ജിസിഎസ്ഇ റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഏറ്റവും ഉയർന്ന ഗ്രേഡ് 9 ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധന
ഇംഗ്ലണ്ട്, വെയിൽസ് , നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ജിസിഎസ്ഇ റിസൾട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. ഹയർ ഗ്രേഡുകൾ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ജിസിഎസ്ഇ അറ്റൻഡ് ചെയ്ത കുട്ടികളിൽ 25.9 ശതമാനം പേർ പഴയ സിസ്റ്റത്തിലെ എ അല്ലെങ്കിൽ എ സ്റ്റാറിന് തത്തുല്യമായ ഗ്രേഡ് 7 നോ അതിലും ഉയർന്ന ഗ്രേഡോ കരസ്ഥമാക്കി. ഏറ്റവും ഉയർന്ന ഗ്രേഡ് 9 ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധന രേഖപ്പെടുത്തി. ജിസിഎസ്ഇ പാസ് റേറ്റ് ഇത്തവണ 13 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 600,000 ത്തോളം കുട്ടികളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
എഞ്ചിനീയറിംഗ്, ഇക്കണോമിക്സ്, പെർഫോർമിംഗ് ആർട്ട് എന്നിവയിൽ ഗ്രേഡ് 7 നോ അതിലും ഉയർന്ന ഗ്രേഡോ ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന ബിടെക് റിസൾട്ടുകൾ ഒരാഴ്ച താമസിക്കുമെന്ന് അറിയിപ്പുണ്ടായി. കൊറോണ ലോക്ക് ഡൗൺ മൂലം എക്സാമുകൾ ഇത്തവണ നടക്കാതിരുന്നതിനാൽ സ്കൂളുകൾ നല്കിയ ഗ്രേഡാണ് കുട്ടികൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത് ഓഫ് ക്വാൽ സ്റ്റാൻഡാർഡൈസ് ചെയ്യുമെന്ന തീരുമാനം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അവസാന നിമിഷം ഇതിൽ നിന്ന് ഓഫ് ക്വാൽ പിൻമാറിയെങ്കിലും ഗ്രേഡുകൾ പുതിയ ഗൈഡ് ലൈനനുസരിച്ച് തയ്യാറാക്കാൻ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ബിടെക് റിസൾട്ടുകൾ താമസിക്കുന്നത്
യൂണിവേഴ്സിറ്റി അഡ്മിഷനാവശ്യമായ ഗ്രേഡുകൾ ലഭിച്ച കുട്ടികൾക്ക് ഫസ്റ്റ് ചോയിസ് കോഴ്സുകൾ ലഭ്യമാക്കണമെന്ന് ഗവൺമെൻ്റ് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നല്കി. മെഡിക്കൽ, ഡെൻ്റിസ്ട്രി, വെറ്ററിനറി, ടീച്ചിംഗ് എന്നിവയിലെ സീറ്റുകളുടെ എണ്ണം ക്യാപ്പ് ചെയ്തിരുന്നത് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ ഫണ്ടിംഗും ഈ സീറ്റുകൾക്കായി അനുവദിക്കും. ഈ വർഷം സീറ്റുകൾ ലഭ്യമായില്ലെങ്കിൽ അടുത്ത വർഷം അതിനുള്ള സാഹചര്യമൊരുക്കുമെന്ന് യൂണിവേഴ്സിറ്റീസ് മിനിസ്റ്റർ മിഷേൽ ഡൊണേലൻ സൂചിപ്പിച്ചു.