സ്റ്റാൻസ് ഫ്ളേവേഴ്സ് കുക്കിംഗ് ചലഞ്ചിലെ വിജയികൾ ഇവർ. കപ്പ് ഓഫ് എക്സലൻസ് നേടിയത് ബിർമ്മിങ്ങാമിലെ വെൽക്കി രാജീവ്. പ്രസൻ്റേഷനിൽ ഗ്ലോസ്റ്ററിലെ രാജി അനീഷ് വിന്നറായി
ബിനോയി ജോസഫ്
സ്റ്റാൻസ് ഫ്ളേവേഴ്സ് നടത്തിയ കുക്കിംഗ് ചലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. 'ബെറ്റർ ഡേയ്സ് എഹെഡ്' എന്ന തീമിൽ ഒരുക്കിയ മത്സരത്തിൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ തരത്തിലുള്ള രുചിയേറിയ വിഭവങ്ങൾ തങ്ങളുടേതായ ശൈലിയിൽ മനോഹരമായി അണിയിച്ചൊരുക്കിയ മത്സരാർത്ഥികൾ വ്യത്യസ്തമായ പ്രസൻ്റേഷനിലൂടെ രുചിക്കൂട്ടുകൾക്ക് തിളക്കം നല്കി. ഗ്രൂപ്പ് ഓൾറൗണ്ടറായി കപ്പ് ഓഫ് എക്സലൻസ് കരസ്ഥമാക്കിയത് ബിർമ്മിങ്ങാമിൽ നഴ്സായി ജോലി ചെയ്യുന്ന വെൽക്കി രാജീവാണ്. മെഷീൻ ആൻഡ് ഹാൻഡ് എംബ്രോയിഡറിയിൽ തത്പരയായ വെൽക്കി രാജീവ് ഡിസൈനിംഗിലും ശ്രദ്ധിക്കാറുണ്ട്. ജോലിയുടെ ഇടവേളകളിൽ കുക്കിംഗിലൂടെ തൻ്റെ അഭിരുചികൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് വെൽക്കി പറഞ്ഞു.
പ്രസൻ്റേഷൻ ആൻഡ് പ്ളേറ്റിംഗിനുള്ള പ്രൈസ് രാജി അനീഷിനാണ് ലഭിച്ചത്. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ഗ്ലോസ്റ്റർഷയറിൽ താമസിക്കുന്ന രാജി പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ബോട്ടിൽ ആർട്ടും പേപ്പർ ഫ്ളവേഴ്സും ചെയ്യാറുണ്ട്. കൂടാതെ അമ്മ രുചിയെന്ന കുക്കിംഗ് ചാനലിലും പ്രവർത്തിക്കുന്നുണ്ട്.
ക്രിയേറ്റീവ് ഫുഡ് ആർട്ടിൽ ശ്രീകുമാർ വരകിലും ഫുഡ് ഫിലിമിംഗിൽ പൊന്നി ഷാലുവും ബെസ്റ്റ് ബിവറേജ് വിഭാഗത്തിൽ ജയ്സൺ ലോറൻസും ഡെസേർട്ട് ചാമ്പ്യനാന്മാരായി അൻസുമോൾ പി. രാജീവും രഞ്ജിനി അഭിലാഷും തെരഞ്ഞെടുക്കപ്പെട്ടു.
ക്ലാസി നോൺ വെജിറ്റേറിയൻ കാറ്റഗറിയിൽ സൗമ്യ പ്രദീപും യമ്മി വെജ് ഡിഷിൽ ഭാവ്നാ നാഗ്പാലും ബെസ്റ്റ് സ്നാക്കിൽ അദീൽ അഫ്രിദിയും വിജയികളായി. ബിസി ബീകളായി ഷാനി ദീപക്, ബേബി ടി തോമസ്, അജി പ്രദീഷ്, ഷെബി തോട്ടുങ്ങൽ, രാജി നായർ എന്നിവർ പുരസ്കാരം നേടി. ചെയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സിൽ ആയിരം മെമ്പർഷിപ്പ് തികച്ച അഖിലേഷ് അഖിയും സമ്മാനം നേടി.
കേറ്ററിംഗ് രംഗത്തും വീഡിയോ ഫോട്ടോഗ്രഫിയിലും ഇവൻ്റ് മാനേജ്മെൻ്റിലും യുകെയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഡെർബിയിലെ സ്റ്റാൻലി തോമസും കുടുംബവുമാണ് ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് പ്രവാസ ലോകത്തിന് സമ്മാനിച്ചത്. പോസിറ്റീവ് എനർജി മറ്റുള്ളവരിലേയ്ക്ക് പങ്കുവയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ സ്റ്റാൻലി തോമസ് - എൽസി സ്റ്റാൻലി ദമ്പതികളോടൊപ്പം എല്ലാ പിന്തുണയുമായി മക്കളായ കുശാൽ സ്റ്റാൻലി, ഐറിൻ കുശാൽ, സ്വീൻ മരിയ സ്റ്റാൻലി, സുസൈൻ എലീസാ സ്റ്റാൻലി പിന്നെ കൊച്ചുമകൾ ഐറിസും ഉണ്ട്.
ചേയ്സ് - സ്റ്റാൻസ് ഫ്ളേവേഴ്സിൻ്റെ ഫേസ്ബുക്ക് പേജ്
ലോക്ക് ഡൗൺ മൂലം മാസങ്ങളോളമായി വീടുകളിൽ തന്നെ കഴിയേണ്ടി വന്നതിൻ്റെ വിരസതയകറ്റാൻ പാചകത്തിൻ്റെ മേഖലയിൽ മുൻപരിചയമുള്ള സ്റ്റാൻലി തോമസും കുടുംബവും മുന്നോട്ട് വന്നപ്പോഴാണ് ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സ് ഫേസ് ബുക്ക് പേജിന് യുകെയിൽ തുടക്കം കുറിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജനകീയമായി മാറിയ ഈ ഫേസ്ബുക്ക് പേജിൽ നിരവധി പേരാണ് തങ്ങളുടെ കുക്കിംഗ് ഡിഷുകൾ പോസ്റ്റ് ചെയ്യുന്നത്. എല്ലാ ദിവസങ്ങളിലും തങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് ഫേസ് ബുക്ക് ലൈവിൽ പുതിയ പാചകങ്ങൾ പരിചയപ്പെടുത്തുകയാണ് ചേയ്സ് സ്റ്റാൻസ് ഫ്ളേവേഴ്സിപ്പോൾ. ലൈവിൽ സംവദിക്കാനുള്ള രുചിയേറിയ അവസരത്തിലൂടെ കൊറോണക്കാലത്തിൻ്റെ സമ്മർദ്ദത്തിൽ നിന്ന് അല്പമെങ്കിലും ഇളവ് ലഭിക്കുമെങ്കിൽ അത് തികച്ചും സന്തോഷം പകരുന്നതാണെന്ന് സ്റ്റാൻസ് ഫാമിലി പറയുന്നു.