ബ്രിട്ടണിലെ റോഡുകളിൽ ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ നിയമപരമാക്കാൻ കൺസൾട്ടേഷൻ തുടങ്ങി
ബ്രിട്ടണിലെ റോഡുകളിൽ ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ നിയമപരമാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ ആരംഭിച്ചു. ഓട്ടോമേറ്റഡ് ലെയിൻ കീപ്പിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ഡാറ്റാ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് തുടങ്ങിയിട്ടുണ്ട്. നിലവിൽ ടെസ് ലയുടെ ഓട്ടോ പൈലറ്റ് സംവിധാനമുള്ള കാറുകളിൽ ആവശ്യമുളള സമയത്ത് ഡ്രൈവർമാർ വേണ്ട വിധത്തിൽ ഇടപെടലുകൾ നടത്തേണ്ടതായിട്ടുണ്ട്. കാറുകൾ സുരക്ഷിതമായാണ് സഞ്ചരിക്കുന്നതെന്ന് മുഴുവൻ സമയവും മോണിട്ടർ ചെയ്യുകയും വേണം. എന്നാൽ അടുത്ത ഘട്ടത്തിൽ മുഴുവൻ സമയ നിരീക്ഷണം ആവശ്യമില്ലാത്ത ലെവൽ 3 സംവിധാനം പുറത്തിറക്കുമെന്ന് ഈ രംഗത്തെ ലീഡിംഗ് പ്രൊവൈഡറായ ടെസ് ല പറയുന്നു. ഇതോടെ ഡ്രൈവർക്ക് യാത്രയ്ക്കിടയിൽ ഇ മെയിൽ ചെക്ക് ചെയ്യുന്നതിനോ സിനിമ കാണുന്നതിനോ പോലും കഴിയും. എന്നാൽ ഓട്ടോ പൈലറ്റ് അലർട്ട് വന്നാലുടൻ കാറിൻ്റെ നിയന്ത്രണമേറ്റെടുക്കണം.
ഓട്ടോമേറ്റഡ് ഡ്രൈവിംഗ് റോഡിൽ സാധ്യമാകണമെങ്കിൽ നിയമപരമായ സാങ്കേതിക തടസങ്ങൾ മറികടക്കണം. ഓട്ടോമേറ്റഡ് ലെയിൻ കീപ്പിംഗ് സിസ്റ്റം ടെക്നോളജിയ്ക്ക് യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് അംഗീകാരം നല്കിയിട്ടുണ്ട്. ഇതിൽ ബ്രിട്ടണും അംഗമാണ്. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് എത്ര സുരക്ഷിതമാണെന്നും അത് ബ്രിട്ടണിലെ റോഡുകളിൽ എങ്ങനെ നടപ്പാക്കാമെന്നും ബന്ധപ്പെട്ടുള്ള കൺസൾട്ടേഷൻ ഒക്ടോബർ 27 ന് അവസാനിക്കും.