Wednesday, 22 January 2025

ഡിഗ്രി ക്ലാസ്സിൽ നിന്ന് നേഴ്സിംഗ് കരിയറിലേക്ക്.. എൻ്റെ മനസ്സിന് പൂമ്പാറ്റയുടെ ജീവിത ചക്രത്തിലെ പോലെ രൂപാന്തരീകരണം ഉണ്ടായ സമയം.. ലോകം മുഴുവനും ആദരവോടെ കാണുന്ന നേഴ്സിംഗ് ജോലി... നഴ്സായ ബോബി സോമനാഥ് എഴുതുന്നു

യുകെയിലെ ഹൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽസിലെ സ്റ്റാഫ് നഴ്സാണ് ബോബി സോമനാഥ്. ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണത്തിനും ചികിത്സയ്ക്കും അവസരമൊരുക്കുന്ന ജ്വാല എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ തൻ്റെ നഴ്സിംഗ് കരിയറിലെ അനുഭവങ്ങളും സമകാലീന ചിന്തകളും ബോബി സോമനാഥ് ഇവിടെ പങ്കു വയ്ക്കുന്നു.

ബോബി സോമനാഥ്
മനുഷ്യർ ഏറ്റവും നിസ്സഹായരായി തീർന്ന ഈ വർഷത്തെ മെയ് പന്ത്രണ്ടിന് മറ്റേതൊരു വർഷത്തേക്കാൾ ആദരവ് ഏറും. ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിലെ ഫ്ലോറൻസിൽ നൈറ്റിംങ്ങ് ഗെയിൽ എന്ന ധീരയായ ഇംഗ്ലിഷ് വനിത ജനിച്ച ദിവസം. നല്ല ചിന്തകയും സ്റ്റാറ്റിസ്റ്റിഷ്യനും ഷേക് സിപിയർ സാഹിത്യത്തിൽ നിപുണയും അതിലുപരി നേഴ്സിംഗ് അല്ലെങ്കിൽ ശുശ്രൂഷ എന്നത് ശാസ്ത്രീയമായ ഒരു കല കൂടിയാണെന്ന് ആധുനിക ലോകത്തിന് വേണ്ടി തെളിയിച്ച ഒരു മഹത് വ്യക്തിയാണ് അവർ!. ഈ കൊറോണ കാലഘട്ടത്തിൽ ലോകം മുഴുവൻ ആതുരശുശ്രൂഷകർക്ക് കൈയ്യടി നൽകുമ്പോൾ ടർക്കിയിലെ Scutari യിൽ 1854-1856 കാലഘട്ടത്തിൽ മുറിവേറ്റ Crimean സൈനികർക്ക് സൗഖ്യത്തിൻ്റെ വെളിച്ചമേകിയ മനുഷ്യസ്നേഹി. ജർമ്മനും ഫ്രഞ്ചും ഇംഗ്ലീഷും ലാറ്റിനും മനോഹരമായി സംസാരിക്കാൻ കഴിഞ്ഞിരുന്ന ഫ്ലോളറൻസ് ഇന്ന് ലോകം മുഴുവനുമുള്ള ആതുരശുശ്രൂഷകരുടെ പ്രചോദനമാണ്.

കൊവീഡ് കാലത്തെ ഈ നേഴ്സസ് ദിനം പലർക്കും ഓർമ്മകളുടെ ഒരു മടക്കയാത്ര കൂടിയാണ്. മനുഷ്യ ലോകത്തെ നിശ്ചലമാക്കിയ കോവീഡ് 19 എന്ന ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ച് ലോക ശക്തികൾ എന്നഹങ്കരിച്ചിരുന്ന രാജ്യങ്ങൾ വിറക്കുന്നു. എന്തുൽപ്പന്നങ്ങളും എളുപ്പം മാർക്കറ്റിൽ വിറ്റഴിക്കാൻ അറിയാവുന്ന ചൈനക്ക് 2020 ലും തെറ്റ് പറ്റിയില്ല.

