ഇന്ത്യാ - ചൈനാ അതിർത്തി തർക്കം രൂക്ഷം. ലഡാക്കിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ഇന്ത്യാ-ചൈന ബന്ധം വഷളാക്കിക്കൊണ്ട് ലഡാക്കിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടി. ഇന്ത്യയുടെ 20 തോളം സൈനികർ വീരമൃത്യു വരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഏതാനും സൈനികരെ കാണാതായിട്ടുണ്ടെന്നറിയുന്നു. കഴിഞ്ഞ 45 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യാ- ചൈനാ അതിർത്തിയിൽ ജീവാപായത്തിലേയ്ക്കു നയിച്ച സംഭവം ഉണ്ടാകുന്നത്. മൂന്നു സൈനികർ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഇന്ത്യൻ മിലിട്ടറി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സൈനികർ മരിച്ചതോടെ ചൊവ്വാഴ്ച ഇന്ത്യൻ സൈഡിൽ മരണസംഖ്യ ഉയർന്നു. ഏറ്റുമുട്ടൽ നടന്ന ഗൽവാൻ ഏരിയയിൽ പൂജ്യത്തിന് താഴെയാണ് താപനില. ഒരു ഇന്ത്യൻ കമാൻഡറും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലൈൻ ഓഫ് കൺട്രോളിലെ നിലവിലെ സ്ഥിതിഗതികൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായും മൂന്നു സേനാ മേധാവികളുമായുള്ള മീറ്റിംഗിൽ വിലയിരുത്തി.
ചൈനയുടെ ഭാഗത്തും ആളപായമുണ്ടായതാണ് റിപ്പോർട്ടുകൾ. 43 ഓളം പേർക്ക് പരിക്കുണ്ടായതായി കരുതുന്നു. എത്ര പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണമില്ല. രണ്ടു തവണ ഇന്ത്യ അതിർത്തി ലംഘിച്ചതായി ചൈനാ ആരോപിച്ചു.