Monday, 23 December 2024

ഗ്ലോസ്റ്ററിലെ മലയാളികൾ ഒരുമിച്ചപ്പോൾ കേരളത്തിലുയർന്നത് അഞ്ച് ഭവനങ്ങൾ. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് അഭയമൊരുക്കിയ സൽപ്രവൃത്തിയ്ക്ക് ബക്കിംഗാം പാലസിൻ്റെ ആദരം

കേരള ജനതയെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ഗ്ലോസ്റ്ററിലെ മലയാളി സമൂഹം അഞ്ച് ഭവനങ്ങളൊരുക്കി താക്കോൽ കൈമാറി. ഒത്തൊരുമയോടെ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ നേതൃത്വവും യുക്മയും ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിച്ചപ്പോൾ ഗ്ലോസ്റ്ററിലെ ലോക്കൽ കമ്യൂണിറ്റിയുടെ അകമഴിഞ്ഞ സഹകരണവും ലഭിച്ചു. എല്ലാവർഷവും കെങ്കേമമായി നടത്താറുള്ള ഓണാഘോഷം പോലും മാറ്റിവച്ചാണ് സംഘടന കേരളത്തിനൊരു കൈത്താങ്ങാകാൻ ഫണ്ട് റെയിസിംഗിന് തീരുമാനമെടുത്തത്. വിനോദ് മാണി, ജിൽസ് പോൾ, വിൻസൻ്റ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മറ്റി എടുത്ത സുപ്രധാന തീരുമാനങ്ങൾക്ക് പിന്നിൽ അസോസിയേഷൻ അംഗങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ ഗ്ലോസ്റ്റർഷെയറിലുള്ള എല്ലാ കുടുംബങ്ങളും ചേർന്ന് സ്വരുക്കൂട്ടിയത് ഏകദേശം10000 പൗണ്ടായിരുന്നു.

തുടർന്ന് സംഘടന മുന്നോട്ട് വച്ച ജീവകാരുണ്യ പ്രവൃത്തി അസോസിയേഷൻ മെമ്പർമാർ അവരവരുടെ ജോലി സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. പലയിടങ്ങളിലും സ്നാക്ക്, കേക്ക് ഫെസ്റ്റിവലുകൾ നടത്തി സംഭാവനകൾ സ്വീകരിച്ചു. ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ, ഹിന്ദു സംഘടനകൾ എന്നിവരും കളക്ഷനിൽ സന്തോഷപൂർവ്വം സഹകരിച്ചു. ക്രിക്കറ്റ് ക്ലബ്, കടകൾ, സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള സ്ഥലങ്ങളിൽ നിന്നും സഹായം ലഭിച്ചു.

പിന്നീട് ഒരു പടി കൂടി കടന്ന് ഗ്ലോസ്റ്റർ, ചെൽറ്റൻഹാം കൗൺസിലിൻ്റെ അനുമതിയോടെ ഗ്ലോസ്റ്റ്ർഷെയറിലുള്ള മലയാളികൾ പ്രായഭേദ്യമെന്യേ തെരുവിലിറങ്ങി പൊതു ജനങ്ങളോട് സംഭാവന അഭ്യർത്ഥിച്ചു. ദുരിതത്തിൻ്റെ യഥാർത്ഥ്യ ഭീകരത മനസിലാക്കിയ പൊതുജനങ്ങൾ കൈയയച്ച് സംഭാവന നല്കിയപ്പോൾ 40000 പൗണ്ടിൽ കൂടുതൽ സംഖ്യ ഈ ലക്ഷ്യത്തിനായി സ്വരൂപിക്കാൻ കഴിഞ്ഞു

തുടർന്ന് കേരള ഹൗസ് ബിൽഡിംഗ് കമ്മിറ്റി രൂപീകരിച്ച് ലോറൻസ് പെല്ലിശ്ശേരി, സുനിൽ കാസ്സിം, തോമസ് ചാക്കോ, ഡോ. ബിജു പെരിങ്ങത്തറ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച് എറ്റവും അനുയോജ്യരായ അഞ്ച് പേരെ നൂറു കണക്കിന് അപേക്ഷകളിൽ നിന്നും ഭവനം നല്കാൻ തിരഞ്ഞെടുത്തു. സ്നേഹക്കൂട് പദ്ധതിയിൽ പെടുത്തി ഈ വീടുകൾക്ക് ചാരിറ്റി വഴിയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ യുക്മയുടെ നാഷണൽ കമ്മിറ്റിയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ നല്കി.

