Monday, 23 December 2024

യുക്മ Y6 ചലഞ്ച് 2020;  ഗ്രാമർ-സ്വകാര്യ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മലയാളി കുട്ടികൾക്കായി മത്സര പരീക്ഷകൾ...  

സജീഷ് ടോം

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)  

ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങൾക്ക് തികച്ചും അപരിചിതമോ അല്ലെങ്കിൽ അപ്രാപ്യമോ ആയിരുന്നു  ഗ്രാമർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തിൽ ഇത്തരം കാഴ്ചപ്പാടുകൾ പ്രകടമായ രീതിയിൽ  ഉണ്ടായിരുന്നില്ല. 2010 കാലഘട്ടത്തോടുകൂടിയാണ് പ്രധാനമായും യു.കെയിലെ മലയാളി സമൂഹത്തിൽ ഗ്രാമർ സ്കൂൾ,  പ്രൈവറ്റ് സ്കൂൾ പ്രവേശനത്തിന് തങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കണമെന്ന ഗൗരവകരമായ ചിന്ത ഉടലെടുത്ത് തുടങ്ങിയത്.

ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം വിദ്യാർത്ഥികളെ സമർത്ഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയിൽ വിഖ്യാതമാണ് യു.കെയിലെ ഗ്രാമർ സ്കൂൾ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഉന്നത ശ്രേണികളിൽ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചെടുക്കാനും ഗ്രാമർ സ്കൂൾ വിദ്യാഭാസത്തിന് കഴിയുന്നു. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെയാണ് മലയാളികൾ തങ്ങളുടെ കുട്ടികളെ ധാരാളമായി ഗ്രാമർസ്കൂൾ പ്രവേശനത്തിന് ചിട്ടയായി ഒരുക്കുന്നതും. 

2021 ലെ ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യുക്മ ജൂൺ മാസത്തിൽ  രണ്ട് സൗജന്യ ഓൺലൈൻ പരിശീലന പരീക്ഷകൾ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾ ഉൾപ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകൾ വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിലും റീജിയണൽ തലങ്ങളിലും വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് യുക്മ സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നൽകുന്നതാണ്.

ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ മാർക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാർക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാൻ ഇത് സഹായകരമായിരിക്കും. 

സൗജന്യ മത്സര പരീക്ഷകൾക്ക് മുന്നോടിയായി മാതാപിതാക്കൾക്കായി ഒരു വെബ് മീറ്റിംഗ് സംഘടിപ്പിക്കുന്നതാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു. ജൂൺ ആറാംതീയതി ശനിയാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ

 www.uukma11plus.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടർ വേവ്സ് ന്റെ ബിജു ആർ പിള്ളയാണ് വെബ് സെമിനാർ നയിക്കുന്നത്. മലയാളമനോരമ ഹൊറൈസൺ വെബ് സെമിനാർ പോലുള്ള നിരവധി ശ്രദ്ധേയമായ പരിപാടികൾ നിയന്ത്രിച്ചിട്ടുള്ള പരിശീലകനാണ് ബിജു ആർ പിള്ള.  

തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയിൽ പങ്കെടുക്കുന്നതിന് എല്ലാവരും പരമാവധി ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യർത്ഥിച്ചു.

Other News