Thursday, 07 November 2024

സ്കൂൾ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊറോണ വൈറസ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ

ജൂൺ ഒന്നു മുതൽ സ്കൂൾ തുറക്കാനുള്ള ഗവൺമെൻ്റ് നിർദ്ദേശത്തിനെതിരെ ശക്തമായ വിമർശനമുയർന്നതിനെ തുടർന്ന് പ്രശ്നത്തിൽ ചിൽഡ്രൻസ് കമ്മീഷണർ ഇടപെട്ടു. ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താതെ ക്ലാസുകൾ ആരംഭിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ടീച്ചേഴ്സ് യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഗവൺമെൻ്റും ടീച്ചേഴ്സ് യൂണിയനുകളും സമവായത്തിൻ്റെ മാർഗം സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷണർ നിർദ്ദേശിച്ചു. റിസപ്ഷൻ, ഇയർ 1, ഇയർ 6 ക്ലാസുകൾ പുനരാരംഭിക്കാനാണ് ഗവൺമെൻ്റ് പദ്ധതിയിടുന്നത്.

സ്കൂൾ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊറോണ വൈറസ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായാൽ ഇതിനു സൗകര്യമൊരുക്കും. സ്കൂൾ തുറക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന ടീച്ചേഴ്സ് യൂണിയൻ്റെ ആവശ്യത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും പിന്തുണച്ചിരുന്നു. യുകെയിൽ കൊറോണ ഇൻഫെക്ഷൻ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് വൈറസ് ടെസ്റ്റ് ഓഫറുമായി ഗാവിൻ വില്യംസൺ രംഗത്തെത്തിയത്.

Other News