക്ക് ഡൗൺ നിലവിൽ വന്നത്. തുടർന്ന് ഏപ്രിൽ 16 ന് നിയന്ത്രണങ്ങൾ മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ അഞ്ചിന മാനദണ്ഡങ്ങളാണ് ഗവൺമെൻ്റ് മാർഗരേഖയായി സ്വീകരിച്ചിരുന്നത്.

1. എൻഎച്ച്എസിൽ എല്ലാ കൊറോണ രോഗികളെയും ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കങ്ങളും ഉണ്ടാവണം.
2. ദിവസേനയുള്ള മരണസംഖ്യയിൽ സ്ഥിരമായ കുറവ് ഉണ്ടാവണം.
3. ഇൻഫെക്ഷൻ നിരക്ക് മാനേജ് ചെയ്യാവുന്ന നിലയിലേയ്ക്ക് എത്തി എന്നതിന് ഉപോത്ബലകമായ ഡേറ്റ ലഭ്യമാകണം.
4. ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറും കൊറോണ ടെസ്റ്റിനുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കണം.
5. നിയന്ത്രണങ്ങൾ നീക്കിയാൽ കൊറോണ ഇൻഫെക്ഷൻ ഇനിയൊരു പീക്ക് സൃഷ്ടിക്കില്ലെന്ന ഉറപ്പ് തത്വത്തിൽ ഉണ്ടാവണം.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിലവിലെ 'സ്റ്റേ അറ്റ് ഹോം' നയം തുടരും. ഇവിടങ്ങളിലെ ഗവൺമെൻ്റുകൾ ബ്രിട്ടൻ്റെ പൊതു നയങ്ങളെ മാനിച്ച് കൊണ്ടുള്ള തീരുമാനങ്ങൾ സ്വതന്ത്ര നിലയിൽ എടുക്കും.

Other News