Thursday, 19 September 2024

ഇംഗ്ലണ്ടിൽ ഇന്ന് മുതൽ നടപ്പാക്കാനിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ രണ്ടാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഇംഗ്ലണ്ടിൽ ഇന്ന് മുതൽ നടപ്പാക്കാനിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ രണ്ടാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കൊറോണ ഇൻഫെക്ഷനുകളിൽ ഉണ്ടായ വർദ്ധനവ് കണക്കിലെടുത്താണിത്. ദിവസേന 4200 ഓളം ഇൻഫെക്ഷനുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരാഴ്ച മുമ്പ് ഇത് ദിനംപ്രതി ശരാശരി 3200 മാത്രമായിരുന്നു. കാസിനോകൾ, ബൗളിംഗ് സെൻ്ററുകൾ, ബ്യൂട്ടി സലൂണുകൾ, സ്കേറ്റിംഗ്‌ റിങ്കുകൾ എന്നിവ തുറക്കില്ല. സിനിമ തിയേറ്ററുകൾ അടക്കമുള്ളവയിൽ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പബ്ബുകൾ വീണ്ടും അടയ്ക്കേണ്ടി വരുമെന്ന നിർദ്ദേശം സയൻറിഫിക് അഡ് വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസിൻ്റെ ചെയർമാനായ പ്രൊഫ ഗ്രഹാം മെഡ് ലി മുന്നോട്ട് വച്ചു. സമ്മർ ഹോളിഡേകൾക്കു ശേഷം കുട്ടികളെ സ്കൂളിൽ തിരിച്ചെത്തിക്കുക എന്നതിന് മുൻഗണന നല്കുമ്പോൾ ഇതുമൂലമുണ്ടാകാൻ സാധ്യതയുള്ള ഇൻഫെക്ഷൻ വർദ്ധനവ് കുറയ്ക്കാൻ മറ്റു മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയിരുന്ന ഷീൽഡിംഗ് നിയന്ത്രണങ്ങൾ ഇന്ന് അവസാനിച്ചു. ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവുമുള്ള ഏകദേശം 2.2 മില്യൺ ആളുകളാണ് ഷീൽഡിംഗിൽ ഉണ്ടായിരുന്നത്. ഇവർക്ക് വീടുകളിൽ നിന്ന് പുറത്തുപോവാൻ അനുമതി നല്കിയിട്ടുണ്ട്. ഷീൽഡിംഗിൽ ഉണ്ടായിരുന്നവരിൽ 595,000 ത്തോളം പേർ ജോലി ചെയ്യുന്നവരാണ്.
 

Other News