Thursday, 07 November 2024

മേഘമൽഹാർ പെയ്തിറങ്ങിയത് ആ തെരുവുകളിലായിരുന്നില്ല, വരണ്ടുണങ്ങിയ ഓർമകളുടെ ഏകാന്ത ഗിരികളിലായിരുന്നു... മേഘമൽഹാർ (2001)... നിരൂപണം തയ്യാറാക്കിയത് അമൽ ദേവ്

ബോംബെ നഗരത്തിലെ ഒരു മഴക്കാല ദിനങ്ങളിൽ "ഒർമ്മകൾക്കെന്തു സുഗന്ധം, എൻ ആത്മാവിൻ നഷ്ടസുഗന്ധം എന്ന ഒ.എൻ.വി സാറിന്റെ വരികൾ കമൽ എന്ന സംവിധായകന് ഒരു പ്രണയകഥയിലേക്കുള്ള ബീജം നൽകുകയായിരുന്നു... വിവാഹം കഴിഞ്ഞവരുടെ പ്രണയം ആയാലോ എന്ന ഇക്ബാൽ കുറ്റിപ്പുറത്തിന്റെ നിർദേശം കൂടി ആയപ്പോൾ ആ കഥാ ബീജത്തിന് ജീവൻ വച്ചു തുടങ്ങി...

മലയാളികളുടെ സന്മാർഗിക തത്വ-ശാസ്ത്രത്തിൽ വിവാഹേതര പ്രണയ കഥയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കും എന്നതും ആഴത്തിൽ ചിന്തിയ്ക്കേണ്ടിയിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിൽ ഇരുന്നുകൊണ്ട് വെറും 6 ദിവസംകൊണ്ട് കമൽ തിരക്കഥ പൂർത്തിയാക്കി,
മാതൃഭൂമിയാണ് ചിത്രം നിർമ്മിച്ചത്‌. തിയേറ്റർ പ്രദർശനം നൽകാതെ ടെലിവിഷനിലൂടെ ചിത്രം ജനങ്ങളിൽ എത്തിക്കുക എന്ന തീരുമാനമായിരുന്നു പ്രാരംഭത്തിൽ. അതുകൊണ്ട് തന്നെ കച്ചവട സാധ്യതകളുടെ ഭാരം മാറാപ്പായി തോളിൽ ഇല്ലാതെ എഴുത്തുകാരന്റെ പൂർണ സ്വാതന്ത്ര്യത്തിലും ഇംഗിതത്തിലും കാവ്യനീതി പുലർത്തി തിരക്കഥ രചിച്ചു.

മയിൽപ്പീലിപോലെ ബാല്യകാല ഓർമകളും പ്രണയവും മനസ്സിൽ സൂക്ഷിക്കുന്ന അഡ്വക്കേറ്റ് രാജീവനും കഥാകാരി നന്ദിതയും... രണ്ടു പേർക്കും രണ്ടു കുടുംബമായി.. കുട്ടികളായി.. പരസ്പരം എവിടെയൊന്നോ എന്തെന്നോപോലും അവർക്ക് അറിയില്ല... നഗരത്തിലെ പത്രമോഫീസിൽ ജോലി ചെയ്യുന്ന നന്ദിതയെ യാദൃശ്ചികമായി ഒരു ബേക്കറിയിൽ വച്ച് കണ്ടു മുട്ടുന്നു.. പിന്നീട് ആശുപത്രിയിൽ വച്ചും രാജീവൻ നന്ദിതയെ കാണുന്നു.. തന്റെ പഴയ ആ ശ്രീക്കുട്ടിയാണ് നന്ദിത എന്ന് അറിയാതെ തന്നെ രാജീവൻ എഴുത്തുകാരിയായ നന്ദിതയോടു കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു. ജോലിത്തിരക്കിനിടയിൽ അധികവായന ഇല്ലാതെപോയ രാജീവൻ നന്ദിത കൊടുത്ത ആഴ്ചപ്പതിപ്പിലെ തന്റെ സ്വന്തം സൃഷ്ടിയായ മേഘമൽഹാർ വായിക്കാൻ കൊടുത്തതോടെ നഷ്ടപ്പെട്ടുപോയ വായനശീലം രാജീവൻ വീണ്ടെടുക്കുന്നു.. ഉള്ളിലെവിടെയോ ഒരു ആത്മബന്ധം രാജീവന് നന്ദിതയിൽ ഉടലെടുക്കുന്നു .. എപ്പോഴും കാണുവാനും സംസാരിക്കുവാനുള്ള ശ്രമം .. എന്ത് പേരിട്ട് ഇതിനെ വിളിക്കണമെന്ന് അറിയില്ല .. ഒരു ആണും പെണ്ണും തമ്മിലുള്ള ബന്ധം ഒന്നെങ്കിൽ പ്രേമം, അല്ലെങ്കിൽ കാമം എന്ന് തന്റെ സുഹൃത്തും സീനിയറുമായ ഭൂമിനാഥൻ സർ വാദിക്കുന്നുവെങ്കിലും രാജീവൻ അത് നിരസിക്കുന്നു ..

