കോവിഡ് ആൻ്റിബോഡി ടെസ്റ്റിന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് അംഗീകാരം. ടെസ്റ്റ് 100 ശതമാനം വിജയകരം. ആദ്യം ലഭ്യമാകുന്നത് എൻഎച്ച്എസ്, സോഷ്യൽ കെയർ സ്റ്റാഫുകൾക്ക്
കോവിഡ് ബാധിച്ചിരുന്നോ എന്ന് അറിയാനുള്ള ആൻ്റി ബോഡി ടെസ്റ്റിന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് അംഗീകാരം നല്കി. സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോഷ് വികസിപ്പിച്ചെടുത്ത ആൻറിബോഡി ടെസ്റ്റ് ഫലപ്രദമാണെന്ന് പോർട്ടോൺ ഡൗൺ ലാബിലെ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് വിദഗ്ദർ വ്യക്തമാക്കി. ബ്ളഡ് സാമ്പിളിൽ നടത്തുന്ന ഈ ടെസ്റ്റിൽ ഒരാൾക്ക് കൊറോണ ബാധിച്ചതു മൂലം ശരീരത്തിൽ ഉണ്ടായ ആൻ്റി ബോഡിയുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. കൊറോണ രോഗത്തിൻ നിന്ന് സുഖം പ്രാപിച്ച ആളുകളിൽ റോഷ് ആൻറി ബോഡി ടെസ്റ്റ് 100 ശതമാനം കൃത്യതയാണ് കാണിച്ചത്. രോഗം ബാധിക്കാത്ത ആളുകളിൽ ഈ ടെസ്റ്റ് 99.8 ശതമാനവും വിജയകരമായിരുന്നു. അതായത് ആയിരം പേരിൽ ടെസ്റ്റ് നടത്തിയാൽ ശരാശരി രണ്ടു റിസൽട്ടുകൾ മാത്രമേ തെറ്റായി ലഭിക്കുകയുള്ളൂ.
റോഷ് ആൻറി ബോഡി ടെസ്റ്റ് ആദ്യം ലഭ്യമാകുന്നത് എൻഎച്ച്എസ്, സോഷ്യൽ കെയർ സ്റ്റാഫുകൾക്ക് ആയിരിക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ എഡ്വാർഡ് ആഗർ അറിയിച്ചു. എന്നാൽ എന്നു മുതലാണ് ഇവ ആരംഭിക്കുകയെന്ന് വ്യക്തമല്ല. റോഷ് ആൻറി ബോഡി ടെസ്റ്റ് യൂറോപ്യൻ യൂണിയൻ്റെയും യുഎസിൻ്റെയും മെഡിക്കൽ റെഗുലേറ്റർമാരും അപ്രൂവ് ചെയ്തിട്ടുണ്ട്.
ശരീരത്തിൽ ആൻ്റിബോഡി ഉണ്ടെങ്കിൽ അത് കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നും ഭാവി ഇൻഫെക്ഷനിൽ നിന്നും സംരക്ഷണം നല്കുമെന്നും കരുതുന്നു. റോഷ് ആൻറി ബോഡി ടെസ്റ്റ് വഴി രോഗം ബാധിച്ചിരുന്നുവെന്ന് കണ്ടെത്തുന്നവർക്ക് ഹോസ്പിറ്റൽ, കെയർ ഹോം അന്തരീക്ഷത്തിലെ ജോലികളിലേയ്ക്ക് മടങ്ങാൻ സാധിക്കും.
കൊറോണ ഇൻഫെക്ഷൻ ആരംഭിച്ചതിന് 14 ദിവസത്തിന് ശേഷം മാത്രമേ രോഗികളിൽ റോഷ് ആൻറി ബോഡി ടെസ്റ്റ് നടത്തുകയുള്ളൂ. ക്ലിനിക്കിലോ ഹോസ്പിറ്റലിലോ വച്ച് ബ്ളഡ് സാമ്പിൾ ഇതിനായി കളക്ട് ചെയ്ത് ലാബിലേയ്ക്ക് അയയ്ക്കും. ലാബിൽ ഒരു ടെസ്റ്റിൻ്റെ റിസൾട്ട് ലഭിക്കാൻ 18 മിനുട്ട് മാത്രം സമയം മതിയാകും.