Wednesday, 22 January 2025

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് മെയ് 19 ന് സ്പെഷ്യൽ ഫ്ളൈറ്റ് അനുവദിച്ചു. നിർണായകമായത് യുക്മ നേതൃത്വത്തിൻ്റെ ഇടപെടൽ

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് മെയ് 19 ന് സ്പെഷ്യൽ ഫ്ളൈറ്റ് അനുവദിച്ചു. യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കായി ആറ് എയർപോർട്ടുകളിലേയ്ക്ക് എയർ ഇന്ത്യ നേരത്തെ സർവീസ് നടത്തിയിരുന്നു. ഇതിൽ കേരളത്തിലെ ഒരു എയർപോർട്ടും ഉൾപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് യുക്മ ദേശീയ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയും ജനറൽ സെക്രട്ടറി അലക്സ് വർഗീസും കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരന് നിവേദനം നൽകിയിരുന്നു. ഒരു ഫ്ളൈറ്റാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് മെയ് 19 ചൊവ്വാഴ്ച ലണ്ടനിൽ നിന്ന് ഉച്ചയ്ക്ക് 1.15 ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും.

യുകെയിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾക്കും ഇവിടെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയവരുമടക്കം നിരവധി പേർക്ക് നാട്ടിലെത്താൻ ഈ ഫ്ളൈറ്റ് പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ എയർ ഇന്ത്യയുടെ കൂടുതൽ ഫ്ളൈറ്റുകൾ കേരളത്തിലേയ്ക്ക് അനുവദിക്കണമെന്ന് യുക്മ ദേശീയ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കും.



മുതിർന്നവർ, ഗർഭിണികൾ, മെഡിക്കൽ എമർജൻസിയുള്ളവർ, ഉറ്റവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ എന്നിവർക്കാണ് യാത്രയ്ക്ക് മുൻഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് എയർ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പേയ്മെൻ്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിൽ മെഡിക്കൽ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയർ ഇന്ത്യാ എല്ലാ യാത്രക്കാർക്കും മാസ്കും ഗ്ലൗസും നല്കും.

ഇന്ത്യയിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ വീണ്ടും മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സെറ്റു ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം യാത്രക്കാർ എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത കാരൻറിനിനായി ഹോസ്പിറ്റലുകളിലേയ്ക്കോ, മറ്റു സ്ഥാപനങ്ങളിലേയ്ക്കോ പേയ്മെൻ്റ് അടിസ്ഥാനത്തിൽ ഓരോ സ്റ്റേറ്റ് ഗവൺമെൻ്റും മാറ്റും. 14 ദിവസങ്ങൾക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

യാത്രയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഫേസ് ബുക്ക് ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ട്വിറ്റർ ലിങ്ക്

ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ വെബ് സൈറ്റ് ലിങ്ക്

Other News