കഥകളി വിദ്വാൻ പിഷാരടി മാഷിന്റെ അഭിമുഖം തയ്യാറാക്കുവാൻ നന്ദിതയോടൊപ്പ൦ ഒറ്റപ്പാലത്തേയ്ക് പോകുന്ന യാത്രാവേളയിൽ ഒരു കർക്കിടകമാസത്തിലെ പെരുമഴക്കാലത്ത് കാലുതെറ്റി കുളത്തിൽ വീണുമരിച്ച പപ്പേടതിയെപ്പറ്റിയുള്ള ഓർമകളിൽ നിന്ന് നന്ദിതയുടെ കഥയിലേയ്ക് ബന്ധത്തപ്പെടുത്തുന്നു..
കടത്തിനായി കത്ത് നില്ക്കുന്ന വേളയിൽ നന്ദിതയുടെ കഥയിലെ, പാർവ്വതിയും കൗസ്‌തുവും പോലെ കന്യാകുമാരിയിൽ ഉണ്ടായിരുന്ന തന്റെ കളിക്കൂട്ടുകാരി ശ്രീകുട്ടിയെപ്പറ്റി പറയുന്നു...
കളിക്കിടയിൽ അറിയാതെ കൗസ്തുവിനെ പോലെയുള്ള ആ തമിഴത്തികുട്ടിയെ അറിയാതെ കുളത്തിൽ തള്ളിയിട്ടു പോയ ശ്രീകുട്ടിയെപ്പറ്റിയുള്ള ഓർമ്മകൾ, അച്ഛന് ട്രാൻഫറായി അവിടുന്ന് പോരുമ്പോൾ കണ്ണിൽ നിന്ന് മായുംവരെ കല്മണ്ഡപത്തിനു പിന്നിൽ നിന്നും കരഞ്ഞ ശ്രീക്കുട്ടിയെപ്പറ്റിയുള്ള ഓർമ്മകൾ ഇപ്പോഴും നോവായി രാജീവ് പറഞ്ഞു അവസാനിപ്പിക്കുമ്പോൾ തന്റെ ബാല്യത്തിൽ നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരനെ തിരിച്ചു കിട്ടിയ സന്തോഷവും തിരിച്ചറിയാൻ വൈകിയ കുറ്റബോധവും നന്ദിതയുടെ മുഖത്തെ ഭാവത്തെ കണ്ണുനീർ മായ്ച്ചു കളഞ്ഞു.. രാജീവ് കാണാതെ നന്ദിത കണ്ണുനീരിനെ ഒളിപ്പിക്കുവാൻ പാടുപെട്ടു.. ഒരു വിസ്മയമാവുകയാണീ യാത്ര .. ക്ഷേത്രത്തിന്റെ കല്മണ്ഡപത്തിനു പിന്നിൽ നിന്നും കരഞ്ഞ ആ ശ്രീക്കുട്ടി താൻ ആണെന്ന് രാജീവൻ തിരിച്ചറിഞ്ഞിരിക്കുവോ.. അറിയിച്ചാലോ .. അല്ലെങ്കിൽ വേണ്ട.. ഇതും ഒരു നോവുള്ള സുഖമാണ് ..

ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള രാജീവന്റെ മറ്റൊരു പ്രണയം നഷ്ടപ്രണയത്തിന്റെ നോവായി ഒരു നറുപുഷ്പത്തിന്റെ നൈർമല്യമായി നന്ദിതയുടെ മനസിലേയ്ക്ക് പെയ്തിറങ്ങുകയായിരുന്നു.. ഒ.എൻ.വി സാറിന്റെ വരികൾക്ക് രമേഷ് നാരായണൻ ഈണമിട്ട് ദാസേട്ടൻ പാടിയ ആ ഗാനം ഈ മേഘമൽഹാറിനു മാത്രമായി പിറവികൊണ്ടതാണ് എന്ന് തോന്നുന്ന മുഹൂർത്തമാണിവിടെ സംവിധായകൻ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്...

"മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമാം ആർദ്രമായി പാടി "
കാവ്യഭംഗിക്ക്‌ പര്യായമില്ലാത്ത വരികൾക്ക് വൃന്ദാവന സാരംഗ രാഗഭാവം നല്കി രമേശ് നാരായണൻ മരണമില്ലാത്ത ഒരു ഗാനംകൂടി മലയാളിക്ക് സമ്മാനിച്ചു.

പിരിമുറുക്കങ്ങൾ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോൾ അസ്തമയ സൂര്യനെ സാക്ഷിയാക്കി
തന്റെ ഇഷ്ടം നന്ദിതയെ അറിയിച്ചു.. പഴയ ആ കൂട്ടുകാരി ആണ് എന്ന് മനസ്സിലാക്കി, ശ്രീക്കുട്ടി എന്ന് വിളിക്കുന്നതും പ്രതീക്ഷിച്ചു വന്ന നന്ദിതയ്ക് രാജീവൻ നൽകിയ ഈ ഉത്തരം സമ്മാനിച്ചത്‌ നിർവികാരമായ അനുഭവമായിരുന്നു ... മറുപടി നൽകാതെ നന്ദിത അവിടെ നിന്നും ഓടി മറഞ്ഞു .. രാജീവന്റെ കോളുകൾ പരമാവധി ഒഴിവാക്കി .. തിരുവന്തപുരത്തേയ്ക്കുള്ള സാഹിത്യചർച്ചയ്ക്കായുള്ള ഒരു ബസ്‌ യാത്രയിൽ വിധി അവരെ വീണ്ടും കണ്ടുമുട്ടിക്കുന്നു ... കണ്ടകാഴ്ചയിൽ നന്ദിത രാജീവിന് മുഖം കൊടുത്തില്ലെങ്കിലും ബസ് ഇറങ്ങിയ സമയത്തു പാതിസമ്മതത്തിലും സഹപ്രവർത്തകയുടെ നിർബന്ധത്തിലും വഴങ്ങി തന്റെ പക്കലുള്ള "പഴയ കളിച്ചങ്ങാതിക്ക്"
സ്വന്തം ശ്രീക്കുട്ടി എന്ന് ആമുഖ താളിൽ എഴുതിയ കഥാസമാഹാരം രാജീവൻ സമ്മാനിക്കുന്നു ...ഒരു മഞ്ഞുരുകാലിന്റെ തുടക്കമാകട്ടെ ഇത് അല്ലെ.. തന്റെ ജീവിതത്തിലേയ്ക്ക് ആകസ്മികമായി വന്നു ചേർന്ന നന്ദിതമേനോൻ എന്ന എഴുത്തുകാരി ഇത്രനാൾ താൻ മനസ്സിന്റെ ഒരു കോണിൽ നഷ്ടപ്രണയത്തിന്റെ നോവായി കൊണ്ടുനടന്ന ശ്രീകുട്ടിയാണെന്നുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു ..

മേഘമൽഹാർ പെയ്തിറങ്ങിയത് ആ തെരുവുകളിലായിരുന്നില്ല, വരണ്ടുണങ്ങിയ ഓർമകളുടെ ഏകാന്ത ഗിരികളിലായിരുന്നു ..

