Thursday, 07 November 2024

ബ്രിട്ടണിൽ ലോക്ക് ഡൗൺ ഒരാഴ്ച നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണസംഖ്യ 20,000 ത്തോളം കുറയ്ക്കാമായിരുന്നെന്ന് മുൻ ഗവൺമെൻ്റ് അഡ്വൈസർ

ബ്രിട്ടണിലെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിയായ തീരുമാനമായിരുന്നെങ്കിലും അവ നടപ്പാക്കിയത് വേണ്ട സമയത്താണോയെന്ന കാര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് മുൻ ഗവൺമെൻ്റ് അഡ്വൈസറും ലണ്ടൻ ഇംപീരിയൽ കോളജ് പ്രൊഫസറുമായ നീൽ ഫെർഗൂസൺ അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ ഒരാഴ്ച നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണസംഖ്യ ഏകദേശം 20,000 ത്തോളം കുറയ്ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തൊട്ടുമുൻപത്തെ ദിനങ്ങളിൽ ഇൻഫെക്ഷൻ്റെ എണ്ണം 3 - 4 ദിവസം കൊണ്ട് ഇരട്ടിക്കുന്ന സ്ഥിതിയിൽ എത്തിച്ചേർന്നിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹൗസ് ഓഫ് കോമൺസിൻ്റെ സയൻസ് കമ്മിറ്റിയിലെ എം.പിമാരുടെ മുൻപിലാണ് നീൽ ഫെർഗൂസൺ ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈറസ് എത്ര മാരകമാന്നെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെയർ ഹോമുകളിൽ ഇത്രയും മരണങ്ങൾ ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് നീൽ ഫെർഗൂസൺ വ്യക്തമാക്കി. ഇവർക്ക് ഷീൽഡിംഗ് ഉണ്ടാവുമെന്ന നിഗമനത്തിലാണ് യുകെയിലെ മരണസംഖ്യ 20,000 ത്തോട് അടുത്തായിരിക്കുമെന്ന് മാർച്ചിൽ എസ്റ്റിമേറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സയൻ്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എമർജൻസീസിൻ്റെ മെമ്പറായിരുന്നു പ്രഫസർ നീൽ ഫെർഗൂസൺ. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
 

Other News