Sunday, 24 November 2024

ബ്രിട്ടണിൽ വീടുകളുടെ വിലയിൽ ഓഗസ്റ്റ് മാസത്തിൽ റെക്കോർഡ് വർദ്ധനവ്. ഒരു മാസത്തിൽ ഇത്രയും നിരക്കുയരുന്നത് 16 വർഷത്തിൽ ഇതാദ്യമെന്ന് റിപ്പോർട്ട്

ബ്രിട്ടണിൽ വീടുകളുടെ വിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ വില രണ്ടു ശതമാനം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തിൻ്റെ ആദ്യമുണ്ടായ വിലത്തകർച്ചയിൽ നിന്ന് ഹൗസിംഗ് മാർക്കറ്റ് കരകയറുന്നതായാണ് പ്രോപ്പർട്ടി ഏജൻറുകൾ നല്കുന്ന റിപ്പോർട്ട്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ഫസ്റ്റ് ടൈം ബയേഴ്സിന് സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പ്രഖ്യാപിച്ചതും വീട് വില വർദ്ധനയ്ക്ക് കാരണമായി.

2004 ഫെബ്രുവരിയിൽ ഉണ്ടായ വർദ്ധനവിന് ശേഷം ഒരു മാസം ഇത്രയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്നത് 16 വർഷത്തിൽ ഇതാദ്യമായാണ്. മാർക്കറ്റിൽ വൻ കൺസ്യൂമർ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്. വില്പനയ്ക്കായി അധികം വീടുകൾ മാർക്കറ്റിൽ ലഭ്യമല്ലായെന്നതും വില കൂടാൻ കാരണമായിട്ടുണ്ട്. 224,000 പൗണ്ടാണ് ബ്രിട്ടണിൽ ഇപ്പോൾ വീടിൻ്റെ ശരാശരി വില. 2020 ൻ്റെ അവസാനവും 2021 ൻ്റെ ആദ്യവും വീട് വില വർദ്ധന മന്ദഗതിയിലാകുമെന്ന് മാർക്കറ്റ് വിദഗ്ദർ കരുതുന്നു. യുകെയിലെ തൊഴിലില്ലായ്മ നിരക്ക് ഇക്കാലയളവിൽ വർദ്ധിക്കുമെന്നത് പ്രോപ്പർട്ടി മാർക്കറ്റിൽ ചലനങ്ങൾ സൃഷ്ടിക്കും. കൂടാതെ നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാകുന്നപക്ഷം മാർക്കറ്റ് സ്ഥിതിഗതികൾ പ്രവചനാതീതമാകാനും സാധ്യതയുണ്ട്.
 

Other News