രാജീവൻ തന്റെ ശ്രീക്കുട്ടിയെ കാണുവാൻ സാഹിത്യ ചർച്ചാ വേദിയുടെ പുറത്ത് നിൽക്കുമ്പോൾ ശ്രീക്കുട്ടി ഇറങ്ങി വരുമ്പോൾ അവിടെ ഒരു മഹിള സ്ത്രീയുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെപ്പറ്റി സ്ത്രീയുടെ പരിമിതിയെപ്പറ്റി മൈക്കിലൂടെ പ്രസംഗിക്കുന്നു .. ഈ സന്ദർഭത്തിൽ സംവിധായകൻ പ്രേക്ഷകരുമായി എന്താണോ സംവദിക്കാൻ ഉദ്ദേശിച്ചുവോ അത് വിദഗ്ദ്ധമായി ആ പ്രസംഗത്തിലൂടെ ശ്രീക്കുട്ടി എന്ന വിവാഹിതയും അമ്മയുമായ കഥാപാത്രത്തിന്റെ മാനസിക വ്യവഹാരത്തിലൂടെ സമന്വയിപ്പിച്ചത് കയ്യടി അർഹിക്കുന്നു.
എല്ലാം അറിഞ്ഞിട്ടും മറച്ചുവച്ചു കബളിപ്പിച്ചതിൽ രാജീവൻ പരിഭവിക്കുന്നു .. ഇനി ശല്യമാകില്ല എന്ന് പറയുമ്പോൾ,എല്ലാം മറക്കാം എന്ന് പറയുമ്പോൾ ഇളം കാറ്റ് വീശിയടിക്കുന്ന.. കളങ്കമില്ലാത്ത ആ പ്രണയം പ്രകൃതി കാറ്റായി വന്ന്‌ അകറ്റികൊണ്ടു പോകുന്നു എന്ന് വളരെ സിംബോളിക് ആയി പറഞ്ഞുവച്ചതാകും സംവിധായകൻ..
അവരുടെ നഷ്ടപ്രണയത്തിന്റെ സുഗന്ധം തേടി ഒരിക്കൽകൂടി ഒരുമിച്ചു അവസാനമായി കന്യാകുമാരിയിലേയ്ക് യാത്ര ചെയ്യുന്നു..

കന്യകുമാരിയിലെ അസ്തമയ സൂര്യനിൽ അവർക്ക് മുൻപെങ്ങും കണ്ടിട്ടില്ലാത്ത അത്രയും ഭംഗി തോന്നിക്കാണണണം .. ഇരുൾ മറയരുതേ എന്ന് ആഗ്രഹിച്ചു കാണും .. ഒരുമിച്ചുകളിച്ചു നടന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ ബാല്യത്തിലെന്നപോലെ അവർ കയറി ഇറങ്ങി .. രാജീവന്റെ തോളിൽ ചാഞ്ഞ് ശ്രീക്കുട്ടി കിടന്നു .. ഇവിടെ ഇത് അവസാനിക്കുന്നു ..പക്ഷെ വേണ്ടാന്ന് വയ്ക്കാൻ ശ്രമിച്ചിട്ടും വേണമെന്ന് വയ്ക്കാൻ തോന്നുന്നൊരിഷ്ടം. നമുക്കു ഒരിക്കൽക്കൂടി അപരിചതരായി മാറാം .. ശ്രീക്കുട്ടി ഉടുത്തിരിക്കുന്ന ഒരു ചുമന്ന സാരിയാണ്. പെണ്ണിനെ ഇപ്പോഴും കവികൾ ഉപമിക്കാറ് പൂവുമായാണ് ...പൂവ് വിരിഞ്ഞു ചുമക്കുമ്പോഴാണ് ഏറ്റവും ഭംഗി. ആ ചുമന്ന സാരിയിൽ അവൾ ഇന്ന് കൂടുതൽ സുന്ദരിയാണ് .. പക്ഷെ ആ പൂവ് മറ്റാരുടെയോ ആയി മാറിയിരിക്കുന്നു..

