ആത്മീയ ദൗത്യം പൂർത്തിയാക്കി കടന്നുപോയ പുരോഹിതനായി... കണ്ണുനീർ പൊഴിക്കാൻ ആരുണ്ട്? ആ ഹൃദയവേദന സംഗീതത്തിലൂടെ അവതരിപ്പിച്ച് ബ്രിട്ടണിലെ യോർക്ക് ഷയറിൽ നിന്നും ഒരുഗാനം
ബിനോയി ജോസഫ്
തിരുസഭയുടെ അജഗണത്തെ നയിയ്ക്കുന്നതിനായി നിയോഗിക്കപ്പെടുന്ന പുരോഹിതൻ ഒരു നാൾ താൻ ദിവ്യബലിയർപ്പിച്ച ആ മദ്ബഹയോട് വിട ചൊല്ലും. സഹവൈദികർ വഹിക്കുന്ന പുഷ്പാലംകൃതമായ മഞ്ചത്തിൽ വിശുദ്ധ തിരുവോസ്തിയും കാസയും കൈയിലേന്തി അൾത്താരയോട് അന്ത്യവിട നല്കി ദൈവാലയത്തിൻ്റെ വിശുദ്ധ ചുമരുകളെ ചുംബിച്ച്, പ്രാർത്ഥനയോടെ നില്ക്കുന്ന വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി യാത്രയാകുമ്പോൾ സഭാ സമൂഹത്തിൻ്റെ ഗദ്ഗദത്തോടെയുള്ള വിടവാങ്ങുന്നേൻ ദൈവാലത്തിൽ സ്വർഗത്തേരിലേറുന്ന പുരോഹിത ശ്രേഷ്ഠന് യാത്രാ മൊഴി നല്കും. തൻ്റെ കുടുംബത്തെയും ഭൗതിക ജീവിതത്തെയും ത്യജിച്ച് സഭയിൽ ക്രിസ്തുവിൻ്റെ പ്രതിപുരുഷനാകാൻ പ്രതിജ്ഞ ചെയ്യുന്ന വൈദികൻ തൻ്റെ ദൗത്യം പൂർത്തിയാക്കി ആത്മീയ ഗുരുവിൻ്റെ സന്നിധിയിലേയ്ക്ക് യാത്രയാകുമ്പോൾ ദു:ഖം ഉള്ളിലൊതുക്കി സഹവൈദികരും കുടുംബാംഗങ്ങളും അവിടെ സന്നിഹിതരായിരിക്കും.
ആത്മീയതയുടെയും ഏകാന്തതയുടെയും ലോകത്ത് തൻ്റെ കർത്തവ്യങ്ങളിൽ വ്യാപൃതനായിരിക്കുന്ന ഓരോ സന്യാസ ശ്രേഷ്ഠൻ്റെയും ജീവിതം തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണ്. ഒരു സഹപ്രവർത്തകൻ വിടവാങ്ങുമ്പോൾ ഉണ്ടാകുന്ന ആത്മദു:ഖത്തിൽ നിന്ന് വൈദിക സമൂഹം പ്രാർത്ഥനയിലൂടെ ആശ്വാസം നേടുന്നു. അൾത്താരയിലെ മെഴുകുതിരി പോലെ ഉരുകിത്തീർന്ന് സ്വർഗീയ നാഥൻ്റെ ചാരത്തേയ്ക്ക് യാത്രയാകുന്ന പുരോഹിതൻ്റെ യാത്രാമൊഴിയെ സംഗീതത്തിൻ്റെ വീചികളിലൂടെ ലോകത്തിനു സമർപ്പിക്കുകയാണ് യാത്രാമൊഴി എന്ന പുതിയ ഗാനം. ബ്രിട്ടണിലെ യോർക്ക് ഷയറിൽ താമസിക്കുന്ന ഷിബു മാത്യുവാണ് ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത്. തികച്ചും വ്യത്യസ്തമായ ഒരു ചിന്ത ലളിതമായ രചനയിലൂടെ സഭയ്ക്ക് സമർപ്പിക്കുകയാണ് ഷിബു ചെയ്തിരിക്കുന്നത്.
അഭിവന്ദ്യ ഇടുക്കി ബിഷപ്പ് മാർ മാത്യുആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ മരണാനന്തര ശുശ്രൂഷകൾക്ക് നേതൃത്വം നല്കിയ സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷനായ മാർ ആലഞ്ചേരി പിതാവിൻ്റെ കണ്ണ് നിറയുന്നത് എനിക്ക് കാണുവാൻ സാധിച്ചു. ആ സംഭവം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഒരു മനുഷ്യായുസ്സ് മുഴുവനും സ്വയം സമർപ്പിച്ച് ആദ്ധാത്മിക ശുശ്രൂഷകളും കൂദാശകളും നൽകി ഒരു സമൂഹത്തെ ആദ്ധ്യാത്മികതയിൽ വളർത്തി വലുതാക്കിയ ഒരു പുരോഹിത ശ്രേഷ്ഠൻ ഈ ഭൂമിയിൽ നിന്ന് കടന്നു പോകുന്നത് അധികമാരാലും ശ്രദ്ധിക്കപ്പെടാറില്ല. അവർക്കായി ഇത്തിരി കണ്ണീർ പൊഴിക്കാനോ ശേഷക്രിയ ചെയ്യാനോ സാധാരണ ആരും ഉണ്ടാകാറുമില്ല. പുരോഹിതർ ചെയ്ത ആദ്ധ്യാത്മിക ശുശ്രൂഷയുടെ ഫലം അനുഭവിച്ചവർ പോലും അവരെ ഓർക്കണമെന്നുമില്ല. ഗാന രചനാ രംഗത്ത് പുതിയ ചുവടുകൾ വയ്ക്കുന്ന ഷിബു മാത്യു പറയുന്നു. ബ്രിട്ടണിലെ സീറോ മലബാർ എപ്പാർക്കിയിലടക്കമുള്ള വൈദിക സമൂഹത്തോട് എന്നും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. തൻ്റെ മനസിൽ തോന്നിയ ചിന്തകൾ ഗാനശകലങ്ങളാക്കി വിശ്വാസ സമൂഹത്തിലേയ്ക്ക് എത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാര്യ റീന, മക്കളായ അലൻ, റോസ എന്നിവരോടൊപ്പം കീത്തലിയിൽ താമസിക്കുന്ന ഷിബു പറഞ്ഞു.
വൈദികരുടെ ആദ്ധ്യാത്മിക ജീവിതം പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചങ്ങനാശേരി അതിരൂപത യുവദീപ്തി ഡയറക്ടറായ ജേക്കബ് ചക്കാത്തറയച്ചനാണ്. ആത്മീയ ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് അച്ചൻ ഗാനരചയിതാവുമാണ്. തിരുവോസ്തിയായ് അൾത്താരയിലണയുമീശോയെ എന്ന ഗാനത്തിലൂടെ പ്രശസ്തനായ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ള ജോജി കോട്ടയമാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചങ്ങനാശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് പെരുംന്തോട്ടം പിതാവും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയുടെ അദ്ധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവും ഈ ഗാനത്തിന് ആശംസകൾ അർപ്പിച്ചിരിക്കുന്നു.
യാത്രാമൊഴി ഗാനം ശ്രവിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക