Wednesday, 22 January 2025

ലോക ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്സിൻ പരീക്ഷണങ്ങൾ. പ്രമുഖ കോവിഡ് 19 വാക്‌സിനുകൾ ഒറ്റ നോട്ടത്തിൽ

ഡോ. ജോജി കുര്യാക്കോസ്
ആധുനിക ലോകം അഭിമുഖീകരിക്കുന്ന കൊറോണയെ പ്രതിരോധിക്കാൻ ലോകജനതയും ശാസ്ത്രലോകവും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. ഏകദേശം ഇരുപത്തേഴോളം വാക്‌സിനുകൾ മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു അപൂർവ്വ കാലഘട്ടത്തിൽ ആണ് നാമിപ്പോൾ. മൊത്തത്തിൽ നൂറിലേറെ വാക്‌സിനുകൾ ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പ്രമുഖ കോവിഡ് 19 വാക്‌സിനുകൾ ഒറ്റ നോട്ടത്തിൽ

1. ഓസ്‌ഫോർഡ് കോവിഡ് വാക്‌സിൻ (ChAdOx 1 ). ഇത് ഓസ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പ് വികസിപ്പിക്കുന്ന ഒരു വൈറൽ വെക്റ്റർ വാക്‌സിനാണ്. 2015 മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള മെനിഞ്ചോകോക്കൽ വാക്‌സിൻ വിജയകരമായി വികസിപ്പിച്ചു ഓസ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ് ആണ് വാക്‌സിൻ വികസനത്തിന്റെ കപ്പിത്താൻ.

ഫേസ് 3 പരീക്ഷണങ്ങൾ ജൂൺ 20 നു ബ്രസീലിൽ തുടങ്ങിയ ഈ വാക്‌സിൻ, മനുഷ്യരിൽ ആന്റിബോഡിയും T സെൽ വഴിയുണ്ടാകുന്ന കോവിഡ് 19 നു എതിരെയുള്ള പ്രതികരണവും ഉണ്ടാക്കുന്നു എന്ന് ജൂലൈ 20 നു പ്രമുഖ മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റ് റിപ്പോർട്ട് ചെയ്തു.

2 . കൊറോണ വാക് ( CoronaVac SARS-CoV-2) : സൈനോവാക് ബയോ ടെക് എന്ന ചൈനീസ് ഫാർമ കമ്പനി വികസിപ്പിക്കുന്ന ഈ വാക്‌സിൻ നിഷ്ക്രിയമാക്കിയ അല്ലെങ്കിൽ നിർജീവമാക്കിയ വൈറസുകളെ കളെ ഉപയോഗിച്ച് നിർമ്മിച്ച വാക്‌സിൻ ആണ് . ഉപയോഗിച്ചവരിൽ 90 ശതമാനം പേരിലും ആന്റിബോഡികൾ ഉണ്ടായി എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാക്‌സിൻ ബ്രസീലിൽ ഫേസ് 3 പരീക്ഷണത്തിൽ ആണ് , ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഏകദേശം 9000 പേരിൽ ഫേസ് 3 യിൽ ഈ വാക്‌സിൻ കൊടുത്തു ഇതു രോഗം പ്രതിരോധിക്കാൻ കെൽപ്പുള്ളതാണോ എന്ന് പരിശോധിക്കും . അബുദാബിയിലെ ആരോഗ്യമന്ത്രാലയത്തിലെ ചെയർമാൻ ഈ വാക്‌സിൻ സ്വീകരിച്ചു UAE ഇൽ ഇതിന്റെ ഫേസ് 3 പരീക്ഷണങ്ങൾ തുടങ്ങി എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

3 ) കാൻ സൈനോ വാക്‌സിൻ (Ad5-nCOV ) : ചൈനയിലെ കാൻസൈനോ ബിയോളജിക്സ് (CanSino Biologics) വികസിപ്പിക്കുന്ന ഈ വാക്‌സിൻ ഒരു വൈറൽ വെക്റ്റർ വാക്‌സിൻ ആണ് , വുഹാനിൽ നിന്നുമുള്ള ഈ വാക്‌സിൻ സ്വീകരിച്ച 85 ശതമാനം പേരിലും ആന്റിബോഡിയും T സെൽ വഴിയുള്ള പ്രതികരണവും ഉണ്ടാക്കി എന്ന് ജൂലൈ 20 നു റിപ്പോർട്ട് ചെയ്യപ്പെട്ടു . ഓസ്‌ഫോർഡ് വാക്‌സിനെ പോലെ തന്നെ അഡിനോ വൈറസുകളെ ജനതിക മാറ്റം വരുത്തിയാണ് ഈ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത് .ചൈനയുടെ മിലിറ്ററി കമ്മീഷൻ ഇതു ഒരു വർഷത്തേക്ക് ഉപയോഗിക്കാൻ സമയ ബന്ധിതമായി അനുവദിച്ചു എന്ന് പറയപ്പെടുന്നു .