വർഷങ്ങൾക്കു ശേഷം സംഭവിച്ചേക്കാവുന്ന ബാക്കി കഥ എന്ന് പറഞ്ഞ് ഒരു ഭാഗം കൂടി അവസാനം കൂട്ടിച്ചേർക്കുന്നു.
രാജീവനും രേഖയും കന്യകുമാരിയിലേക്കുള്ള യാത്രയിലാണ്. വർദ്ധക്യം ബാധിച്ചിരിക്കുന്നു രണ്ടാൾക്കും ..
എങ്കിലും കോഴിക്കോട്ടെ കടലിനു ഇല്ലാത്ത ഒരു പ്രത്യേകത കന്യാകുമാരിയിലെ കടലിനുണ്ടല്ലോ

കാറ് നിർത്തിയ ഹോട്ടലിനു മുന്നില് വച്ച് നന്ദിതയുടെ ഗൾഫിലായിരുന്നു ഭർത്താവ് മുകുന്ദൻ യു സി കോളേജിലെ തന്റെ കൂട്ടുകാരി രേഖയെ തിരിച്ച്‌ അറിയുന്നു.. രാജീവൻ പരിചയപ്പെടുന്നു .കാറിൽ ഉണ്ടായിരുന്ന തന്റെ ഭാര്യ നന്ദിതയെ രാജീവന് പരിചയപ്പെടുത്തുന്നു .. കാലം നരപൂശിയ മുടിയിഴകളുമായി വർഷങ്ങൾക്കപ്പുറം കന്യാകുമാരിയിലെ കടൽക്കാറ്റിൽ ഓർമകളുടെ പ്രണയം പൂക്കുന്നു..
പക്ഷെ വെറും അപരിചിതരെപ്പോലെ ഹലോ പറഞ്ഞു പരിചയപ്പെടുന്നു ..രാജീവനെയും ശ്രീകുട്ടിയെയും ഏറ്റവും അടുത്തറിയുന്ന ആ സാഗരം അപരിചത്വം തിരമാലകളാൽ മായ്ക്കുന്നു ..

രാജീവ് മേനോനായി ബിജു മേനോനും നന്ദിതയായി സംയുക്തവർമയും കഥാപാത്രങ്ങളിൽ ആണ്ടുപോയപ്പോൾ തിരശീലയ്ക്കു മുന്നിൽ കണ്ടിരുന്ന ചിലരുടെയെങ്കിലും മനസ്സില് ഓർക്കാൻ സുഖമുള്ള നോവുകൾ വിങ്ങിയിരിക്കാം.. ഓർമ്മകൾ പഴയൊരു സ്വപ്നലോകത്തേയ്ക് പാലായനം ചെയ്യിപ്പിച്ചിട്ടുണ്ടാകാം.
മുകുന്ദനായി എത്തിയ സിദ്ധിഖും രാജീവിന്റെ ഭാര്യ ആയി പൂർണിമയും ലഭിച്ച വേഷം വൃത്തിയാക്കി ..

കഥകളുടെ പഴമയും ഇന്നിന്റെ പുതുമയും ഒരേ പോലെ കൊണ്ടുവന്ന കലാസംവിധായകൻ സുരേഷ് കൊല്ലം, യാതൊരു വിധ അസാധാരണത്വവും തോന്നാത്ത രീതിയിൽ ചിത്രസംയോജനം നടത്തിയ എഡിറ്റർ ബീനാപോൾ , കടലും കരയും പ്രണയവും വിരഹവും യാഥാർഥ്യവും എല്ലാം കൃത്രിമത്വമല്ലാത്ത ജീവിതംപകർത്തിയ സിനിമാട്ടോഗ്രാഫർ വേണുഗോപാൽ , അങ്ങനെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ആസ്വാദകൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു ..

ഇതൊരു ചലച്ചിത്രകാവ്യമായിരുന്നു .. അതിനുള്ള ഉത്തരമാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ കമൽ ഈ ചിത്രത്തിന് വേണ്ടി ഏറ്റുവാങ്ങിയ അവാർഡുകൾ ..
 

Other News