Monday, 23 December 2024

കൊറോണയെ അതിജീവിച്ച് നോർത്താംപ്ടണിലെ മലയാളി തോമസ് കോശി. വെൻറിലേറ്ററിൽ കഴിഞ്ഞത് 52 ദിവസം. കൈയടികളോടെ യാത്രയാക്കി ഹോസ്പിറ്റൽ സ്റ്റാഫുകൾ

അതിജീവനത്തിനായുള്ള പോരാട്ടത്തിൽ തൻ്റെ പേരുമെഴുതിച്ചേർത്ത് നോർത്താംപ്ടണിലെ മലയാളി തോമസ് കോശി സ്വഭവനത്തിലേയ്ക്ക് ഇന്ന് മടങ്ങിയെത്തി. കൊറോണയെ പൊരുതി തോൽപ്പിച്ച് 75 ദിനങ്ങൾക്കു ശേഷമാണ് അദ്ദേഹം ഡിസ്ചാർജ് നേടിയത്. ഇതിൽ 52 ദിവസങ്ങൾ വെൻറിലേറ്ററിലായിരുന്നു. നോർത്താംപ്ടൻ മലയാളി അസോസിയേഷൻ്റെ പ്രസിഡൻറായ 55 കാരനായ അദ്ദേഹത്തെ കൈയടിയോടെയാണ് നോർത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് യാത്രയാക്കിയത്. ഹോസ്പിറ്റലിൻ്റെ എൻട്രൻസിൽ നിരനിരയായി നിന്ന് തോമസ് കോശിക്ക് അവർ ആശംസകൾ നേർന്നു. രണ്ടര മാസത്തോളം തന്നെ ചികിത്സിച്ച് തൻ്റെ ജീവൻ തിരിച്ചു നല്കിയ ഡോക്ടർമാരോടും നഴ്സുമാരോടും മറ്റ് ഹെൽത്ത് കെയർ സ്റ്റാഫിനോടും നന്ദി പറഞ്ഞു കൊണ്ടാണ് തോമസ് കോശി വീട്ടിലേയ്ക്ക് മടങ്ങിയത്.

തോമസ് കോശിയെ സ്വീകരിക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ കവിതയും നോർത്താംപ്ടണിലെ മലയാളികളും അസോസിയേഷൻ ഭാരവാഹികളും എത്തിയിരുന്നു. അസോസിയേഷൻ സെക്രട്ടറി സുരേഷ് കുമാർ, ബിനു ജേക്കബ്  എന്നിവർ അദ്ദേഹത്തിന് ബൊക്കെ നല്കി എത്രയും പെട്ടെന്ന് പൂർണസുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തോമസ് കോശിയെ നോർത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് യാത്രയാക്കുന്ന വീഡിയോ

 


 

Other News