ആമസോൺ നദിയും ഇംഗ്ലണ്ടിലെ ബ്ളു ബെൽ പുഷ്പങ്ങളും.. അറിവിൻ്റെ അക്ഷയഖനിയിലെ രത്നങ്ങളുമായി അഞ്ജു കൃഷ്ണൻ. ലളിതമായ അവതരണ ശൈലിയിലൂടെ യൂട്യൂബിൽ ശ്രദ്ധേയയായി വേക്ക്ഫീൽഡിലെ ടീച്ചർ
ബിനോയി ജോസഫ്
അറിവ് ലോകത്തിൻ്റെ വെളിച്ചമാണ്. ചെറിയ വിജ്ഞാന ശകലങ്ങളിലൂടെയും നമുക്ക് മനസുകളെ ദീപ്തമാക്കാൻ കഴിയും. വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് പ്രശസ്തമായ ഗ്രന്ഥങ്ങളും സൃഷ്ടികളും രചിച്ചവർ നിരവധിയാണ്. നമ്മുടെ ജീവിതത്തിലെ നേർക്കാഴ്ചയിൽ വരുന്ന നിരവധി സാഹചര്യങ്ങൾക്കും വസ്തുതകൾക്കും അതിൻ്റേതായ കഥ പറയാനുണ്ട്. അത് ഒരാൾ പറയുന്നതു വരെ അവ രഹസ്യമായി അവശേഷിക്കും. വിജ്ഞാനകുതുകിയായ ഒരാൾ അവ ലോകത്തോട് വിളിച്ചു പറഞ്ഞാലും കാലത്തിൻ്റെ പ്രയാണത്തിൽ അവ വിസ്മൃതിയിലാവും. ഇതിനേക്കുറിച്ച് കൗതുകത്തോടെ ജിജ്ഞാസുവായ ഒരാൾ ഓർമ്മപ്പെടുത്തുമ്പോൾ അതൊക്കെ പുതുതലമുറയുടെയിടയിൽ അറിവായി പുനർജനിക്കുന്നു.
ടീച്ചറായ അഞ്ജു കൃഷ്ണൻ അറിവിൻ്റെ ലോകത്തെ അന്വേഷകയാകുകയാണ്. നമുക്ക് നിസാരമെന്ന് തോന്നാവുന്ന അറിവുകളുടെ രഹസ്യാത്മകതയിലേക്ക് ഉൾക്കാഴ്ച നല്കുന്ന രീതിയാണ് യോർക്ക് ഷയറിലെ വേക്ക്ഫീൽഡിൽ നിന്നുള്ള അഞ്ജു അവലംബിക്കുന്നത്. തൻ്റെ യുട്യൂബ് ചാനലിലൂടെ കൊച്ചുകൊച്ചറിവുകൾ പരിചയപ്പെടുത്തുന്ന അഞ്ജു ലളിതമായ ശൈലിയിലാണ് ഇത് അവതരിപ്പിക്കുന്നത്.
ഇംഗ്ലണ്ടിൽ കാണപ്പെടുന്ന ബ്ളു ബെൽ പുഷ്പങ്ങളുടെ കഥയുമായി തുടങ്ങിയ ചാനൽ വിവിധ മേഖലകളിലെ വിജ്ഞാനത്തിൻ്റെ നുറുങ്ങുകളുമായി മുന്നേറുകയാണ്. ലോക്ക് ഡൗൺ കാലത്ത് ലഭിച്ച സമയങ്ങളിൽ തൻ്റെ അറിവുകൾ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോൾ ലഭിച്ച പ്രചോദനമാണ് അഞ്ജുവിനെ സോഷ്യൽ മീഡിയയിലൂടെ ഇവ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. കുട്ടിക്കാലം മുതൽ തന്നെ താൻ സന്ദർശിക്കുന്നിടങ്ങളിൽ നിന്ന് കല്ലുകൾ ശേഖരിച്ചിരുന്ന അഞ്ജു അവയിലൂടെ സ്ഥലങ്ങളുടെ കഥകൾ പറയുന്ന കല്ലുകൾ കഥ പറയുമെന്ന ഒരു സീരിസും ചെയ്യുന്നുണ്ട്.
ചിത്രരചനയിലും താത്പര്യമുള്ള അഞ്ജു താൻ ശേഖരിച്ച കല്ലുകളിൽ അവയുമായി ബന്ധപ്പെട്ട ചരിത്രം ചിത്രങ്ങളിലൂടെ ആലേഖനം ചെയ്തു വയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി യുട്യൂബിൽ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിൽ പ്രതിപാദിക്കുന്നത് ആമസോൺ നദിയെക്കുറിച്ചും ആ പേര് എങ്ങനെ ലഭിച്ചുവെന്ന ചരിത്ര വസ്തുകളിലേയ്ക്കുമാണ്. അറിവിൻ്റെ അക്ഷയഖനിയിലെ രത്നങ്ങളുമായി പ്രയാണം തുടരുകയാണ് അഞ്ജു കൃഷ്ണൻ.