Thursday, 07 November 2024

ലോക്ക് ഡൗണിലും ഊർജസ്വലതയോടെ ഡെർബി മലയാളികൾ... അസോസിയേഷൻ ഓൺലൈനായി... ഷെഡ്യൂൾ ചെയ്തത് 10 മത്സരങ്ങൾ... വിജയികളാകുന്നത് 90 പേർ

അതിജീവനത്തിൻ്റെ ദിനങ്ങളിൽ മലയാളി സമൂഹങ്ങൾക്ക് മാതൃകയായി ഡെർബിയിലെ മലയാളി അസോസിയേഷൻ അതിൻ്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. മൂന്നു മാസത്തോളം ലോക്ക് ഡൗൺ മൂലം നേരിൽ കാണാൻ പോലും സാധിക്കാത്ത സ്ഥിതിയിൽ കഴിയേണ്ട അവസ്ഥയിൽ നിന്നും മനസിനെ വിമുക്തമാക്കി ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് നയിക്കാനുള്ള ഉറച്ച തീരുമാനമാണ് ഡെർബി അസോസിയേഷൻ എടുത്തത്. അതിനെ രണ്ടും കൈയും നീട്ടി അസോസിയേഷൻ അംഗങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ അത് ഒരു വിസ്മയമായി മാറിക്കഴിഞ്ഞു.

സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പങ്കാളിത്തമാണ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് മത്സരങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബാംഗങ്ങൾ ഒന്നിച്ച് പങ്കെടുക്കുന്നതിൻ്റെ ത്രില്ലും അംഗങ്ങൾ മറച്ചുവയ്ക്കുന്നില്ല. ഇതു വരെ അഞ്ച് ഓൺലൈൻ മത്സരങ്ങൾ നടന്നു കഴിഞ്ഞു. റിസൾട്ട് വന്നാലുടൻ തന്നെ സമ്മാനങ്ങൾ വിജയികൾക്ക് എത്തിച്ചു കൊടുക്കും. അസോസിയേഷൻ പ്രസിഡൻ്റ് ഷിബു രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ അനിൽ ജോർജ്, ബിജോ ജേക്കബ്, സിജു ദേവസി, ജിനീഷ് തോമസ് എന്നിവരടങ്ങുന്ന കോർഡിനേഷൻ ടീമാണ് ഫൺ ചലഞ്ച് ഗെയിം ഒരുക്കുന്നത്.

മത്സരത്തിൻ്റെ വിധി നിർണയം നടത്തുന്നത് യുകെയിലെ കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് ജഡ്ജ്മാരാണ്. ജൂൺ ഒന്നിന് അടിക്കുറിപ്പ് മത്സരത്തോടെയാണ് ചലഞ്ചിന് തുടക്കം കുറിച്ചത്. തുടർന്ന് എൻഎച്ച്എസ് ഹീറോകൾക്ക് അനുമോദനമർപ്പിക്കുന്ന പ്രസംഗ മത്സരം, ടിക് ടോക്ക് കോമഡി വീഡിയോ, വാട്ട്സ്ആപ്പ് ക്വിസ്, ഫാമിലി സോങ്ങ് എന്നിവയിൽ മത്സരം നടന്നു. കുട്ടികൾക്കുള്ള പിക്ചർ കളറിംഗ് മത്സരം ഈ വീക്കെൻഡിൽ നടന്നുകൊണ്ടിരിക്കുന്നു. ഫ്രീഡം മോർട്ട്ഗേജസ് ആൻഡ് ഇൻഷുറൻസ് ലിമിറ്റഡാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് അസോസിയേഷൻ പതിവിലും സജീവമായതിൻ്റെ സന്തോഷത്തിലാണ് അംഗങ്ങൾ.

Other News