4) മോഡർന വാക്‌സിൻ ( Moderna mRNA 1273 ) അമേരിക്കയിൽ വികസിപ്പിക്കുന്ന ഒരു RNA വാക്‌സിൻ ആണിത്‌ . മോഡർന വാക്‌സിൻ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങൾ കാണിക്കുന്നത് സ്വീകരിച്ച എല്ലാവരിലും ആന്റിബോഡികൾ ഉണ്ടായി എന്നാണ് . ഫേസ് 3 പരീക്ഷങ്ങൾ ജൂലൈ 27 നു തുടങ്ങും എന്ന് പറയപ്പെടുന്നു, ഫേസ് മൂന്നിൽ , മുപ്പതിനായിരം പേരിൽ വാക്‌സിൻ പരീക്ഷിക്കും എന്ന് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

5 ) ജർമനിയുടെ BIONTECH ( ബയോൺ ടെക് ) വാക്‌സിൻ ( ഫൈസർ (pfizer) എന്ന അമേരിക്കൻ കമ്പനിയുടെയും ചൈനീസ് ഫോസൻ ഫാർമ (fosun pharma )യുടെയും സഹകരണത്തിൽ നിർമിക്കുന്നു .ഇതും ഒരു m RNA വാക്‌സിൻ ആണ്. മുപ്പതിനായിരം പേരിൽ ഫേസ് 3 യിൽ ഇതു പരീക്ഷിക്കാനാണിരിക്കുന്നതു . ജൂലൈ ഇരുപത്തഞ്ചിന് അമേരിക്കൻ സർക്കാരുമായി രണ്ടു ബില്യൺ ഡോളറിന്റെ കരാറിൽ വാക്‌സിൻ കമ്പനി ഏർപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

6 ) കോ വാക്‌സിൻ ( co vaccin ): ഭാരത് ബയോ ടെക് വികസിപ്പിക്കുന്ന ഇന്ത്യൻ വാക്‌സിൻ ആണിത് .ഈ ജൂലൈ 25 നു കോ വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു .നിഷ്ക്രിയമാക്കിയ അല്ലെങ്കിൽ നിർജീവമാക്കിയ വൈറസുകളെ കളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ ആണിതും .

7) സൈഡ്‌സ് വാക്‌സിൻ ( ZyCoV-D) : സൈഡ്‌സ് ഇന്ത്യ (zydus India ) നിർമിക്കുന്ന RNA വാക്‌സിനും രണ്ടാമത്തെ ഫേസിൽ ആണ്

ഇത് കൂടാതെ ജാപ്പനീസ് കമ്പനി ആഗ്നെസും (agnes ) DNA വാക്‌സിൻ പരീക്ഷണവുമായി രംഗത്തുണ്ട് .
റഷ്യ രണ്ടു വാക്‌സിനുകൾ വിജയകരമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്

അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും അർക്ടര്സ് ( arcterus) കമ്പനിയും ഡ്യൂക്ക് നുസ് മെഡിക്കൽ സ്കൂളും സംയുക്തമായി വികസിപ്പിക്കുന്ന ഒരു RNA വാക്‌സിനും കോവിഡിനെതിരായ അങ്കത്തിൽ പങ്കാളികളാണ് .

മറ്റു നിരവധി വാക്‌സിനുകൾ വികസനത്തിന്റെ പല ദിശകളിൽ ആണ്. ലോകം കണ്ട ഇൻഡസ്ട്രിയൽ റിവൊല്യൂഷൻ പോലെ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വാക്‌സിൻ റിവൊല്യൂഷനാണ്, മുടക്കുന്ന പണം ചിലപ്പോൾ തിരിച്ചുകിട്ടില്ല എന്നറിഞ്ഞുകൊണ്ടും ഭരണകൂടങ്ങൾ കോവിഡ് വാക്‌സിൻ ഗവേഷണത്തിനും നിർമ്മാണത്തിനുമായി ഒരു ചൂതുകളിക്കാരനെപ്പോലെ പണമെറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വാക്‌സിൻ ഇൻഡസ്ട്രിക്കും ഒരു വൻ കുതിപ്പാണ് നൽകിയിരിക്കുന്നത്. നൂറ്റി എഴുപത്തേഴോളം വാക്‌സിനുകൾ ഗവേഷണത്തിന്റെ പല ഘട്ടത്തിൽ ആണ്. വാക്‌സിൻ നിർമ്മിക്കാൻ ഇതു വരെ പരീക്ഷിക്കാത്ത നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നവരും കുറവല്ല. ഒരു പക്ഷെ എല്ലാവരും ഫിനിഷിങ് പോയിന്റ് കടക്കണമെന്നില്ല, എങ്കിലും പുതു വഴികൾ വെട്ടുന്നവർ നൽകുന്ന പുതു സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ഭാവിയിൽ രംഗപ്രവേശനം നടത്തിയേക്കാവുന്ന മഹാമാരികൾക്കെതിരെ അതിവേഗം വാക്‌സിനുകൾ നിർമ്മിക്കാൻ നമ്മെ കെല്പുള്ളതാക്കിയേക്കാം. വിജയകരമായ വാക്‌സിനുകൾ നിർമ്മിക്കാനുള്ള പെരുവഴികളാണിവർ വെട്ടുന്നത് എന്ന്ചരിത്രം അടയാളപ്പെടുത്തും.

Other News