ചൈനയിലെ വുഹാനിൽ നിന്നും പടർന്ന കൊവിഡ് 19 ലോകമൊട്ടാകെ വ്യാപിച്ചു. പല ലോകരാജ്യങ്ങളിലെയും കടകമ്പോളങ്ങൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുന്നു. നാമമാത്രമായി തുറന്നു കിടക്കുന്ന കടകളിലേക്ക് സാമൂഹ്യ അകലം ഉണ്ടെങ്കിൽ കൂടി മനുഷ്യർ പോകാൻ മടിക്കുന്നു.. ആവശ്യത്തിനും അല്ലാതെയും കടകളിൽ പോയിരുന്ന പലർക്കും മുള്ളൻപന്നിയുടെ സ്വഭാവും രൂപവുമുള്ള ഈ ഇത്തിരികുഞ്ഞൻ വൈറസിനെയാണ് ഇന്ന് കൂടുതൽ പേടി! ക്രിക്കറ്റ് മത്സരങ്ങളുടെ സ്കോർ അറിയാൻ കാത്തിരിക്കുന്നതു പോലെയാണ് ഓരോ രാജ്യങ്ങളുടെയും ഉയരുന്ന മരണ സംഖ്യ ജീവനിൽ പേടിയുള്ള ജനത വാർത്താ മാധ്യമങ്ങളിൽ നോക്കി കാണുന്നത്.. ചൊവ്വയിൽ വരെ സ്ഥലം മേടിക്കാൻ ആലോചിച്ചു തുടങ്ങിയിരുന്ന ധനികർ ലോകഷെയർ മാർക്കറ്റുകളുടെ കാര്യമേ ചിന്തിക്കുവാൻ പറ്റാതെ ഭൂമിയിലെ മന്ദിരങ്ങളിലെവിടെയോ ഈ സൂഷ്മാണുവിനെ പേടിച്ച് ഒളിച്ചിരിക്കുന്നു! ശൂന്യമായ ആരാധനാലയങ്ങളിലും നിശാക്ലബുകളിലും ഇരുന്ന് ഇൻ്റെർനെറ്റ് യുഗത്തിലെ ഈ മനുഷ്യരോട് ഡാർവ്വിൻ സൗഹൃദ ചർച്ചകൾക്ക് വീണ്ടും മുതിരുന്നുണ്ടോ?

ജനുവരി മുതൽ വളരെ വേഗത്തിൽ ലോകത്ത് വ്യാപിച്ച ഈ മഹാമാരിയെ നമ്മുടെ കൊച്ചു കേരളം വീണ്ടും വന്ന പ്രളയം പോലെ തന്നെ നേരിടുന്നു.. വളരെയധികം പരിമിതികൾക്കുള്ളിൽ നിന്ന് അഞ്ചപ്പം അയ്യായിരം പേർക്ക് എന്നതുപോലെ കേരളത്തെയും കേരളീയരെയും സംരക്ഷിക്കുന്ന കേരള പൊതുജനാരോഗ്യ വകുപ്പിൻ്റെയും ഗവൺമെൻ്റിൻ്റെയും ഉദാത്തമായ പ്രവർത്തനങ്ങൾ ലോകം മുഴുവനുമുള്ള മലയാളികൾക്ക് ആശ്വാസവും ഒപ്പം അഭിമാനവുമാണ്.

ഹീറോസിൻ്റെ കുപ്പായമണിയിച്ച് ലോകം നേഴ്സസിനെ ആദരിക്കുമ്പോൾ കാലഹരണപ്പെട്ട ചിന്തകളുമായി അവരെ ഒറ്റപ്പെടുത്തുന്ന ചില വ്യക്തികളുടെയോ സമൂഹത്തിൻ്റെയോ മാനസിക അവസ്ഥയോട് 'കഷ്ടം' എന്ന് പറയാനല്ലാതെ എന്ത് പറയാൻ !! കൊറോണ ബാധിച്ച് മരിച്ച ഡോക്ടറുടെ സഹപ്രവർത്തകർക്കും കുടുംബത്തിനും അദ്ദേഹത്തിൻ്റെ ശരീരം സംസ്കരിക്കാൻ ഇരുട്ടിൻ്റെ മറവ് തേടേണ്ടി വന്നെങ്കിൽ, ഇന്ത്യയിൽ വിദ്യാഭ്യാസത്തിൻ്റെ കുറവ് മാത്രമല്ല കാര്യം!

1996 ൽ നേഴ്സിംങ്ങ് പരിശീലന കാലത്ത് ഒപ്പം ജോലി ചെയ്തിരുന്ന മേരി കുഞ്ഞ് സിസ്റ്ററെ ഓർമ്മ വരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ തിരക്കുള്ള ഒരു സർജിക്കൽ വാർഡിൻ്റെ ഇൻ ചാർജ് ആയിരുന്നു അവർ. അൽപം പൊക്കം കുറഞ്ഞ് നരച്ച മുടിയുള്ള അധികം ഉറക്കെ സംസാരിക്കാത്ത അവർ സീനിയർ സർജൻമാർക്കും ഒരു നല്ല മാതൃകയായിരുന്നു. കളറുകളധികമില്ലാത്ത കോട്ടൺ സാരിയുടുത്ത് രാവിലെ ജോലിക്കെത്തുന്ന അവർ വെളുത്ത സാരിയിലേക്ക് മാറുന്നതു വരെ ആ വാർഡിലെ ട്രീറ്റ്മെൻ്റ് റൂം അടഞ്ഞ് കിടക്കും.. ഞങ്ങൾ ഓരോ ബാച്ചിലെയും സ്റ്റുഡൻ്റ്സ് ചേർന്ന ടീം ചെറിയ കൂണുകൾ പോലെ അന്നത്തെ (രാത്രിജോലിക്കാർ ഉൾപ്പെടെ) സിസ്റ്ററിൻ്റെ ടീം മീറ്റിംങ്ങിനായി കാത്തു നിൽക്കും.. ഒപ്പം രണ്ട് നിരയായിട്ടിരിക്കുന്ന കിടക്കകൾ ഉള്ള നീണ്ട ആ വാർഡിൽ വേദനിക്കുന്ന ഒരു പാട് രോഗികളും.. പാമ്പുകടിയേറ്റും പൊള്ളലേറ്റും വരുന്ന രോഗികളെ ചികിത്സിക്കുന്നതും ഈ വാർഡിനോട് ചേർന്ന മറ്റൊരു യൂണിറ്റിലായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഒരു രോഗിയുടെ കിടക്ക കരുകിൽ ചെന്നപ്പോൾ കരിഞ്ഞ മാംസത്തിൻ്റെയും അവരുടെ ദയനീയമായ കരച്ചിലും ചേർന്ന് ഭൂതത്താൻ കോട്ട പോലെ തോന്നിപ്പിച്ചു.. ആ ഇരുണ്ട യൂണിറ്റിൽ നിന്നും ഇറങ്ങി ഓടാൻ തോന്നി.. പരിശീലനത്തിൻ്റെ അദ്യ നാളുകളായിരുന്നു അത്.. പക്ഷേ മേരി കുഞ്ഞ് സിസ്റ്റർ ആ രോഗിക്ക് നൽകുന്ന പരിചരണങ്ങൾ കണ്ടു നിന്നപ്പോൾ കിട്ടിയ ധൈര്യം ശരീരത്തിൻ്റെ തളർച്ചയെ താങ്ങി നിർത്തി! ഡിഗ്രി ക്ലാസ്സിൽ നിന്ന് നേഴ്സിംഗ് എന്ന കരിയറിലേക്ക് എൻ്റെ മനസ്സിന് പൂമ്പാറ്റയുടെ ജീവിതചക്രത്തിലെ പോലെ രൂപാന്തരീകരണം ഉണ്ടായ സമയം! ചില അലമ്പൻ രോഗികളോടും അവരുടെ ബന്ധുക്കളോടുമുള്ള സിസ്റ്ററിൻ്റെ സമീപനം പലപ്പോഴും തികഞ്ഞ ഒരു നയതന്ത്രജ്ഞയെപ്പോലെയായിരുന്നു.

തിയറി ക്ലാസ്സിലിരുന്ന് പഠിച്ച അനാട്ടമിയും ഫിസിയോളജിയും സൈക്കോളജിയും ഫാർമക്കോളജിയും രോഗികളായ മനുഷ്യ ജീവനിൽ അതീവ ശ്രദ്ധയോടെ ഉപകരിക്കാൻ ഇവരെപ്പോലെയുള്ളവർ പകർന്നു തന്ന അറിവുകളും കാഴ്ചപ്പാടുകളും വളരെ വലുതാണ്. അൻപത് പേർ അടങ്ങിയതായിരുന്നു ഞങ്ങളുടെ ആ വർഷത്തെ ബാച്ച്. ഇന്നവർ ചന്ദ്രനിൽ മാത്രം പോയിട്ടില്ല.. പക്ഷേ ലോകത്തിൻ്റെ വിവിധ സ്ഥലത്ത് സ്പെഷ്യാലിറ്റി നേഴ്സസും നേഴ്സിംങ്ങ് ഗുരുക്കളും വീട്ടമ്മമാരും രാഷ്ട്രീയക്കാരും ബിസിനസുകാരും പല ആശുപത്രികളിലെയും കമ്മ്യൂണിറ്റികളിലെയും ഹീറോകളൊക്കെയായി പല കർമ്മപഥങ്ങളിൽ ജീവിക്കുന്നു.. 90 കളുടെ തുടക്കം മുതലായിരുന്നു പുരുഷൻമാർ നേഴ്സിംങ്ങ് കരിയറിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചു തുടങ്ങിയത്.. ലോകം മുഴുവനും ആദരവോടെ കാണുന്ന നേഴ്സിംങ്ങ് എന്ന ജോലി ചെയ്യാൻ ഇന്ന് ലോകം മുഴുവനും മലയാളികളുണ്ടെന്ന് പറയുമ്പോൾ, സ്നേഹവും ശുശ്രൂഷയുമാണ് കേരളം ലോകത്തിന് നൽകിയ സംഭാവനയെന്ന് കേരള മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ അഭിപ്രായപ്പെട്ടത് ഉറപ്പിക്കേണ്ടിയിരിക്കുന്നു.

നീണ്ട കാലത്തെ പ്രവൃത്തി പരിചയത്തിനിടയിൽ പല രാജ്യക്കാരും ഭാഷക്കാരുമായ ഒരു പാട് നല്ല നേഴ്സസിനെ പരിചയപ്പെടുവാൻ സാധിച്ചു. അവരെയെല്ലാം സ്നേഹാദരവോടെ ഇന്ന് ഓർക്കുന്നു.

ഒരു പാട് ജീവിതങ്ങൾ നഷ്ടമായ ഈ കൊറോണ കാലത്ത് സ്വന്തം സുരക്ഷിതത്വം പോലും മറന്ന് മറ്റുള്ളവരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്ന ഓരോ നേഴ്സിനും നേഴ്സസ് ദിനത്തിൻ്റെ ആശംസകൾ. ഒപ്പം ഈ മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരെയും നേഴ്സസിനെയും വേദനയോടെ ഓർക്കുന്നു..

 

Other News