ചെങ്ങന്നൂരിനടുത്തുള്ള പുലിയൂരിലാണ് ആദ്യ ഭവനമുയർന്നത്. കൂലിപ്പണിക്കാരനായ സജിക്കും രോഗികളായ കുടുംബാംഗങ്ങൾക്കും അത് ഒരു കൈത്താങ്ങായി. ആലപ്പുഴ ജില്ലയിലാണ് അടുത്ത വീട് നിർമ്മിച്ച് നല്കിയത്. ഈ രണ്ടു വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് തോമസ് ചാക്കോയായിരുന്നു. പാലക്കാട് നിർമ്മിച്ച വീടിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജിഎംഎ മെമ്പറായ മനോജ് വേണുഗോപാലിൻ്റെ സഹോദരിയായിരുന്നു. വടയാറിൽ നിർമ്മിച്ച നാലാമത്തെ വീടിൻ്റെ നിർമ്മാണം ബെന്നി സമന്വയിപ്പിച്ചു. അഞ്ചാമത്തെ ഭവനം സ്പോൺസർ ചെയ്തത് ഡോ. ബീന ജ്യോതിഷാണ്. ദിവസകൂലിക്കാരനായ ശിവരാമനും ഭിന്നശേഷിക്കാരിയായ സഹോദരിക്കുമായി ഒരുക്കിയ ഈ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡോ. ബിജു നേതൃത്വം നല്കി.

2019 ലെ കമ്മറ്റിയുടെ സമയത്താണ് ആദ്യത്തെ മൂന്നു വീടുകളുടെ പ്രവർത്തനം പൂർത്തിയായത്. അതിനായി കമ്മിറ്റിയിൽ നേതൃത്വം കൊടുത്ത സിബി ജോസഫ്, ബിനു മോൻ കുരിയാക്കോസ്, ജോർജ് ജോസഫ് എന്നിവരാണ്. അഞ്ചാമത്തെ വീട് 2020 ജൂൺ 15 ന് കൈമാറി. ഇപ്പോഴത്തെ GMA നേതൃത്വം വഹിക്കുന്ന എലിസബത്ത്, സണ്ണി ലൂക്കോസ്, ടോബി എന്നിവരും ഇതിനായി അക്ഷീണ പ്രയത്നം നടത്തി

GMA യുടെ ഈ നല്ല പ്രവർത്തനങ്ങൾക്കുള്ള പരമോന്നത അംഗീകാരമായി കഴിഞ്ഞ വർഷം ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ചുള്ള ചായ സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള ക്ഷണം GMAക്ക് ലഭിച്ചിരുന്നു. പ്രസിഡണ്ട് വിനോദ് മാണിയും സെക്രട്ടി ജിൽസ് പോളും പ്രതിനിധികളായി അതിൽ പങ്കെടുത്തു.

ഫണ്ട് റെയിസിംഗിനായി ആത്മാർത്ഥതയോടെ നേതൃത്വം നല്കിയ കമ്മിറ്റി അംഗങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചവർക്കും സംഭാവനകൾ നല്കിയവർക്കും അസോസിയേഷൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിർലോഭമായ പിന്തുണയും സഹകരണവും നല്കുന്ന മനുഷ്യ സ്നേഹികളായ സുമനസ്സുക്കൾക്കും ജിഎംഎ സെക്രട്ടറി സണ്ണി ലൂക്കോസ് നന്ദി അറിയിച്ചു. ഈ സൽപ്രവർത്തി തലമുറകളോളം ഓർമ്മിക്കപ്പെടുമെന്നതിൽ തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Other News