2007 ൽ അപ്രത്യക്ഷയായ ബ്രിട്ടീഷ് പെൺകുട്ടി മാഡലീൻ്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 43 വയസുള്ള ജർമ്മൻകാരനെ ഐഡൻ്റിഫൈ ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ്
മൂന്നു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി മാഡലീൻ മക് കാൻ്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 43 വയസുള്ള ജർമ്മൻകാരനെന്ന് ഐഡൻ്റിഫൈ ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ് വ്യക്തമാക്കി. 2007 മെയ് മൂന്നാം തിയതിയാണ് പോർച്ചുഗലിലെ പ്രയാ ഡാ ലുസിൽ വച്ച് മാഡലീൻ അപ്രത്യക്ഷയായത്. പതിമൂന്നു വർഷങ്ങൾക്കു ശേഷം കേസിൽ ഉണ്ടായ വൻ വഴിത്തിരിവാണ് ഇതെന്ന് ഡിറ്റക്ടീവുകൾ കരുതുന്നു. പോലീസ് സംശയിക്കുന്നയാൾ ഇപ്പോൾ ജർമ്മനിയിലെ ജയിലിൽ തടവുകാരനാണ്. മാഡലീനെ കാണാതായ ദിവസങ്ങളിൽ ഇയാൾ ആ പ്രദേശത്ത് കാമ്പർവാനിൽ താമസിച്ചിരുന്നു.
മാതാപിതാക്കളായ ജെറി മക്കാനും കേറ്റിനുമൊപ്പം ഹോളിഡേ ഹോമിൽ കഴിയുമ്പോഴാണ് മാഡലിൻ അപ്രത്യക്ഷയായത്. മാഡലീനെ കാണാതായ സമയത്തിന് ഒരു മണിക്കൂർ മുൻപ് അര മണിക്കൂർ നീണ്ട ഒരു ഫോൺ കോൾ സംശയിക്കുന്നയാളുടെ ഫോണിലേയ്ക്ക് വന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കാണപ്പെട്ട ജർമൻ നമ്പർ പ്ളേറ്റുള്ള ഒരു കാറുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സ്കോട്ട്ലൻഡ് യാർഡ് കരുതുന്നു. 12 മില്യൺ പൗണ്ടോളം മാഡലിൻ കേസിൻ്റെ അന്വേഷണത്തിനായി സ്കോട്ട്ലൻഡ് യാർഡ് ഇതുവരെ ചെലവാക്കിയിട്ടുണ്ട്. ബ്രിട്ടണിലും ലോകമെമ്പാടും വൻ മാദ്ധ്യമശ്രദ്ധ നേടിയ കേസായിരുന്നു മാഡലിൻ്റെ തിരോധാനം.