Friday, 06 September 2024

ഫ്ളൈറ്റ് ബുക്കിംഗ് റീഫണ്ട് ആവശ്യപ്പെട്ട് യുകെയിലെ മലയാളികളും. അനുകൂല തീരുമാനമെടുക്കണമെന്ന് ജോസ് കെ മാണി എം.പി കേന്ദ്ര ഗവൺമെൻ്റിനോട് അഭ്യർത്ഥിച്ചു. സുപ്രീം കോടതിയും ഇടപെടുന്നു

കോവിഡ് ക്രൈസിസുമായി ബന്ധപ്പെട്ട ലോക്ക് ഡൗൺ മൂലം ഫ്ളൈറ്റ് ഷെഡ്യൂളുകൾ റദ്ദായതിനെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പ്രവാസി മലയാളികൾ ടിക്കറ്റ് തുക റീഫണ്ട് കാര്യത്തിൽ അനുയോജ്യമായ തീരുമാനമെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമുള്ള ലക്ഷക്കണക്കിന് പ്രവാസികളാണ് റീഫണ്ടിനായി ശ്രമിക്കുന്നത്. യുകെയിൽ നിന്ന് ടിക്കറ്റ് എടുത്തിരുന്നവർക്ക് ഏജൻസികളും എയർലൈനുകളും റീഫണ്ടോ അതല്ലങ്കിൽ ഒരു വർഷത്തെ ഓപ്പൺ ടിക്കറ്റോ ഓഫർ ചെയ്യുമ്പോൾ നാട്ടിൽ നിന്ന് ടിക്കറ്റെടുക്കുന്നവർക്ക് ഈ സൗകര്യങ്ങൾ ലഭ്യമാകുന്നില്ല.

കൊറോണ വൈറസ് സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത വർഷം ഏപ്രിൽ വരെയെങ്കിലും യാത്ര നടക്കാത്ത സ്ഥിതി തുടരുമെന്ന ആശങ്കയിലാണ് പ്രവാസികളിൽ പലരും. നാട്ടിൽ നിന്ന് ടിക്കറ്റ് റീഫണ്ട് ലഭ്യമാകാത്തതും ഒരു വർഷത്തെ ഓപ്പൺ ടിക്കറ്റ് നല്കുന്നതും ഗുണകരമല്ലെന്ന് പ്രവാസികൾ പരാതിയുന്നയിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹേവാർഡ്സ് ഹീത്തിൽ നിന്നും ജിജോ അരയത്തും സട്ടണിൽ നിന്നും അഭിലാഷ് അഗസ്റ്റിനും ജോസ് കെ മാണി എം.പിയ്ക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനം നല്കിയിരുന്നു. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് ജോസ് കെ മാണി അഭ്യർത്ഥിച്ചിട്ടുണ്ട്.



ഇതിനിടെ സുപ്രീം കോടതി ഇക്കാര്യത്തിൽ ഇടപെട്ടത് പ്രവാസികൾക്ക് ആശ പകർന്നിട്ടുണ്ട്. ഓപ്പൺ ടിക്കറ്റ് സൗകര്യം രണ്ടു വർഷത്തേയ്ക്ക് നീട്ടുന്ന കാര്യത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രതികരണത്തിനായി സുപ്രീം കോടതി മൂന്നാഴ്ച സമയം നല്കിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ കേന്ദ്ര ഗവൺമെൻ്റ് അനുകൂലമായ നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ

Other News