Monday, 23 December 2024

ഫ്ളോറൻസ് നൈറ്റിഗേലിൻ്റെ ഇരുനൂറാം ജന്മദിനത്തിൽ ഇന്ന് ഇൻ്റർ നാഷണൽ നഴ്സസ് ഡേ... "നിങ്ങൾ സംരക്ഷിച്ചത് മനുഷ്യ വംശത്തെയാണ്... മാലാഖമാർക്ക് ഹൃദയം നിറഞ്ഞ നന്ദി". നഴ്സുമാർക്ക് ആദരമർപ്പിച്ച് യുകെയിലെ യുവതലമുറ

ബിനോയി ജോസഫ്, എക്സിക്യൂട്ടീവ് എഡിറ്റർ

ഫ്ളോറൻസ് നൈറ്റിഗേലിൻ്റെ ഇരുനൂറാമത് ജന്മദിന സ്മരണയിൽ ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നു. നഴ്സിംഗ് സമൂഹത്തിൻ്റെ ആതുര ശുശ്രൂഷാ രംഗത്തെ പ്രവർത്തനങ്ങളെ ഇത്രയും പ്രാധാന്യത്തോടെ ലോകം വീക്ഷിച്ച ഒരു സമയം ഈ മനുഷ്യായുസിൽ ഉണ്ടായിട്ടില്ല. ക്രിമിയൻ യുദ്ധസമയത്ത് പരിക്കേറ്റവരെ ചികിത്സിക്കാൻ ഇറങ്ങി പുറപ്പെട്ട ഫ്ളോറൻസ് നൈറ്റിംഗേലിൻ്റെ പിൻഗാമികൾ ഇന്ന് ലോകത്തെ തന്നെ സ്നേഹത്തോടെ മാറോടണയ്ക്കുന്നു. ലോകമെങ്ങുമുള്ള ആതുരാലയങ്ങൾ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞപ്പോൾ, ആ രോഗത്തിന് മരുന്നോ മറ്റ് പ്രതിവിധികളോ ഇല്ലാതെ രോഗികൾ നിസഹായരായപ്പോൾ കൺമുന്നിൽ പ്രത്യക്ഷരായ രക്ഷകർ, മാലാഖമാരെന്ന് ലോകം വാഴ്ത്തുന്ന നഴ്സുമാർ തന്നെയാണ്.

കൈയിലേന്തിയ ദീപത്തെ സാക്ഷിയായി നൈറ്റിംഗേൽ പ്രതിജ്ഞ ഏറ്റു ചൊല്ലി കർമ്മ രംഗത്തേയ്ക്കിറങ്ങിയ മാലാഖമാർ... വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളാണിവർ... നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ..  വേദനിക്കുന്നവരെ .. ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ  ലോകത്തേയ്ക്ക് നയിക്കുന്നവർ.. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ.

നഴ്സിംഗ് ദ വേൾഡ് ടു ഹെൽത്ത് എന്നതാണ് ഈ വർഷത്തെ നഴ്സിംഗ് ദിനാഘോഷത്തിൻ്റെ തീം. ഇതിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് ലോകമെമ്പാടുമുള്ള നഴ്സിംഗ് സമൂഹം കാഴ്ച വയ്ക്കുന്നത്. കോവിഡ് ഫ്രണ്ട് ലൈനിൽ പോരാടിയ നിരവധി നഴ്സുമാർ നമ്മെ വിട്ടുപിരിഞ്ഞു. അദൃശ്യമായ ശത്രു ഒരു മരണദൂതനായി മുന്നിലുണ്ടെന്ന് അറിയുമ്പോഴും ആതുരശുശ്രൂഷയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഓരോ ജീവനും തിരിച്ചുപിടിക്കാൻ അവർ പരിശ്രമിച്ചു. പക്ഷേ അതിന് വിലയായി സ്വന്തം ജീവൻ നല്കിയ നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകങ്ങളാണിവർ.

ആയിരക്കണക്കിന് നഴ്സുമാർ കൊറോണ ബാധിച്ച് സെൽഫ് ഐസൊലേഷൻ്റെ ദു:ഖപൂർണമായ അവസ്ഥകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. ഉറ്റവരിൽ നിന്ന് അകന്ന് മണിക്കൂറുകൾ നീണ്ട ജോലിയിലെ സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന നഴ്സുമാർ ഈ ലോകത്തിൻ്റെ പരമോന്നത ബഹുമതികളാൽ അംഗീകരിക്കപ്പെടേണ്ടവരാണ്... ആദരമർഹിക്കുന്നവരാണ്.

