ഇന്ത്യൻ സൈനികരെ ആക്രമിച്ചത് ആണിയുള്ള ഇരുമ്പു ദണ്ഡുകളുമായി. മൃതദേഹത്തോടും അനാദരവ് കാട്ടി. ക്രൂരതയുടെ പര്യായമായി ചൈനീസ് മിലിട്ടറി
ലഡാക്കിൽ ഉണ്ടായ അതിർത്തി സംഘർഷത്തിൽ ചൈനീസ് മിലിട്ടറി ഇന്ത്യൻ സൈന്യത്തെ മുള്ളാണിയുള്ള ഇരുമ്പുദണ്ഡുകളും പാറക്കഷണങ്ങളുമുപയോഗിച്ച് ആക്രമിച്ചതായി വ്യക്തമായി. ഇന്ത്യൻ സൈനികരുടെ നേർക്ക് ആക്രമണം അഴിച്ചുവിട്ട ചൈനീസ് അക്രമകാരികൾ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ പോലും വികൃതമാക്കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഗൽവാൻ വാലിയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ 43 ചൈനീസ് സൈനികർക്കും പരിക്കുള്ളതായി റിപ്പോർട്ട് ഉണ്ട്. സൈനികരിൽ ആരെങ്കിലും മരിച്ചതായുള്ള വാർത്ത ചൈന സ്ഥിരീകരിച്ചിട്ടില്ല. പൂജ്യത്തിൽ താഴെ താപനിലയുള്ള ഇവിടെ ശിരസിന് പരിക്കേറ്റ സൈനികർ തണുത്തുറഞ്ഞ ഗൽവാൻ നദിയിലേയ്ക്ക് വീണതാണ് പ്രധാനമായും മരണകാരണമെന്നറിയുന്നു.
സമുദ്രനിരപ്പിൽ നിന്നും 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗൽവാൻ ഏരിയയുടെ 2 കിലോമീറ്ററോളം നീണ്ട അതിർത്തിയിൽ 1996 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം തോക്കുകളോ സ്ഫോടകവസ്തുക്കളോ പരസ്പരം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇന്ത്യൻ സൈനികരെ ചൈന ക്രൂരമായി വകവരുത്തിയതിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്ന ആവശ്യപ്പെട്ടുള്ള ശക്തമായ സമ്മർദ്ദം കേന്ദ്ര ഗവൺമെൻ്റിൻ്റെ മേലുണ്ട്.