ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിംഗ് വീക്കെൻഡിൽ ഒഴിവാക്കി. കൊറോണ അലർട്ട് ലെവൽ നാലിൽ നിന്ന് താഴ്ത്താനുള്ള നീക്കം ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വീറ്റോ ചെയ്തതായി വെളിപ്പെടുത്തൽ
ബ്രിട്ടണിലെ കൊറോണ അലർട്ട് ലെവൽ നാലിൽ നിന്ന് താഴ്ത്താനുള്ള ഗവൺമെൻ്റിൻ്റെ ശ്രമം വീറ്റോചെയ്തത് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയാണെന്ന് വെളിപ്പെടുത്തൽ. അലർട്ട് ലെവൽ മൂന്നിലേയ്ക്ക് താഴ്ത്താനുള്ള നിർദ്ദേശം അദ്ദേഹം അംഗീകരിച്ചില്ല. ഡൗണിംഗ് സ്ട്രീറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്ക് ഡൗണിൽ നിരവധി ഇളവുകൾ ഗവൺമെൻ്റ് പ്രഖ്യാപിച്ചെങ്കിലും അലർട്ട് ലെവൽ മൂന്നിലേയ്ക്കുള്ള ട്രാൻസിഷൻ പീരിയഡിലാണെന്ന വിശദീകരണമാണ് ഗവൺമെൻ്റ് നല്കിയത്. ജൂൺ ഒന്ന് മുതൽ പ്രൈമറി സ്കൂൾ ഭാഗികമായി തുറക്കാനും ജനങ്ങൾക്ക് പാർക്കുകളിലും ഗാർഡനുകളിലും നിയന്ത്രണങ്ങളോടെ ഒന്നിച്ചു ചേരുന്നതിനും അനുവാദം നല്കിയിരുന്നു.
ഗവൺമെൻ്റിൻ്റെ പുതിയ ജോയിൻറ് ബയോ സെക്യൂരിറ്റി സെൻ്ററിൻ്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസർ ക്രിസ് വിറ്റി അലർട്ട് ലെവൽ മാറ്റത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത്. ദിവസേന നടത്തുന്ന ഡൗണിംഗ് സ്ട്രീറ്റിലെ ന്യൂസ് ബ്രീഫിംഗ് ആഴ്ചയിൽ ഇനി മുതൽ അഞ്ച് ദിവസമേ ഉണ്ടാവുകയുള്ളൂ. ശനി, ഞായർ ദിവസങ്ങളിലെ ബ്രീഫിംഗ് ഒഴിവാക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരുദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രീഫിംഗ് നയിക്കും.