Monday, 23 December 2024

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ ട്രയൽ വാക്സിൻ സുരക്ഷിതവും വിജയകരവുമാണെന്ന് റിപ്പോർട്ട്. കൂടുതൽ മലയാളികളും ട്രയലിൽ പങ്കാളികളാകുന്നു.

ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ട്രയൽ സുരക്ഷിതവും വിജയകരവുമാണെന്ന റിപ്പോർട്ട് പുറത്തു വന്നു. പ്രായപൂർത്തിയായ 1077 പേരിൽ ഏപ്രിലിൽ നടത്തിയ ആദ്യ ഘട്ട വാക്സിനേഷൻ്റെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ശരീരത്തിൽ ആൻ്റി ബോഡിയും T-Cell ഉം ഉൽപാദിപ്പിക്കുന്നതായും വാക്സിനേഷൻ നല്കി 56 ദിവസത്തോളം ഇത് ശരീരത്തിൽ പ്രതിരോധശേഷി നിലനിർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടണിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തുന്ന കൊറോണ വൈറസ് വാക്സിൻ ട്രയലിൽ കൂടുതൽ മലയാളികൾ പങ്കാളികളായി. ലോകജനതയുടെ നിലനില്പിനായുള്ള പോരാട്ടത്തിൽ ഡോ. ജോജി കുര്യാക്കോസും വോളണ്ടിയറായി വാക്സിൻ സ്വീകരിച്ചു. ലോകം മുഴുവൻ പ്രതീക്ഷയോടെയാണ് കാത്തിരുന്ന ട്രയലിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഹളളിൽ കുടുംബസമേതം താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജി കുര്യാക്കോസ് സന്തോഷം പ്രകടിപ്പിച്ചു. എൻഎച്ച്എസിൽ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.



മലയാളിയായ റെജി കോവേലിലും ഓക്സ്ഫോർഡ് വാക്സിൻ ട്രയലിൽ വോളണ്ടിയറായി പങ്കെടുക്കുന്നുണ്ട്. ഒരു മാസം മുമ്പാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ട്രയൽ നടത്തുന്ന ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മോണിട്ടറിംഗിലാണ് റെജിയിപ്പോൾ. കുടുംബ സമേതം പീറ്റർബറോയിൽ താമസിക്കുന്ന തിരുവല്ല ഓതറ സ്വദേശിയായ റെജി കോവേലിൽ കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ എൻഎച്ച്എസ് ട്രസ്റ്റിൻ്റെ ഹണ്ടിംഗ്ടൺ സെൻ്ററിലാണ് ജോലി ചെയ്യുന്നത്.



മനുഷ്യർ മരിച്ചുവീഴുമ്പോൾ നിസഹായമായി നോക്കി നിൽക്കേണ്ടി വരുന്ന ലോകത്തിന് സഹായമാകുന്ന ഒരു സംരംഭത്തിൽ തങ്ങളുടെ ചെറിയ പിന്തുണ നല്കുകയാണ് ചെയ്തതെന്ന് ഡോ. ജോജി കുര്യാക്കോസും റെജി കോവേലിലും പറഞ്ഞു. ഗ്രൂപ്പ് 6 വിഭാഗത്തിലാണ് ഇരുവരും വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ബ്ളാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ പെട്ടവരെ വാക്സിൻ ട്രയലിന് ആവശ്യമുണ്ടെങ്കിലും മുന്നോട്ട് വരുന്നയാളുകൾ കുറവാണെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ മനുഷ്യരാശിയുടെ നിലനില്പിനായുള്ള പോരാട്ടത്തിൽ സധൈര്യം ഡോ. ജോജിയും റെജിയും പങ്കെടുക്കുകയായിരുന്നു.

ട്രയലിൽ വോളണ്ടിയറാകുന്നവർ എല്ലാ ആഴ്ചയിലും സ്വാബുകൾ പരിശോധനയ്ക്കായി അയയ്ക്കണം. ഇതിനു പുറമേ അടുത്ത ഒരു വർഷത്തിൽ ആറു തവണ ടെസ്റ്റിനായി ബ്ളഡ് നല്കണം. വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്രയൽ ടീം വോളണ്ടിയർമാരുമായി നിരന്തര സമ്പർക്കം പുലർത്തും. ഈ ട്രയലിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാനും സ്വതന്ത്ര്യമുണ്ട്. രണ്ടു വാക്സിനുകളാണ് ട്രയലിൽ പരീക്ഷിക്കുന്നത്. കോവിഡ് വാക്സിനു പുറമേ മെനിഞ്ചൈറ്റിസിൻ്റെ ലൈസൻസ്ഡ് വാക്സിനുമാണ് വോളണ്ടിയേഴ്സിന് നല്കുന്നത്. ഇതിൽ ഏതാണ് കുത്തിവയ്ക്കുന്നതെന്ന് വെളിപ്പെടുത്തുകയില്ല. ട്രയലിൻ്റെ അവസാനമേ ഇക്കാര്യം വോളണ്ടിയേഴ്സിനെ അറിയിക്കൂ.

ചിമ്പാൻസികളിൽ ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിനുള്ളിൽ കോവിഡ് 19 ജീനുകളെ ഉൾപ്പെടുത്തി സൃഷ്ടിച്ചെടുത്ത വൈറസുകൾ മനുഷ്യ ശരീരത്തിൽ ആന്റിബോഡികളെ ഉണ്ടാക്കാൻ പ്രാപ്തമാണെന്നാണ് അനുമാനിക്കപ്പെടുന്നത് . കോവിഡ് 19 നു എതിരെ എത്രമാത്രം ആന്റിബോഡികൾ ഉണ്ടാവുന്നുണ്ട്, വിവിധ പ്രായക്കാരിൽ ആന്റിബോഡി ഉണ്ടാകുന്നതിൽ ഉള്ള വ്യത്യാസങ്ങൾ, അതുപോലെ രോഗം പ്രതിരോധിക്കാൻ ഈ വാക്‌സിൻ എത്രമാത്രം ഫലപ്രദമാണ് എന്നെല്ലാമാണ് ഈ പരീക്ഷണങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്നത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 10,260 പേർ ഓക്സ്ഫോർഡ് വാക്സിൻ ട്രയലിൽ പങ്കാളികളാകുന്നുണ്ട്.

90 മില്യൺ ഡോസ് കൊറോണ വൈറസ് വാക്സിൻ കൂടി വാങ്ങാനുള്ള ഡീലിൽ ബ്രിട്ടൺ ഇതിനിടെ ഒപ്പ് വച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ബയോഎൻടെക്ക്, ഫൈസർ, വൽനെവ എന്നിവ സംയുക്തമായി നടത്തുന്ന ട്രയൽ വാക്സിനാണ് ഗവൺമെൻ്റ് ഓർഡർ നല്കിയിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ആസ്ട്രാസെനക്ക വികസിപ്പിക്കുന്ന വാക്സിൻ്റെ 100 മില്യൺ ഡോസുകൾ വാങ്ങാനുള്ള ഡീലിനു പുറമേയാണിത്.

Other News