റെഡിംഗ് പാർക്കിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ വോക്കിംഗാം സ്കൂളിലെ ഹിസ്റ്ററി ടീച്ചറും. മരണമടഞ്ഞ മൂന്നു പേരും സുഹൃത്തുക്കൾ. കൊലയാളി MI5 ൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ
ബ്രിട്ടനെ നടുക്കിയ റെഡിംഗ് പാർക്കിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ വോക്കിംഗാം സ്കൂളിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡും ഉൾപ്പെടുന്നു. ഹോൾട്ട് സ്കൂളിലെ ടീച്ചറായ ജയിംസ് ഫർലോങ്ങാണ് കുത്തേറ്റ് മരിച്ചവരിൽ ഒരാൾ എന്ന് പോലീസ് വെളിപ്പെടുത്തി. മൂന്നു പേരാണ് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണമടഞ്ഞ മൂന്നു പേരും സുഹൃത്തുക്കളാണ്. പാർക്കിലെ പുൽത്തകിടിയിൽ ഇവർ ഇരിക്കുമ്പോഴാണ് കത്തിക്കിരയായത്. മൂന്നു പേർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പാർക്കിലുണ്ടായിരുന്നവർക്ക് നേരെ അക്രമി കത്തി വീശുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് 25 കാരനായ ഖൈരി സാഡല്ലായെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഇയാളെ ടെററിസം ആക്ട് 2000 അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. റെഡിംഗിലെ ഫോർബറി ഗാർഡൻ പാർക്കിൽ നടന്ന ആക്രമണത്തിനുത്തരവാദിയെന്ന് കരുതുന്ന ഖൈരി സാഡല്ലാ ലിബിയയിൽ നിന്ന് അഭയാർത്ഥിയായാണ് ഇവിടെയെത്തിയത്. 2019 മുതൽ ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ MI5 മോണിട്ടർ ചെയ്തിരുന്നു. സിറിയയിലേയ്ക്ക് ഖൈരി സാഡല്ലാ യാത്ര ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചന കൗണ്ടർ ടെററിസം ഗ്രൂപ്പിന് ലഭിച്ചിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് ഫയൽ തുറന്നിരുന്നില്ല. ഖൈരി സാഡല്ലായ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും റിപ്പോർട്ടുണ്ട്