Saturday, 23 November 2024

ബ്രിട്ടണിൽ കോവിഡ് ക്രൈസിസ് അവസാനിച്ചാലുടൻ നികുതി വർദ്ധനവ് ആവശ്യമായി വരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ബ്രിട്ടണിൽ കോവിഡ് ക്രൈസിസ് അവസാനിച്ചാലുടൻ നികുതി വർദ്ധനവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്കി. ലോക്ക്ഡൗണിന്റെ ആഘാതം മൂലം സർക്കാർ കടം കുതിച്ചുയരുന്നതോടെ രാജ്യത്തിന്റെ ജി.ഡി.പി ഇടിഞ്ഞിരിക്കുകയാണ്. നാഷണൽ ഇൻഷുറൻസും വാറ്റും ഭാവിയിൽ ഗണ്യമായി ഉയരും. കോവിഡാനന്തരം പൊതു വരുമാനത്തിലെ വർദ്ധനവിനായി ബ്രിട്ടണിൽ ആദായനികുതി, നാഷണൽ ഇൻഷുറൻസ്, വാറ്റ് നിരക്കുകൾ കൂട്ടേണ്ടതായി വരുമെന്ന് കരുതുന്നു. ഏകദേശം 44 ബില്യൺ പൗണ്ടിൻ്റെ കുറവ് ബ്രിട്ടൻ്റെ പൊതു വരുമാനത്തിൽ വന്നിട്ടുണ്ട്. എന്നിരുന്നാലും, ശരത്കാല ബജറ്റിൽ ഇന്ധന തീരുവയും കോർപ്പറേഷൻ നികുതിയും വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചാൻസലർ റിഷി സുനക് ഉടൻ നടപടി എടുക്കേണ്ടതില്ലെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് പ്രതിസന്ധി യുകെ യുടെ സമ്പദ്‌വ്യവസ്ഥയെ ആകെ തകർത്തിരിക്കുന്ന സ്ഥിതിയാണ്. അത് എത്രയും വേഗത്തിൽ എങ്ങനെ വീണ്ടെടുക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്ക്കുകയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ വരുമാന നികുതിയുടെ അനുപാതം ഉയർന്നിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവൺമെന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐ.എഫ്.എസ്), റെസല്യൂഷൻ ഫൗണ്ടേഷൻ (ആർ‌.എഫ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്സ് (ഐ‌എ‌എ) എന്നിവയിലെ വിദഗ്ധർ സമ്മതിച്ചു. ഇപ്പോൾ നല്കുന്ന അടിസ്ഥാന നികുതിയായ 20 ശതമാനത്തിൽ നിന്നും രണ്ടോ മൂന്നോ ശതമാനം വർദ്ധനവ് നടപ്പാക്കുന്നത് കാര്യമായ സാമ്പത്തിക പ്രതിസന്ധി വരുത്താൻ പോകുന്നില്ലെന്നും ഐ.എഫ്.എസ് സാമ്പത്തിക വിദഗ്ധൻ കൂട്ടിച്ചേർത്തു.

Other News