വൈദിക ശ്രേഷ്ഠന് വിട... ഡോ.ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചന്റെ ഭൗതീകശരീരം കബറടക്കി
ഷിബു ജേക്കബ്, പിആർഒ
യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം മെയ് 30 ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി.
ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 7.30 നു അച്ചനുവേണ്ടി റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിമിതമായ സാഹചര്യങ്ങളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ റോംഫോർഡിൽ നിന്ന് വിലാപയാത്രയായി വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടു കൂടി 8.30 മണിക്ക് പള്ളിയിയങ്കണത്തിൽ അച്ചന്റെ ഭൗതീകശരീരം എത്തിചേർന്നു.
ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും, യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചും യാക്കോബായ സുറിയാനി സഭയിലെ വൈദീകർ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ഭദ്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ: ഗീവര്ഗീസ് തണ്ടായത്ത്, ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ ഊന്നുകല്ലിങ്കൽ കൂടാതെ സഭയിലെ മറ്റു പുരോഹിതന്മാരായ റെവ.ഫാ: എൽദോസ് കൗങ്ങമ്പിള്ളിൽ, റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ, റെവ.ഫാ: സിജു കൗങ്ങമ്പിള്ളിൽ ,റെവ.ഫാ: പീറ്റർ കുര്യാക്കോസ്, റെവ.ഫാ: ഫിലിപ്പ് തോമസ്, റെവ.ഫാ: ഏലിയാസ് പോൾ എന്നിവർ ചേർന്ന് കബറടക്ക ശുശ്രുഷകൾ പൂർത്തീകരിച്ച് ഭൗതീകശരീരം പരിശുദ്ധ മദ്ബഹായോട് വിടചൊല്ലുകയുണ്ടായി.
തുടർന്ന് 11.00 നു യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിലേക്ക് ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു.1.30 നു ഡറിങ്ട്ടൻ സെമിത്തേരിയിൽ അച്ചന്റെ ഇടവകയായ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങളും ,മറ്റു സഭ വിശ്വാസികളും അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. ഡറിങ്ട്ടൻ ചാപ്പലിൽ എത്തിയവർക്കെല്ലാം അതിനുള്ള അവസരം ഉണ്ടായി. വർത്തിങ് വെസ്റ്റ് എം.പി ബഹു: പീറ്റർ ബോട്ടോമിലീ ചാപ്പലിൽ എത്തി അനുശോചിച്ചു. അച്ചൻ ജോലി ചെയ്തിരുന്ന പോർട്സ്മൗത്ത് വർത്തിങ് ഹോസ്പിറ്റൽ ചാപ്ലിൻ, ചീഫ് ഓഫ് എക്സിക്യൂട്ടീവ് മരിയൻ ഗ്രിഫിത്സ് ,ചീഫ് ഓഫ് നഴ്സിംഗ് ഡോ മാഗി ഡേവിസ് കൂടാതെ N.H.S സീനിയർ മാനേജര്സ് അടക്കം നിരവധിയാളുകൾ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമാനസിന്റെ കല്പന ഭദ്രാസന സെക്രട്ടറി റെവ.ഫ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ വായിക്കുകയുണ്ടായി. യാക്കോബായ സഭയ്ക്കും യുകെ റീജിയനും ഉണ്ടായ നഷ്ടം വിലമതിക്കാനവാത്തതായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കല്പനയിൽ പ്രതിപാദിച്ചു.
ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ കൗൺസിലിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും, അച്ചന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതരായിരിക്കുന്ന സഹധർമ്മിണി ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ, യുകെയിലുള്ള സഹോദരൻ ഡിജി, നാട്ടിലുള്ള മാതാവ്, സഹോദരി ,സഹോദരന്മാർ ,കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും, സഭയ്‌ക്കുള്ള കരുതലും സ്നേഹവും എന്നും കുടുംബത്തിനോടൊപ്പം ഉണ്ടാവുമെന്നും ഭദ്രാസന സെക്രട്ടറി പ്രസ്താവിച്ചു.
ഈ വിഷമ ഘട്ടത്തിൽ ഭദ്രാസനത്തോടൊപ്പം നിന്ന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ സഭ മേലധ്യക്ഷന്മാരോടും ,വൈദീകരോടും , കൗൺസിൽ മെമ്പർമാരോടും, വിശ്വാസസമൂഹത്തോടും,അനുശോചനം രേഖപ്പെടുത്തിയ മറ്റു മതമേലധ്യക്ഷന്മാരോടും,സമൂഹത്തിന്റെ നാനാ വിഭാഗത്തിൽ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചടങ്ങിൽ സംബന്ധിച്ച ആളുകളോടും ഭദ്രാസനത്തിന്റെ പേരിൽ നന്ദിയും കൃതജ്ഞതയും സെക്രട്ടറി രേഖപ്പെടുത്തുകയുണ്ടായി.
വൈകുന്നേരം 4.00 മണിയോടെ സെമിത്തേരിയിയിൽ കബറടക്കം പൂർത്തീകരിച്ചു ചടങ്ങുകൾ സമാപിച്ചു.