Wednesday, 22 January 2025

ഇംഗ്ലണ്ടിൽ ജൂലൈ 4 മുതൽ വൺ മീറ്റർ പ്ളസ് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കും. വീടുകളിൽ സന്ദർശനം നടത്താനും അനുമതി. രാജ്യം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടണിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൽ ജൂലൈ 4 മുതൽ വൺ മീറ്റർ പ്ളസ് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കും. സാധ്യമായ ഇടങ്ങളിലെല്ലാം 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. അല്ലാത്തയിടങ്ങളിൽ ഒരു മീറ്റർ അകലം പാലിച്ചാലും മതിയാകും. ഇവിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മറ്റു നടപടികൾ സ്വീകരിച്ചിരിക്കണം. ഫേസ്മാസ്ക്, ഹാൻഡ് വാഷിംഗ്, സ്ക്രീനുകൾ, സമയ നിയന്ത്രണം എന്നിവയടക്കമുള്ള ആവശ്യമുള്ളിടങ്ങളിൽ നടപ്പാക്കണം. ഇന്ന് പാർലമെൻ്റിലാണ് പുതിയ ഇളവുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രണ്ടു കുടുംബങ്ങളിൽ നിന്നുള്ളവർക്ക് വീടുകളിൽ ഇൻഡോർ, ഔട്ട് ഡോർ സന്ദർശനം നടത്താനും ജൂലൈ 4 മുതൽ അനുമതി നല്കിയിട്ടുണ്ട്. ഇതിൻ എത്രയംഗങ്ങൾ ഉണ്ടാവാമെന്നതിൽ പരിധിയില്ല. ഓവർ നൈറ്റ് ഒന്നിച്ച് കഴിയാനും അനുമതിയുണ്ട്. എന്നാൽ ഔട്ട് ഡോറുകളിൽ രണ്ടിലേറെ കുടുംബങ്ങൾക്ക് കൂടിക്കാണാം. ഇവർ ഗ്രൂപ്പുകളായി തിരിഞ്ഞ് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം. ഗ്രൂപ്പുകളിൽ ആറിൽ കൂടുതൽ പേർ പാടില്ല. ഇൻഡോറിൽ രണ്ടു കുടുംബങ്ങളിൽ കൂടുതൽ അനുവദനീയമല്ല.

റെസ്റ്റോറൻ്റുകളും പബുകളും ജൂലൈ 4 മുതൽ തുറന്നു പ്രവർത്തിക്കും. ഹെയർ ഡ്രസേഴ്സ് അടക്കമുള്ളവ തുറക്കാനും ഉടൻ അനുമതി നല്കും. എല്ലാ കുട്ടികളും സെപ്റ്റംബറിൽ സ്കൂളിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

Other News