Wednesday, 22 January 2025

ഓക്സ്ഫോർഡ് വാക്സിൻ നിർമ്മിക്കുന്നത് ജനറ്റിക് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച്. ന്യൂട്രൈലൈസിംഗ് ആൻറിബോഡിയും റ്റി - സെല്ലുകളും കൊറോണയെ പ്രതിരോധിക്കും

ഒന്നാം ഘട്ട ട്രയലിൽ വിജയകരമെന്ന് കണ്ടെത്തിയ ഓക്സ്ഫോർഡ് കൊറോണ വാക്സിൻ നിർമ്മിക്കുന്നത് ജനറ്റിക് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലൂടെയാണ്. ഇത് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ന്യൂട്രൈലൈസിംഗ് ആൻറിബോഡിയും റ്റി - സെല്ലുകളും കൊറോണയെ പ്രതിരോധിക്കും. ചെറിയ പ്രോട്ടീൻ രൂപത്തിലുള്ള ആൻറിബോഡികൾ കൊറോണ വൈറസിൻ്റെ ഉപരിതലത്തിൽ ഒട്ടിച്ചേർന്ന് അതിൻ്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. റ്റി - സെല്ലുകൾ കൊറോണ വൈറസ് ബാധിച്ച സെല്ലുകളെ നശിപ്പിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്.

വാക്സിൻ ലഭിച്ചവർക്ക് 14 ദിവസത്തിനുള്ളിൽ ടി - സെല്ലുകളുടെ എണ്ണം ഏറ്റവും ഉയർന്ന തോതിൽ ശരീരത്തിൽ കാണപ്പെട്ടു. ആൻറിബോഡി ലെവൽ 28 ദിവസത്തിൽ പീക്കിലെത്തി. 90 ശതമാനം പേർക്കും ഒരു ഡോസ് നല്കിയപ്പോൾ ശരീരത്തിൽ ന്യൂട്രെലൈസിംഗ് ആൻറിബോഡി ഉൽപാദനം ആരംഭിച്ചു. ചെറിയ തോതിലുള്ള പാർശ ഫലങ്ങൾ മാത്രമാണ് വാക്സിൻ മൂലം ഉണ്ടായത്. 70 ശതമാനം പേർക്കും തലവേദനയോ പനിയോ അനുഭവപ്പെട്ടു. എന്നാൽ പാരാസെറ്റമോൾ ഉപയോഗത്തിലൂടെ ഇത് നിയന്ത്രിക്കാൻ മിക്കവർക്കും കഴിഞ്ഞു.

ചിമ്പാൻസികളിൽ ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിനുള്ളിൽ കോവിഡ് 19 ജീനുകളെ ഉൾപ്പെടുത്തി സൃഷ്ടിച്ചെടുത്ത വൈറസുകൾ മനുഷ്യ ശരീരത്തിൽ ആന്റിബോഡികളെ ഉണ്ടാക്കാൻ പ്രാപ്തമാണെന്നാണ് അനുമാനിക്കപ്പെടുന്നത് . കോവിഡ് 19 നു എതിരെ എത്രമാത്രം ആന്റിബോഡികൾ ഉണ്ടാവുന്നുണ്ട്, വിവിധ പ്രായക്കാരിൽ ആന്റിബോഡി ഉണ്ടാകുന്നതിൽ ഉള്ള വ്യത്യാസങ്ങൾ, അതുപോലെ രോഗം പ്രതിരോധിക്കാൻ ഈ വാക്‌സിൻ എത്രമാത്രം ഫലപ്രദമാണ് എന്നെല്ലാമാണ് ഈ പരീക്ഷണങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്നത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 10,260 പേർ ഓക്സ്ഫോർഡ് വാക്സിൻ ട്രയലിൽ പങ്കാളികളാകുന്നുണ്ട്.

Other News