ഇംഗ്ലണ്ടിൽ പുതിയ വീടുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ഷോപ്പുകൾ എന്നിവ നിർമ്മിക്കുന്നതിന് ഓട്ടോമാറ്റിക് പ്ളാനിംഗ് പെർമിഷൻ ലഭ്യമാക്കുന്ന നിയമനിർമ്മാണം ഗവൺമെൻറ് നടത്തുമെന്ന് ഹൗസിംഗ് സെക്രട്ടറി
ഇംഗ്ലണ്ടിൽ പുതിയ വീടുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ഷോപ്പുകൾ എന്നിവ നിർമ്മിക്കുന്നതിന് ഓട്ടോമാറ്റിക് പ്ളാനിംഗ് പെർമിഷൻ ലഭ്യമാക്കുന്ന നിയമനിർമ്മാണം ഗവൺമെൻറ് നടത്തുമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് (Jenrick) അറിയിച്ചു. 1947 മുതൽ നിലവിലുള്ള കാലഹരണപ്പെട്ട പ്ളാനിംഗ് സിസ്റ്റത്തിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്ളാനിംഗ് അനുമതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കുമെന്നും ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. ഇതിനായി ലാൻഡിനെ മൂന്നു വിഭാഗങ്ങളായി തിരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്വമേധയാ അനുമതി നൽകപ്പെടുന്ന ആദ്യ കാറ്റഗറിയിൽപ്പെടുന്ന ലാൻഡിൽ പുതിയ വീടുകളും സ്കൂളുകളും ജി പി സർജറികളും നിർമ്മിക്കാം. ഇവ ലോക്കൽ ഏരിയയിൽ ആവശ്യമുണ്ടെന്ന് കൗൺസിൽ അംഗീകരിച്ചാൽ നിർമ്മാണം നടത്താം. രണ്ടാമത്തെ കാറ്റഗറിയായ റിന്യൂവൽ ഏരിയകളിൽ നിർമ്മാണത്തിന് തത്വത്തിൽ അനുമതി ലഭ്യമാക്കുന്നത് വഴി പുതിയ സംരംഭങ്ങൾക്ക് പെട്ടെന്ന് തന്നെ പ്ളാനിംഗ് പെർമിഷൻ നല്കും. എന്നാൽ സംരക്ഷിത പ്രദേശങ്ങളിൽ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകില്ല.