ഒരു മണിക്കൂറിൽ റിസൾട്ട് നല്കുന്ന കോവിഡ് ഹോം ടെസ്റ്റ് കിറ്റുകൾക്ക് അംഗീകാരം. വില 40 പൗണ്ട്. ആഴ്ചകൾക്കുള്ളിൽ ലഭ്യമാകും
ഒരു മണിക്കൂറിൽ റിസൾട്ട് നല്കുന്ന കോവിഡ് ഹോം ടെസ്റ്റ് കിറ്റുകൾക്ക് ക്ലിനിക്കൽ ഉപയോഗത്തിന് അംഗീകാരം ലഭിച്ചു. ഇതിൻ്റെ വില 40 പൗണ്ട് ആണ്. കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ലണ്ടൻ ഇംപീരിയൽ കോളജിലെ ക്രിസ് റ്റുമാസാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഈ ഡിഎൻഎ നഡ്ജ് ടെസ്റ്റ് ഉപയോഗിക്കാൻ പ്രത്യേക വൈദഗ്ദ്യം ആവശ്യമില്ല. മൂക്കിൽ നിന്നുള്ള സാമ്പിൾ ഉപയോഗിച്ചാണ് വൈറസ് ഇൻഫെക്ഷൻ ഉണ്ടോയെന്ന് കണ്ടെത്തുന്നത്.
ലണ്ടനിലെ ഹോസ്പിറ്റലുകളിൽ 500 രോഗികളിൽ ഈ ടെസ്റ്റിൻ്റെ ട്രയൽ വിജയകരമായി നടന്നു. ഹെൽത്ത് കെയർ പ്രോഡക്ട് റെഗുലേറ്ററി ഏജൻസി ഇതിന് അപ്രൂവൽ നല്കിക്കഴിഞ്ഞു. ഒരു മാസം ഒരു മില്യൺ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആയിരക്കണക്കിന് ഡിഎൻഎ നഡ്ജ് ടെസ്റ്റ് കിറ്റുകൾ യുകെയിലെ ഹോസ്പിറ്റലുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ഗവൺമെൻ്റ് മാർച്ചിൽ ആദ്യഘട്ടത്തിൽ 10,000 കിറ്റുകൾ വാങ്ങിയിരുന്നു. അതിനു ശേഷം 70,000 കിറ്റുകൾക്കു കൂടി ഓർഡർ നല്കിയിരുന്നു. നോസ്ട്രിൽ സ്വാബ് എടുത്തതിനു ശേഷം ഹാൻഡ് ഹെൽഡ് റീഡറിൽ വച്ചു കഴിഞ്ഞ് 75 മിനിട്ടിൽ റിസൾട്ട് ലഭിക്കുമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. ലബോറട്ടറി ടെസ്റ്റിലെ 48 മണിക്കൂർ വെയിറ്റിംഗ് ഇതുമൂലം ഒഴിവാക്കാൻ കഴിയും. റൈബോ ന്യൂക്ലിക് ആസിഡ് അനലൈസ് ചെയ്താണ് ഈ കിറ്റുകൾ വൈറസിനെ കണ്ടെത്തുന്നത്.