ബ്രിട്ടൻ്റെ പൊതുകടം രണ്ട് ട്രില്യൺ പൗണ്ടായി വർദ്ധിച്ചു. രാജ്യത്തെ ജിഡിപിയെക്കാളും അധികമായി കടമുയരുന്നത് 1960-61 സാമ്പത്തിക വർഷത്തിനു ശേഷം ഇതാദ്യം
ബ്രിട്ടൻ്റെ പൊതുകടം 2 ട്രില്യൺ പൗണ്ടായി വർദ്ധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. കൊറോണ ക്രൈസിസിൽ അകപ്പെട്ട സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഗവൺമെൻ്റ് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ദേശീയ കടം സർവകാല റെക്കോർഡിൽ എത്തിയത്. ജോബ് റീറ്റെൻഷൻ സ്കീമടക്കമുള്ളവയിൽ ഫണ്ടിംഗ് ഗവൺമെൻ്റ് നൽകുന്നതിനാൽ പൊതുകടം യുകെയിലെ ഒരു വർഷത്തെ ആഭ്യന്തര ഉൽപാദനത്തിന് തുല്യമായ തുകയിൽ എത്തുമെന്ന് കണക്കാക്കുന്നു. ജൂലൈ മാസത്തിൽ ദേശീയ കടം കഴിഞ്ഞ വർഷത്തേക്കാൾ 227 ബില്യൺ പൗണ്ട് കൂടുതലാണ്. കാര്യങ്ങൾ മെച്ചപ്പെടുന്നതിനു മുമ്പ് നില വീണ്ടും മോശമാകുമെന്ന് സാമ്പത്തിക വിദഗ്ദർ കരുതുന്നു. രാജ്യത്തെ ജിഡിപിയെക്കാളും അധികമായി കടമുയരുന്നത് 1960-61 സാമ്പത്തിക വർഷത്തിനു ശേഷം ഇതാദ്യമായാണ്.
ജൂലൈ മാസത്തിലെ നികുതി വരുമാനത്തേക്കാൾ പൊതു ചെലവ് 26.7 ബില്യൻ പൗണ്ട് അധികമായിരുന്നു. സമ്പദ് വ്യവസ്ഥ ചുരുങ്ങിയതു മൂലം രാജ്യത്ത് ബിസിനസുകളും തൊഴിൽ രംഗവും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ട്രഷറി പ്രതിജ്ഞാബദ്ധമാണെന്ന് ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. എന്നാൽ കടം ഉയരുന്നത് ഭാവിയിൽ സാധാരണ ജനങ്ങൾക്കുള്ള ക്ഷേമ പരിപാടികളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ കരുതുന്നു.