Wednesday, 25 December 2024

പ്രസ്റ്റണിൽ ലോക്കൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. യുകെയിൽ കൊറോണ റീ പ്രൊഡക്ഷൻ റേറ്റ് ഒന്നിനടുത്തേയ്ക്ക് ഉയർന്നതായി അനുമാനം

ലങ്കാഷയറിലെ പ്രസ്റ്റണിൽ ലോക്കൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് ഇൻഫെക്ഷൻ നിരക്കിൽ വർദ്ധനയുണ്ടായതിനെ തുടർന്നാണ് നടപടി. വീടുകളിൽ പുറത്തു നിന്നുള്ള സന്ദർശകരെ അനുവദിക്കില്ല. ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 ന് നിയന്ത്രണങ്ങൾ റിവ്യൂ ചെയ്യുന്നതാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പ്രാദേശികമായ അഭ്യർത്ഥനയെ തുടർന്നാണെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഗ്രേറ്റർ മാഞ്ചസ്റ്റർ അടക്കമുള്ള നോർത്തേൺ ഇംഗ്ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഫ്രാൻസിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ വൻവർദ്ധനവ് രേഖപ്പെടുത്തി. ഇവിടെ നിന്ന് ബ്രിട്ടണിലേയ്ക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാരൻ്റീൻ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ചാൻസലർ സൂചിപ്പിച്ചു. നേരത്തെ സ്പെയിൻ, ബെൽജിയം, ബഹാമാസ്, അൻഡോറ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർ 14 ദിവസം സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന നിർദ്ദേശം ഗവൺമെൻ്റ് പുറപ്പെടുവിച്ചിരുന്നു.

യുകെയിൽ കൊറോണ റീ പ്രൊഡക്ഷൻ റേറ്റ് ഒന്നിനടുത്തേയ്ക്ക് ഉയർന്നതായി അനുമാനിക്കുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫെക്ഷനുകളിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണിത്. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ മാത്രമാണ് റീ പ്രൊഡക്ഷൻ റേറ്റ് ഒന്നിൽ താഴെയുള്ളത്. യുകെ മുഴുവനായി പരിഗണിക്കുമ്പോൾ റീ പ്രൊഡക്ഷൻ നിരക്ക് 0.8 നും ഒന്നിനും ഇടയ്ക്കാണെന്ന് കരുതുന്നു.
 

Other News