M6 മോട്ടോർ വേയിൽ 'ബ്ളാക്ക് ലൈവ്സ് മാറ്റർ' പ്രക്ഷോഭകരിറങ്ങി. പോലീസ് മോട്ടോർ വേ അടച്ചു
നൂറിലേറെപ്പേർ M6 മോട്ടോർ വേയിൽ ബ്ളാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യവുമായി പ്രകടനം നടത്തിയതിനെത്തുടർന്ന് പോലീസ് അടിയന്തിരമായി മോട്ടോർ വേ അടച്ചു. കവൻട്രിയ്ക്കടുത്ത് സൗത്ത് ബൗണ്ട് കാരിയേജ് വേയിലാണ് സംഭവം ഉണ്ടായത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് മോട്ടോർ വേ തടസപ്പെടുത്തിയത്. ജംഗ്ഷൻ 3 ഭാഗത്ത് പോലീസ് ഹെലികോപ്ടർ ഇതേത്തുടർന്ന് വിന്യസിച്ചിരുന്നു. പ്രകടനം നടത്തിയർ ട്രാഫിക് കോണുകൾ ഉപയോഗിച്ച് പോലീസ് എത്തുന്നതിന് മുൻപ് തന്നെ ട്രാഫിക് ബ്ലോക്ക് ചെയ്തിരുന്നു.
70 മൈൽ സ്പീഡിലുള്ള ട്രാഫിക്കിലേയ്ക്ക് പ്രക്ഷോഭകർ നടക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് ചിലർ മോട്ടോർ വേയിലിരുന്നു. റോഡ് ബ്ളോക്ക് ഇതേത്തുടർന്ന് ജംഗ്ഷൻ രണ്ടു വരെ നീണ്ടു. ഇത്തരമൊരു പ്രക്ഷോഭത്തേക്കുറിച്ച് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല.