Tuesday, 03 December 2024

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി ബ്രിട്ടണിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ് ജ് ആറാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി ബ്രിട്ടണിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ അഞ്ചാം തവണയാണ് ഓക്സ്ഫോർഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. എന്നാൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആറാം സ്ഥാനത്തായി. ടൈംസ് ഹയർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗനുസരിച്ച് ലണ്ടനിലെ ഇംപീരിയൽ കോളജ് ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയില്ല. കൊറോണ വൈറസ് പ്രതിസന്ധി മൂലം യുകെയിലെ യൂണിവേഴ്സിറ്റികളിൽ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സിൻ്റെ അഡ്മിഷനിൽ വൻകുറവ് വരുമെന്ന് ആശങ്കയുണ്ട്. ഇതിലൂടെ കനത്ത വരുമാന നഷ്ടമാണ് യൂണിവേഴ്സിറ്റികൾ നേരിടുന്നത്. കൂടാതെ ബ്രെക്സിറ്റ് സംബന്ധമായ അനിശ്ചിതത്വവും യൂണിവേഴ്സിറ്റികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഹയർ എഡ്യൂക്കേഷൻ രംഗത്തെ സൂപ്പർ പവർ എന്ന ബ്രിട്ടൻ്റെ സ്റ്റാറ്റസ് റിസ്കിലാകുന്ന സാഹചര്യമാണ് നിലവിലെന്ന് വിദ്യാഭ്യാസ വിദഗ്ദർ പറയുന്നു.

ടോപ്പ് 200 യൂണിവേഴ്സിറ്റികളിൽ യുകെയിൽ നിന്ന് 29 യൂണിവേഴ്സിറ്റികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലെ 15 സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിൽ തങ്ങളുടെ റാങ്കിംഗിൽ ഒരു സ്ഥാനമെങ്കിലും പുറകിലേയ്ക്ക് പോകേണ്ടി വന്നു. 93 രാജ്യങ്ങളിലെ 1500 യൂണിവേഴ്സിറ്റികളാണ് റാങ്കിംഗ് ചെയ്യപ്പെട്ടിരിക്കുന്നത്. ടീച്ചിംഗ്, റിസേർച്ച്, സൈറ്റേഷൻസ്, ഇൻ്റർനാഷണൽ ഔട്ട്ലുക്ക്, ഇൻഡസ്ട്രി ഇൻകം എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയാണ് ഓക്സ്ഫോർഡിന് പിന്നിൽ രണ്ടാമതെത്തിയത്. ആദ്യത്തെ പത്തു യൂണിവേഴ്സിറ്റികളിൽ എട്ടെണ്ണവും യുഎസിൽ നിന്നാണ്. ഹാർവാർഡ് യൂണിവേഴ്സി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ അമേരിക്കൻ യൂണിവേഴ്സിറ്റികളും ടോപ്പ് 5 ൽ സ്ഥാനം പിടിച്ചു. ഇംപീരിയൽ കോളജ് ലണ്ടൻ പതിനൊന്നാം സ്ഥാനത്താണ്. യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ പതിനാറാം സ്ഥാനത്തും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് 27 ആം സ്ഥാനത്തുമാണ് ലിസ്റ്റിൽ ഉള്ളത്. എഡിൻബറോ യൂണിവേഴ്സിറ്റി മുപ്പതാം സ്ഥാനത്തും കിംഗ്സ് കോളജ് ലണ്ടൻ മുപ്പത്തിയഞ്ചാം സ്ഥാനത്തുമാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

Other News