Thursday, 07 November 2024

യുകെ പോർട്ടുകളിൽ കസ്റ്റംസ് ചെക്കിംഗിനു തയ്യാറെടുപ്പുകൾ തുടങ്ങി. ചരക്കുകൾ വലിയ പോർട്ടുകളിലൂടെ വഴി തിരിച്ചു വിടും.

Premier News Desk UK

ബെക് സിറ്റ് വിത് ഡ്രാവൽ ഡീലിന്റെ ഭാഗമായിട്ടുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ആരംഭിച്ചു. നിലവിലെ ധാരണയനുസരിച്ച് 2020 ജനുവരി 31 ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയന് പുറത്തു വരും. എന്നാൽ ഡിസംബർ 12ന് നടക്കുന്ന ഇലക്ഷൻ റിസൽട്ട് ഇക്കാര്യത്തിൽ നിർണായകമാകും. ബ്രെക്സിറ്റ് നടപ്പാക്കാൻ പാർലമെന്റിൽ ഭൂരിപക്ഷം നേടാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇലക്ഷൻ പ്രഖ്യാപിച്ചത്. നിലവിലെ അഭിപ്രായ വോട്ടെടുപ്പുകളിൽ കൺസർവേറ്റീവ് പാർട്ടിക്ക് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും ലേബർ പാർട്ടി നില മെച്ചപ്പെടുത്തിട്ടുണ്ട്. വീണ്ടും ഒരു തൂക്കുപാർലമെൻറ് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബോറിസ് ജോൺസണെ ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് പുറത്താക്കാൻ ആവശ്യമെങ്കിൽ ലേബർ പാർട്ടിയെ പിന്തുണയ്ക്കുമെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്പിൽ നിന്നും നോർത്തേൺ അയർലണ്ട് വഴിയുള്ള ചരക്കുനീക്കം നിരീക്ഷിക്കാൻ കസ്റ്റംസ് പോസ്റ്റുകൾ സജ്ജമാക്കാൻ യൂറോപ്യൻ യൂണിയൻ നടപടി തുടങ്ങി. ചരക്കുകൾ വലിയ പോർട്ടുകൾ വഴി തിരിച്ചുവിടാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. കസ്റ്റംസ് ചെക്കിംഗിനുള്ള സൗകര്യം ലഭ്യമാക്കാനാണിത്. ഹെൽത്ത് മോണിറ്ററിംഗ്, ഫുഡ് ചെക്കിംഗ് എന്നിവയ്ക്കായി പോപ് അപ് ലാബുകൾ, മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ എന്നിവ ഒരുക്കുന്നുണ്ട്. പോർട്ട്, ഷിപ്പിംഗ് ഒഫീഷ്യലുകൾ തമ്മിലുള്ള ആദ്യ മീറ്റിംഗ് ഈ മാസം നടക്കും.

ലിവർപൂളിൽ നിലവിൽ ബോർഡർ ഇൻസ്പെക്ഷൻ പോയിന്റ് ഉണ്ട്. സ്ട്രാൻററിലേയ്ക്ക് സമീപ പോർട്ടുകളിലെ ഷിപ്പുകൾ തിരിച്ചുവിടും. കൂടുതൽ ചരക്കുകൾ കൈകാര്യം ചെയ്യുന്നതു മൂലം ഈ പോർട്ട് പരിധിയിൽ ട്രക്ക് ട്രാഫിക് വർദ്ധിക്കും.
 

Other News