Monday, 23 December 2024

ബർമിംഗ്ഹാമിലെ കൺസേർട്ട് ലീഡ്, ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം; വയലിനിലും പിയാനോയിലും രാഗസംഗീതം പൊഴിക്കാൻ, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നിന് മധുരമേകാൻ  "Let's Break It Together" ൽ ഫ്രയ സാജു.

കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ  നാളെ   ജൂലൈ 14  ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക്  മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീർക്കാൻ എത്തുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള 13 വയസ്സ്കാരി ഫ്രയ സാജുവാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ  മുതൽ വയലിനിലും പിയാനോയിലും പരിശീലനം തുടങ്ങിയ ഫ്രയ ഇതിനോടകം നിരവധി വേദികളിൽ പെർഫോം ചെയ്ത്  പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. ബർമിംഗ്ഹാം സെന്റ്. പോൾസ് സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർത്ഥിനിയായ ഫ്രയ,  "സമർപ്പണ", "ജോയ് ടു ദി വേൾഡ്" തുടങ്ങി നിരവധി ചാരിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

വയലിനിൽ ഗ്രേഡ് 6 ലും പിയാനോയിൽ ഗ്രേഡ് 4 ലും എത്തി നിൽക്കുന്ന ഫ്രയ ലിവർപൂളിൽ വെച്ച് നടന്ന ബൈബിൾ കലോത്സവത്തിൽ വയലിൻ, പിയാനോ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. ബർമിംഗ്ഹാമിലെ സുപ്രസിദ്ധ മ്യൂസിക് സ്കൂൾ റോയൽ ബർമിംഗ്ഹാം കൺസർവേറ്റൊയറും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ "88 Pianists On One Piano" എന്ന വേൾഡ് റെക്കോർഡ് പെർഫോമൻസിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്  ഫ്രയയുടെ സംഗീത വഴികളിലെ വലിയൊരു അംഗീകാരമാണ്. 

ബർമിംഗ്ഹാം ജൂണിയർ സ്ട്രിങ് ഓർക്കസ്ട്രയിൽ അംഗമായ ഈ കൊച്ച് മിടുക്കിക്ക് മാർച്ചിൽ നടന്ന കൺസേർട്ട് ലീഡ് ചെയ്യുവാനുള്ള അവസരം കിട്ടിയത് ഫ്രയയുടെ പ്രതിഭയ്ക്കുള്ള

അംഗീകാരമായിരുന്നു. വെസ്റ്റേൺ മ്യൂസിക്കിൽ പരിശീലനം തുടരുന്ന ഫ്രയ  മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ സ്വയം പഠിക്കുകയാണ്. ഇംഗ്ളീഷ് ചർച്ച് കൊയറിൽ അംഗമായ ഫ്രയ ബർമിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷൻ സജീവാംഗങ്ങളായ സാജു -  ആശ ദമ്പതികളുടെ മകളാണ്. 

 "LET'S BREAK IT TOGETHER" ആസ്വാദകർക്ക് സംഗീതത്തിന്റെ വിസ്മയ വേദി ഒരുക്കുവാനായി എത്തുന്ന ഫ്രയ സാജുവിന് ഹൃദയപൂർവ്വം വിജയാശംസകൾ നേരുന്നു. "LET'S BREAK IT TOGETHER" പ്രേക്ഷകർക്കും ഇതൊരു വേറിട്ട അനുഭവം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുക്മ സാംസ്കാരിക വേദിയുടെ "LET'S BREAK IT TOGETHER" എന്ന ലൈവ് ടാലന്റ് ഷോയിൽ നാളെ   ജൂലൈ 14  ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്കായി വിസ്മയ കാഴ്ചകളൊരുക്കുവാൻ എത്തുന്ന ഫ്രയ സാജുവിന് മുഴുവൻ കലാ സ്നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന്  അഭ്യർത്ഥിക്കുന്നു.

"LET'S BREAK IT TOGETHER" ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Other News