Monday, 23 December 2024

യുകെയിൽ കൊറോണ ഇൻഫെക്ഷൻ റേറ്റ് കൂടുന്നതായി സൂചന. റീപ്രൊഡക്ഷൻ നമ്പർ 0.7 നും ഒന്നിനും ഇടയിൽ. ലോക്ക് ഡൗണിൽ ഇളവു വരുത്താനുള്ള നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാം

യുകെയിൽ കൊറോണ ഇൻഫെക്ഷൻ റേറ്റ് ആശാസ്യമല്ലാത്ത രീതിയിൽ കൂടുന്നതായി സൂചന. റീപ്രൊഡക്ഷൻ നമ്പർ 0.7 നും ഒന്നിനും ഇടയിൽ ആണെന്ന സയൻ്റിഫിക് അഡ് വൈസ് ഗവൺമെൻ്റിന് ലഭിച്ചു. റീപ്രൊഡക്ഷൻ നമ്പർ ഒന്നിന് താഴെയെങ്കിൽ മാത്രമേ കൊറോണ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. കെയർ ഹോമുകളിലും ഹോസ്പിറ്റലുകളിലും കൊറോണ വ്യാപന നിരക്ക് ഉയർന്നതുമൂലമാണ് റീപ്രൊഡക്ഷൻ നമ്പർ വർദ്ധിച്ചതെന്ന് കരുതുന്നു. കൊറോണ ബാധിച്ച ഒരാൾ ശരാശരി എത്ര പേർക്ക് രോഗം പടർത്തുന്ന എന്നതിനെയാണ് റീപ്രൊഡക്ഷൻ നമ്പർ ആയി കണക്കാക്കുന്നത്. റീപ്രൊഡക്ഷൻ നമ്പർ 2 ആന്നെങ്കിൽ 10 കൊറോണ രോഗികൾ 20 പേരിലേയ്ക്ക് ഇൻഫെക്ഷൻ പരത്തും. എന്നാൽ റീപ്രൊഡക്ഷൻ നമ്പർ 0.5 എങ്കിൽ 10 പേർ രോഗം 5 പേരിലേയ്ക്കു മാത്രമേ നൽകുകയുള്ളൂ. യുകെയിൽ 0.5 നും 0.9 നും ഇടയിലായിരുന്ന റീപ്രൊഡക്ഷൻ നമ്പരാണ് സാവധാനം ഉയരുന്നതായി സൂചന ലഭിച്ചത്. ലോക്ക് ഡൗണിൽ ഇളവു വരുത്താനുള്ള നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ ഇൻഫെക്ഷനുകളുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണ്. എന്നാൽ കുറയുന്നതിൻ്റെ നിരക്കിൽ നേരത്തെയുള്ള വേഗത ഇപ്പോഴില്ല.

ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ടു. മരിച്ചവരിൽ നാലിലൊന്നും ഡയബറ്റിസുള്ളവർ ആണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. മാർച്ച് 31ന് ശേഷം മരിച്ച 22,332 പേരിൽ 5,873 (26 ശതമാനം) പേർ ഡയബറ്റിസ് ബാധിതരായിരുന്നു. ഡിമൻഷ്യ, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവരും കൊറോണ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടും. യുകെ ജനസംഖ്യയുടെ ആറു ശതമാനത്തിന് ഡയബറ്റിക് പ്രശ്നമുണ്ട്. കോവിഡ് മൂലം മരിച്ചവരിൽ 4,048 (18 ശതമാനം) പേർ ഡിമൻഷ്യ ഉള്ളവരായിരുന്നു. 3,254 (15%) ക്രോണിക് പൾമോണറി കണ്ടീഷൻ ഉള്ളവരും. ക്രോണിക് കിഡ്നി രോഗികളായ 3,214 (14%) പേർ കൊറോണ ബാധിച്ച് മരണമടഞ്ഞു.

ഇംഗ്ലണ്ടിൽ 11,000 പേരിൽ നടത്തിയ സർവേ അനുസരിച്ച് 400 ൽ ഒരാൾക്ക് വൈറസ് ഇൻഫെക്ഷൻ ഉണ്ടായതായി കണക്കാക്കുന്നു. ഇതുവരെ 148,000 പേർക്ക് ഇംഗ്ലണ്ടിൽ കൊറോണ ഇൻഫെക്ഷൻ ഉണ്ടായതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ജനസംഖ്യയുടെ 0.27% വരും. 11,000 പേരെ സർവേയിൽ ടെസ്റ്റ് ചെയ്തപ്പോൾ 33 പേർക്ക് ഇൻഫെക്ഷൻ കണ്ടെത്തി. സർവേയിൽ ഉൾപ്പെടുത്തിയ 5,000 കുടുംബങ്ങളിൽ ഒന്നും ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടേതായിരുന്നില്ല. കെയർ സെക്ടറിൽ ഇൻഫെക്ഷൻ നിരക്ക് കൂടുതലാണ്.
 

Other News