Wednesday, 22 January 2025

ഓൺലൈനിൽ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കിയ ഡെർബി മലയാളി അസോസിയേഷൻ വേൾഡ് മ്യൂസിക് ഡേയും സമുചിതമായി ആചരിച്ചു

കൊറോണ ഭീതി മൂലം മിക്കവാറും എല്ലാ കമ്മ്യൂണിറ്റികളും പ്രവർത്തനങ്ങളും നിറുത്തി വച്ചപ്പോഴും തങ്ങളുടെ ആക്ടിവിറ്റികൾക്ക് കൂടുതൽ ഊർജസ്വലത നല്കി ഡെർബി മലയാളി അസോസിയേഷൻ മുന്നേറുന്നു. ഓൺലൈനായി അംഗങ്ങൾക്ക് വേണ്ടി നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും അസോസിയേഷൻ്റെ കമ്മിയംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ജൂൺ 21 ലെ വേൾഡ് മ്യൂസിക് ഡേയും ഡെർബി മലയാളി അസോസിയേഷൻ സമുചിതമായി ആചരിച്ചു. അസോസിയേഷനിലെ 10 അംഗങ്ങൾ ചേർന്ന് അവസരോചിതമായ ഗാനമാലപിച്ചുകൊണ്ടാണ് ഈ ദിനത്തിൽ അവർ പങ്കാളികളായത്.

ഡെർബിയിൽ നിന്നുള്ള ഗായകർ ആലപിച്ച മലയാള സിനിമയിലെ മധുരതരമായ ഈ ഗാനം ഭാവിയെപ്പറ്റി ശുഭപ്രതീക്ഷ നല്കുന്ന മനോഹരമായ വരികളാൽ അലംകൃതമാണ്. "ശരദിന്ദു മലർദീപ നാളം നീട്ടി, സുരഭില യാമങ്ങൾ ശ്രുതി മീട്ടി'' എന്നയീഗാനം 1978 ൽ ഇറങ്ങിയ ഉൾക്കടൽ എന്ന സിനിമയിലേതാണ്. ഒഎൻവി കുറുപ്പിൻ്റെ വരികൾക്ക് എം.ബി ശ്രീനിവാസൻ സംഗീത നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ജയചന്ദ്രനും സെൽമാ ജോർജുമാണ്.

ലോക്ക് ഡൗൺ കാലത്ത് സ്വന്തം വീടുകളിൽ ആലപിച്ച് സംയോജിപ്പിച്ച ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ, മിക്സിംഗ്, എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത് ജോസഫ് സ്റ്റീഫൻ ആണ്. ദീപാ അനിൽ, ജോസഫ് സ്റ്റീഫൻ, ചിഞ്ചു ജോർജ്, സിനി ബിജോ, ബിന്ദു സജി, ജയ്മോൻ സ്റ്റീഫൻ, അനിൽ അഗസ്റ്റിൻ, ഷിബി സെബാസ്റ്റ്യൻ, ജിജോൾ വർഗീസ്, റിജു സാനി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജോ ജേക്കബാണ് കോർഡിനേറ്ററായി പ്രവർത്തിച്ചത്.

ഗാനത്തിൻ്റെ യുട്യൂബ് ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക

 

 

Other News