ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ തുറക്കാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് ടീച്ചേഴ്സ് യൂണിയനുകൾ. ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമെന്ന് മുന്നറിയിപ്പ്
ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ തുറക്കാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് ടീച്ചേഴ്സ് യൂണിയനുകൾ സംയുക്തമായി ആവശ്യപ്പെട്ടു. ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അലയൻസ് ഓഫ് സ്കൂൾ ടീച്ചേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിയനുകൾ ഇക്കാര്യത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ജൂൺ 1 മുതൽ റിസപ്ഷൻ, ഇയർ 1, ഇയർ 6 ക്ലാസുകൾ പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച അറിയിച്ചിരുന്നു.
സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എന്ത് സയൻ്റിഫിക് അഡ്വൈസിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് കൊറോണ ട്രാൻസ്മിഷൻ നിരക്ക് കുറവാണെന്നതിന് വിശ്വസനീയമായ രേഖകളൊന്നുമില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ്റെ ചീഫ് സയൻറിഫിക് അഡ്വൈസർ ഒസാമാ റഹ്മാൻ പാർലമെൻ്റിൻ്റെ സയൻറിഫിക് ആൻഡ് ടെക്നോളജി കമ്മിറ്റിയ്ക്കു മുന്നിൽ പരാമർശവും നടത്തിയിരുന്നു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സേഫ്റ്റി അസസ്മെൻ്റിൽ താൻ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ, നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് ഉൾപ്പെടെ ഒൻപത് യൂണിയനുകൾ ഹാഫ് ടേമിന് ശേഷം ഘട്ടം ഘട്ടമായി ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.