യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ മൂന്നിലേയ്ക്ക് താഴ്ത്തി. സെപ്റ്റംബറിൽ എല്ലാ കുട്ടികൾക്കും സ്കൂളിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഡ്യൂക്കേഷൻ സെക്രട്ടറി
യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ നാലിൽ നിന്ന് മൂന്നിലേയ്ക്ക് താഴ്ത്തി. ജോയിൻ്റ് ബയോ സെക്യൂരിറ്റി സെൻ്റെർ അംഗീകാരത്തോടെയാണ് അലർട്ട് ലെവൽ കുറച്ചത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ കൊറോണ ഇൻഫെക്ഷൻ നിരക്ക് ക്രമാനുഗതമായ കുറവ് ഉണ്ടാകുന്നുണ്ടെന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഗവൺമെൻ്റിൻ്റെ നടപടി. ഇൻഫെക്ഷൻ തുടർന്നും ഉണ്ടാകുന്നുണ്ടെങ്കിലും വളരെ ഉയർന്ന നിരക്കിലല്ലാ എന്നതാണ് ലെവൽ 3 കൊണ്ട് ഉദ്ദേശിക്കുന്നത്. ലെവൽ 3 ഉടൻ പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ലോക്ക് ഡൗണിൽ കൂടുതൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കഴിയും.
രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസിംഗ് റൂൾ റിലാക്സ് ചെയ്യുവാൻ അലർട്ട് ലെവലിലെ മാറ്റം സഹായകമാകുമെന്ന് കരുതുന്നു. സെപ്റ്റംബറിൽ എല്ലാ കുട്ടികൾക്കും സ്കൂളിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നത്തെ ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. 30 കുട്ടികളുള്ള ക്ലാസ് രീതിയിലേയ്ക്ക് മടങ്ങാനാണ് പദ്ധതിയിടുന്നത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിക്കൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് ഗാവിൻ വില്യംസൺ പറഞ്ഞു.