യുദ്ധക്കളത്തിൽ ആയുധങ്ങളുമായി പോരിനിറങ്ങുന്ന പടയാളികൾ മരിച്ചു വീഴാം... അവരെ രാജ്യത്തിന് വേണ്ടി ജീവൻ നല്കിയ രക്തസാക്ഷികളെന്ന് ലോകം വാഴ്ത്തും. കൊറോണയെന്ന മഹാമാരിയെ നേരിടാൻ മുൻ നിരയിൽ അണിനിരന്ന നിരവധിയായ നഴ്സുമാർക്ക് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറ്സ് ലഭിച്ചില്ല എന്നുള്ളത് തികച്ചും പ്രതിഷേധാർഹമാണ്. സ്വയം പ്രതിരോധിക്കാനാകാതെ നിസഹായരായി രോഗത്തിനു കീഴടങ്ങേണ്ടി വന്നു അവർക്ക്. ഓരോ കുടുംബത്തിൻ്റെയും നട്ടെല്ലായിരുന്ന അവരുടെ വിടവാങ്ങൽ അതീവ ദു:ഖകരമാണ്. നഴ്സുമാർക്ക് വേണ്ട എല്ലാ ജോലി സാഹചര്യങ്ങളും ഒരുക്കാൻ എല്ലാ രാജ്യങ്ങളിലെയും അധികാരികൾക്കും കടമയുണ്ട്.

20 മില്യണിലേറെ ആളുകളാണ് നഴ്സിംഗ് രംഗത്ത് ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നത്. ലക്ഷക്കണക്കിന് മലയാളികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഹനീയമായ സേവനമാണ് ഈ രംഗത്ത് കാഴ്ച വയ്ക്കുന്നു. യുകെയിലും യൂറോപ്പിലും മിഡിൽ ഈസ്റ്റിലും മറ്റു പല രാജ്യങ്ങളിലും മലയാളികളായ നഴ്സുമാർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കോവിഡിൻ്റെ ഫ്രണ്ട് ലൈനിൽ മലയാളി നഴ്സുമാർ സേവനം ചെയ്യുന്നു. വിവിധ രാജ്യങ്ങളുടെ ആവശ്യപ്രകാരം നിരവധി മലയാളി നഴ്സുമാർ കൊറോണ രോഗികളെ പരിചരിക്കുവാൻ ധൈര്യപൂർവ്വം പുറപ്പെട്ടു കഴിഞ്ഞു.

ലോകത്തെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കുള്ള നന്ദിയും അഭിനന്ദനങ്ങളും ക്യാൻവാസിൽ പകർത്തി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളി കുട്ടികൾ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ അഭിവാദ്യമർപ്പിച്ചു. ഗ്ലോബൽ ന്യൂസ് പ്രീമിയർ ഒരുക്കിയ നഴ്സസിനുള്ള താങ്ക്സ് ഗിവിംഗിൽ നെവിൻ മനു, കെവിൻ മനു, ആൽവിൻ ജോസഫ്, മരിയ രാജു, റിയാ രാജു, ജോഷ്വാ ബിബിൻ, കൃപാ തങ്കച്ചൻ, റിയാ റിതേഷ്, നൈനാ റിതേഷ്, ജെസിക്ക റോമിൽസ്, തൻമയ തോമസ്, ആകാഷ് തോമസ്, സായൂജ് തോമസ്, ഡാനി ജിനോ സെബാസ്റ്റ്യൻ, നോയൽ ബോസ്, ഫ്രേയ ബോസ്, ഐഡൻ സെബി, ലിയാ ബിനോയി, ഗബ്രിയേല ബിനോയി, നടാഷ രാജേഷ്, അലീന ജോബോയ്, ടെസ്സാ ജോബോയ്, സോഫിയ ജോബോയ്, അലൻ ബിനു, ആൽബിൻ ബിനു, ഐറിൻ ബിനു, സാൻസിയ സാജു, ഷോൺ സാജു, ഷ്ളോമോ മാത്യു, കെംതാ മാത്യു, കെസിയ മാത്യു, ഹാനാ മരിയ ജൂലിയസ്, ജുവിൻ മരിയ ജൂലിയസ്, ദേവനന്ദ ബിബിരാജ്, ആൻവിക ബിബിരാജ്, മിഥുൻ കൃഷ്ണ, സമീക്ഷ സൻജേഷ്, സമിക് സൻജേഷ്, വീണ സോമനാഥ് എന്നീ കുട്ടികൾ പങ്കെടുത്തു.

നഴ്സിംഗ് സമൂഹത്തോട് യുവതലമുറയുടെ മനസിൽ നിറഞ്ഞ കൃതജ്ഞതയുടെ വാക്കുകൾ അവർ ചിത്രങ്ങളായി പകർത്തി. ഇവരിൽ മിക്കവരുടെയും മാതാപിതാക്കന്മാർ നഴ്സിംഗ് പ്രഫഷനിൽ ജോലി ചെയ്യുന്നവരാണ്. ഈ സ്നേഹപ്രവൃത്തിയിൽ പങ്കെടുത്ത എല്ലാ കുട്ടികളും അതിനായി അവർക്ക് പ്രോത്സാഹനം നല്കിയ കുടുംബാംഗങ്ങളും അഭിനന്ദനമർഹിക്കുന്നു. നിസ്വാർത്ഥ സേവനത്തിനിടയിൽ ഈ ലോകം വിട്ടുപോയ എല്ലാ നഴ്സുമാർക്കും ഗ്ലോബൽ ന്യൂസ് പ്രീമിയർ ആദരാജ്ഞലികൾ അർപ്പിക്കുന്നു. എല്ലാ നഴ്സുമാർക്കും നഴ്സസ് ദിനത്തിൻ്റെ ആശംസകൾ നേരുന്നു.

യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും 39 കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാം.

 

Other News