Thursday, 19 September 2024

ഭീകരാക്രമണ സാധ്യതയുള്ളതിനാൽ ബ്രിട്ടണിലെ ഹോസ്പിറ്റലുകൾ, ഓഫീസുകൾ, സ്കൂളുകൾ എന്നിവയ്ക്ക് ജാഗ്രതാ നിർദ്ദേശം

ബ്രിട്ടണിലെ ഹോസ്പിറ്റലുകൾ, ഓഫീസുകൾ, സ്കൂളുകൾ എന്നിവയ്ക്ക് ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്ച റെഡിംഗിലെ പാർക്കിൽ മൂന്നു പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പൊതു സ്ഥാപനങ്ങൾക്ക് ഹൈ അലർട്ട് നല്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ത്വരിതഗതിയിലുള്ളതും ആക്രമണോത്സുക കൂടിയതും ആണ്. കഴിയുന്നതും ആളുകളെ കൊല്ലാനോ പരിക്കേൽപ്പിക്കാനോ ലക്ഷ്യമിട്ടുള്ളതായതിനാൽ ഇരയായവർ മിനിട്ടുകൾക്കുള്ളിൽ മരണപ്പെടാം. പോലീസിന് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നതിനു മുമ്പ് തന്നെ ഇവ അവസാനിച്ചിരിക്കും. ഇത്തരം സന്ദർഭങ്ങൾ മുന്നിൽ കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നാണ് നിർദ്ദേശം

നാഷണൽ കൗണ്ടർ ടെററിസം സെക്യൂരിറ്റി ഓഫീസ് ഇതുമായി ബന്ധപ്പെട്ട ബുക്ക് ലെറ്റുകൾ www.gov.uk വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരാക്രമണങ്ങളെ ചെറുക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെങ്കിലും സെക്യൂരിറ്റി സിസ്റ്റം, പ്രൊസീജിയറുകൾ, ട്രെയിനിംഗ്, റിഹേഴ്സൽ എന്നിവ വഴി ജീവനുകൾ സംരക്ഷിക്കാൻ കഴിയുമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഓഫീസ് ബിൽഡിംഗുകൾക്ക് പുറമേ സ്കൂളുകൾ, തിയറ്ററുകൾ, ഷോപ്പിംഗ് സെൻററുകൾ, സ്റ്റേഡിയം, ട്രാൻസ്പോർട്ട് ഹബുകൾ എന്നിവയ്ക്ക് ഈ നിർദ്ദേശം ഫലപ്രദമാണ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ പൊതു സ്ഥലങ്ങളിൽ ജനങ്ങളെ ലക്ഷ്യമാക്കി ഒറ്റയാൻ ചെന്നായ്ക്കളെപ്പോലെ ഇവർ ആസൂത്രണം ചെയ്യുന്ന ആക്രമണങ്ങളുടെ സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞു. ഇവർ നടത്തുന്ന മൂർച്ചയേറിയ ആയുധങ്ങൾ, വാഹനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ എങ്ങനെ നേരിടാമെന്നതാണ് പുതിയ നിർദ്ദേശങ്ങളിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. 

Other News