Sunday, 06 October 2024

പ്രവാസിയുടെ നെഞ്ചിൽ വേദന നിറച്ച കോവിഡ് കാലം... സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ടിയോളും... യുകെയിലെ മലയാളി കുടുംബത്തിൻ്റെ പുതുയാർന്ന ഷോർട്ട് ഫിലിമുകൾ പ്രവാസ ലോകത്ത് ശ്രദ്ധേയമാകുന്നു.

ബിനോയി ജോസഫ്

ലോക്ക് ഡൗൺ കാലത്ത് സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിൽ നിന്ന് മുക്തി നേടാനും സമൂഹത്തിലേയ്ക്ക് നല്ല ആശയങ്ങൾ പ്രചരിപ്പിക്കാനും ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉള്ള ചെറിയ വിഭവങ്ങളുമായി ഷോർട്ട് വീഡിയോകളിലൂടെ പ്രവാസ ലോകത്ത് സജീവമാകുകയാണ് ഹള്ളിൽ നിന്നുള്ള ഒരു മലയാളി കുടുംബം. സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ടിയോളും... എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സീരിസിലെ നാലാമത്തെ എപ്പിസോഡും പുറത്തിറങ്ങി. പ്രവാസം എന്ന ടൈറ്റിലിലാണ് ഏറ്റവും പുതിയ വീഡിയോ നഴ്സ് ദമ്പതിമാർ കുടുംബസമേതം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്.

പ്രവാസിയുടെ ഹൃദയത്തിൽ വേദന നിറച്ച കോവിഡ് കാലത്തിൻ്റെ നേർക്കാഴ്ചയാണ് ഈ എപ്പിസോഡിൽ അവതരിപ്പിക്കുന്നത്. ജന്മനാട്ടിൽ തങ്ങളെ വിട്ടു പിരിയുന്ന സ്വന്തം ബന്ധുക്കളുടെ വേർപിരിയലിൻ്റെ വാർത്ത ഫോണിൻ്റെ മറുതലയ്ക്കൽ ഗദ്ഗദത്തോടെ അറിയിക്കപ്പെടുന്ന നിമിഷത്തിൽ നെഞ്ചു പിടയാത്ത പ്രവാസികൾ ഉണ്ടാവില്ല. അങ്ങനെയെത്തുന്ന വാർത്തയുടെ മുന്നിൽ ഒരു നിമിഷം പകച്ചു നിൽക്കുകയും പിന്നീട് വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന ഗൃഹനാഥനെയും ആ നിമിഷത്തിൽ ആവശ്യമായ മാനസിക പിന്തുണയുമായി സാഹചര്യത്തിനൊത്ത് ഉയരുന്ന കുടുംബാംഗങ്ങളും ഇതിലെ പ്രത്യേകതയാണ്.

സ്വന്തം പിതാവിൻ്റെ മരണവാർത്തയും അവസാനമായി ആ മുഖം ഒന്ന് കണ്ട് വിട പറയാനും ആഗ്രഹിക്കുന്ന മകൻ, ദൂരദേശത്തിരുന്ന് അടങ്ങാത്ത ദുഃഖത്തോടെ അന്ത്യയാത്ര നല്കുന്ന നിമിഷങ്ങൾ വികാരപരമായി സ്റ്റീഫനും കുടുംബവും അവതരിപ്പിച്ചിരിക്കുന്നു.

സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ടിയോളും... എപ്പിസോഡ് - 4 വീഡിയോ ലിങ്ക്

 


യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. വീഡിയോയിൽ അദ്ദേഹത്തോടൊപ്പം അതേ ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ സോളി സ്റ്റീഫനും മക്കളായ ഇയർ 11 ൽ പഠിക്കുന്ന മന്നാ സ്റ്റീഫൻ, ഹെലാനാ സ്റ്റീഫൻ, ഇയർ 8 എന്നിവരും അഭിനയിക്കുന്നു. കുടുംബത്തോടെയിരുന്ന് കാണാനും ആസ്വദിക്കാനും അനുയോജ്യമായ വ്യത്യസ്തമായ പ്രമേയങ്ങൾ തിരഞ്ഞെടുത്തത് പുതുതലമുറയ്ക്കും സ്വീകാര്യമായ അവതരണ ശൈലി അവലംബിച്ചുള്ള ഓരോ എപ്പിസോഡുകൾക്കും യൂട്യൂബിലും സോഷ്യൽ മീഡിയയിലും നിരവധി കമൻറുകളും വൻ പ്രോത്സാഹനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ടിയോളും... എന്ന പേരിലാണ് ആദ്യത്തെ വീഡിയോ പുറത്തിറങ്ങിയത്. രണ്ടാം എപ്പിസോഡായ 'ഒരു ക്രിക്കറ്റ് ദുരന്തവും' മൂന്നാം എപ്പിസോഡ് 'കാറ്റ് പോയ അച്ഛനും' തികച്ചും വ്യത്യസ്തത നിറഞ്ഞതും കുടുംബാന്തരീക്ഷത്തിൽ ചിത്രീകരിച്ചതുമായിരുന്നു. കുടുംബാംഗങ്ങൾ ഓരോരുത്തരും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുമ്പോൾ ഓരോ സീനും മനസിൽ എളുപ്പത്തിൽ പതിയുന്ന ശൈലിയിലാണ് ഈ ഷോർട്ട് വീഡിയോകൾ ഒരുക്കിയിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും  അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ച സ്റ്റീഫൻ കല്ലടയുടെ 2019 ജനുവരിയിൽ പ്രസിദ്ധീകരിച്ച 'അശുദ്ധ ആർത്തവം' കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 
 

Other News