ബ്രിട്ടൻ്റെ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സധൈര്യം പങ്കാളിയായി പീറ്റർബറോയിൽ നിന്നുള്ള മലയാളി. ഓക്സ്ഫോർഡ് വാക്സിൻ ട്രയലിൽ വോളണ്ടിയറായത് എബ്രാഹാം കോവേലിൽ.
ബിനോയി ജോസഫ്
ലോകജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ട്രയലിൽ ബ്രിട്ടണിലെ മലയാളിയും പങ്കാളിയായി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡിനെതിരായ പോരാട്ടത്തിൽ പീറ്റർബറോയിലെ എബ്രാഹാം കോവേലിൻ്റെ (റെജി) പേരും ഇടം പിടിച്ചു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ മഹാമാരിയ്ക്ക് പ്രതിവിധിയായി ട്രയൽ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനായി അദ്ദേഹം വോളണ്ടിയറായി മാറി. ഇന്നലെ പീറ്റർബറോയിലെ വീട്ടിൽ നിന്നും 50 മൈൽ കാറോടിച്ച് കുടുംബസമേതം കേംബ്രിഡ്ജിൽ ആഡംബ്രൂക്കിലെ ട്രയൽ സെൻ്ററിലെത്തി വാക്സിൻ ഏറ്റുവാങ്ങി. കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ എൻഎച്ച്എസ് ട്രസ്റ്റിൻ്റെ ഹണ്ടിംഗ്ടൺ സൈറ്റിലാണ് തിരുവല്ല ഓതറ സ്വദേശിയായ റെജി ജോലി ചെയ്യുന്നത്. പീറ്റർബറോ സിറ്റി എൻഎച്ച്എസ് ട്രസ്റ്റിലെ സ്റ്റാഫാണ് ഭാര്യ സൂസൻ വർഗീസ്. മൂത്ത മകൾ നിയാ സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7 സ്റ്റുഡൻ്റാണ്. രണ്ടാമത്തെ മകൾ ഇലാനാ ലോംഗ്തോർപ്പ് പ്രൈമറി സ്കൂളിൽ പഠിക്കുന്നു. 2004 ലാണ് റെജിയും ഭാര്യയും യുകെയിലെത്തിയത്.
മനുഷ്യർ മരിച്ചുവീഴുമ്പോൾ നിസഹായമായി നോക്കി നിൽക്കേണ്ടി വരുന്ന ലോകത്തിന് തന്നാലാവുന്ന ഒരു ചെറിയ സഹായമാണ് ചെയ്തതെന്ന് റെജി പറഞ്ഞു. ഗ്രൂപ്പ് 6 വിഭാഗത്തിലാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഇതിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. ബ്ളാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ പെട്ടവരെ വാക്സിൻ ട്രയലിന് ആവശ്യമുണ്ടെങ്കിലും മുന്നോട്ട് വരുന്നയാളുകൾ കുറവാണെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ മനുഷ്യരാശിയുടെ നിലനില്പിനായുള്ള പോരാട്ടത്തിൽ തൻ്റെ അദ്ധ്യായം എഴുതിച്ചേർക്കാൻ സധൈര്യം റെജി തീരുമാനിക്കുകയായിരുന്നു.
ജോലി ചെയ്യുന്ന എൻഎച്ച്എസ് ട്രസ്റ്റിൽ നിന്നാണ് വാക്സിൻ ട്രയലുമായി ബന്ധപ്പെട്ട് ഇ മെയിൽ റെജിയ്ക്ക് ലഭിക്കുന്നത്. കാര്യം ഗൗരവകരമായി എടുത്ത അദ്ദേഹം ഓൺലൈൻ ചോദ്യാവലി പൂർത്തിയാക്കി വാക്സിൻ ശരീരത്തിൽ കുത്തിവയ്ക്കുന്നതിന് താത്പര്യം അറിയിച്ച് ട്രയൽ സെൻ്ററിലേയ്ക്കയച്ചു. തൻ്റെ കുടുംബത്തിൻ്റെ പരിപൂർണമായ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടായതായി അദ്ദേഹം സന്തോഷപൂർവ്വം പറഞ്ഞു. രണ്ടാഴ്ച മുമ്പ് റെജിക്ക് ട്രയൽ വാക്സിന് മുന്നോടിയായുള്ള ബ്ളഡ് ടെസ്റ്റ് നടത്തിയിരുന്നു. കൂടാതെ ഇതു സംബന്ധമായ സമ്മതപത്രവും നല്കി. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല എന്നു തെളിഞ്ഞതിനെ തുടർന്ന് ട്രയലിന് ക്വാളിഫൈ ചെയ്തതായി ക്ലിനിക്കൽ ടീം റെജിയെ അറിയിച്ചു.
റെജിയുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ റെക്കോർഡുകൾക്കുമായി ട്രയൽ ടീം ജി.പിയെ ബന്ധപ്പെട്ട് വിവരങ്ങൾ മുൻപേ തന്നെ ശേഖരിച്ചിരുന്നു. വാക്സിന് മുന്നോടിയായി ഇന്നലെ ട്രയൽ സെൻ്ററിലെത്തി ബ്ളഡ് ടെസ്റ്റ് വീണ്ടും നടത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ ചെക്കപ്പും പൂർത്തിയാക്കിയ ശേഷം ട്രയൽ വാക്സിൻ ഇൻജക്ഷൻ അദ്ദേഹത്തിന് നല്കി. വാക്സിൻ സെഷൻ പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം എടുത്തതായി റെജി പറഞ്ഞു. അതിനു ശേഷം അരമണിക്കൂറോളം അവിടെ വിശ്രമിക്കണമെന്ന നിർദ്ദേശവുമുണ്ട്. എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങൾ ഉണ്ടാവുന്നുണ്ടോയെന്ന് ഇതിനിടെ മോണിട്ടർ ചെയ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ട്രയൽ സെൻ്ററിനെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം. പനിയോ വേദനയോ വാക്സിനെ തുടർന്ന് ഉണ്ടായാൽ പാരാസെറ്റമോൾ എടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ദൈനംദിന കാര്യങ്ങൾ ഇ-ഡയറിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ട്രയൽ ടീം മോണിട്ടർ ചെയ്യും
കൂടാതെ എല്ലാ ആഴ്ചയിലും സ്വാബുകൾ പരിശോധനയ്ക്കായി അയയ്ക്കണം. ഇതിനു പുറമേ അടുത്ത ഒരു വർഷത്തിൽ ആറു തവണ ടെസ്റ്റിനായി ബ്ളഡ് നല്കണം. വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്രയൽ ടീം റെജിയുമായി നിരന്തര സമ്പർക്കം പുലർത്തും. ഈ ട്രയലിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാനും സ്വതന്ത്ര്യമുണ്ട്. രണ്ടു വാക്സിനുകളാണ് ട്രയലിൽ പരീക്ഷിക്കുന്നത്. ChAdOx1 ncoV - 19 നും ലൈസൻസ്ഡ് വാക്സിൻ (MenACWY) ആണ് വോളണ്ടിയേഴ്സിന് നല്കുന്നത്. ഇതിൽ ഏതാണ് കുത്തിവയ്ക്കുന്നതെന്ന് വെളിപ്പെടുത്തുകയില്ല. ട്രയലിൻ്റെ അവസാനമേ ഇക്കാര്യം വോളണ്ടിയേഴ്സിനെ അറിയിക്കൂ.
ചിമ്പാൻസികളിൽ ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിനുള്ളിൽ കോവിഡ് 19 ജീനുകളെ ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത വൈറസുകൾ മനുഷ്യ ശരീരത്തിൽ ജലദോഷപ്പനിയോ കോവിഡ് 19 പനിയോ ഉണ്ടാക്കാതെ തന്നെ കോവിഡ് 19 നു എതിരായി ആന്റിബോഡികളെ ഉണ്ടാക്കാൻ പ്രാപ്തമാണെന്നാണ് അനുമാനിക്കപ്പെടുന്നത് . കോവിഡ് 19 നു എതിരെ എത്രമാത്രം ആന്റിബോഡികൾ ഉണ്ടാവുന്നുണ്ട്, വിവിധ പ്രായക്കാരിൽ ആന്റിബോഡി ഉണ്ടാകുന്നതിൽ ഉള്ള വ്യത്യാസങ്ങൾ, അതുപോലെ രോഗം പ്രതിരോധിക്കാൻ ഈ വാക്‌സിൻ എത്രമാത്രം ഫലപ്രദമാണ് എന്നെല്ലാമാണ് ഈ പരീക്ഷണങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്നത്.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 10,260 പേർ ഓക്സ്ഫോർഡ് വാക്സിൻ ട്രയലിൽ പങ്കാളികളാകുന്നുണ്ട്. 18 മുതൽ 55 വയസു വരെയുള്ളവരാണ് ഗ്രൂപ്പ് 4,5,6 സ്റ്റഡികളിൽ പങ്കെടുത്തത്. ഗ്രൂപ്പ് 6 ൽ ഫുൾ വാക്സിനാണ് വോളണ്ടിയേഴ്സിന് നൽകുന്നത്. ഇതാണ് റെജിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓക്സ്ഫോർഡ് വാക്സിനേഷൻ ട്രയൽ ഇന്ന് അവസാനിക്കും. ഈ ട്രയലിൽ പങ്കെടുക്കുന്നതിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് ബ്രിട്ടണിലെ മലയാളികളുടെ അഭിമാനതാരമായ റെജി ഗ്ലോബൽ ന്യൂസ് പ്രീമിയറിനോടു പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനായി ഭക്തി ഗാനങ്ങൾ രചിക്കുകയും ആൽബങ്ങൾ നിർമ്മിക്കുകയും ചെയ്യാറുള്ള സജീവ പൊതു പ്രവർത്തകനായ റെജി, പീറ്റർബറോ ആൾ സെയിന്റ്സ് മാർത്തോമ്മാ ഇടവകയിൽ നിന്നുമുള്ള മാർത്തോമ്മാ പ്രതിനിധി മണ്ഡലാംഗവും കൂടിയാണ്. റെജിയുടെ ഇമെയിൽ അഡ്രസ് akjacob07@gmail.com. ലോകത്തിൻ്റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഈ പഠനത്തിൽ ധൈര്യപൂർവ്വം പങ്കെടുത്ത റെജി എന്ന മനുഷ്യ സ്നേഹിയ്ക്കായി നമുക്ക് കൈയടിക്കാം.