Thursday, 21 November 2024

എൻഎച്ച്എസിൽ 17 വർഷം ജോലി ചെയ്ത ഐ ടി എഞ്ചിനീയർ നാടുകടത്തൽ ഭീഷണിയിൽ

എൻഎച്ച്എസിൽ 17 വർഷം ജോലി ചെയ്ത ഐ ടി എഞ്ചിനീയർ നാടുകടത്തൽ ഭീഷണി നേരിടുന്നു. "എന്നും നിയമങ്ങൾക്കനുസരിച്ചാണ് ഞാൻ കഴിഞ്ഞത്, ഒരു സിവിൽ, ക്രിമിനൽ കേസുകൾ എൻ്റെ പേരിലില്ല. ഒരു ഡ്രൈവിംഗ് ഒഫൻസ് പോലുമില്ല". യുകെയിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന 40 കാരനായ ഫറൂഖ് സെയ്ർ പറയുന്നു. 17 വർഷം യുകെയിൽ കഴിഞ്ഞിട്ടും ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ ഹോം ഓഫീസ് നല്കാത്തതാണ് ഈ സ്ഥിതിക്ക് കാരണം.

2003 ലാണ് പാക്കിസ്ഥാനിയായ ഫറൂഖ് സെയ്ർ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തുന്നത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠനമാരംഭിച്ച ഫറൂഖ് സെയ്ർന് ആദ്യ ആറു വർഷങ്ങളിൽ യാതൊരു ഇമിഗ്രേഷൻ പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നില്ല. മാസ്റ്റേഴ്സ് പൂർത്തിയാക്കിയതിനു ശേഷം 2008 ൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിച്ചതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഫറൂഖ് സെയ്ർൻ്റെ അക്കൗണ്ടിൽ തുടർച്ചയായി 800 പൗണ്ട് ബാങ്ക് ബാലൻസ് ഇല്ലാതിരുന്നത് വിസ നിരസിക്കാൻ കാരണമായി.

തുടർന്ന് 2009 ൽ പാക്കിസ്ഥാനിലേയ്ക്ക് മടങ്ങിയ ഫറൂഖ് സെയ്ർ ഇതിനെതിരെ അപ്പീൽ നല്കിയെങ്കിലും അത് നിരസിക്കപ്പെട്ടു. എന്നാൽ വീണ്ടും വിസയ്ക്ക് അപേക്ഷിച്ചപ്പോൾ വിസ ലഭിക്കുകയും ചെയ്തു. വിസ ലഭിച്ചെങ്കിലും പാസ്പോർട്ട് ഹോം ഓഫീസിൽ നിന്ന് തിരികെ ലഭിച്ചത് 2010 ഫെബ്രുവരിയിലാണ്. യുകെയിൽ തിരിച്ചെത്തിയെങ്കിലും, ആറ് മാസത്തിലേറെ തുടർച്ചയായി മാറി നിന്നത് പിന്നീടുള്ള പ്രശ്നങ്ങൾക്ക് കാരണമായി.

യുകെയിൽ ബാങ്കിംഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഫറൂഖ് സെയ്ർ പാക്കിസ്ഥാനിൽ നിന്നുള്ള സാബായെ ഇതിനിടെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടു പേരും ജനിച്ചത് ബ്രിട്ടണിലാണ്. 2014ൽ പെർമനൻ്റ് റസിഡൻസിയ്ക്കായി അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. 2018 മുതൽ ജോലി ചെയ്യാനുള്ള അവകാശവും നിഷേധിക്കപ്പെട്ടെങ്കിലും പിന്നീട് രണ്ടര വർഷത്തെ ലിമിറ്റഡ് ലീവ് ടു റിമെയ്ൻ ലഭിച്ചിരുന്നു. ഹോം ഓഫീസിന് കാര്യങ്ങൾ വിശദീകരിച്ച് ഫറൂഖ് സെയ്ർ കത്തെഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

കൊറോണക്കാലത്തും എൻഎച്ച്എസിൽ സേവനനിരതനായിരുന്ന തനിക്ക് നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണെന്ന് ഫറൂഖ് സെയ്ർ പറയുന്നു. "ബ്രിട്ടണിൽ ജീവിച്ചു വളർന്ന തൻ്റെ കുട്ടികൾക്ക് പാക്കിസ്ഥാനിലേയ്ക്കുള്ള തിരിച്ചു പോക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്. ബ്രിട്ടണിൽ തുടരാൻ ഹോം ഓഫീസ് അനുവദിക്കണം" ഫറൂഖ് സെയ്ർ പ്രതീക്ഷയോടെ അനുകൂല നടപടിയ്ക്കായി കാത്തിരിക്കുകയാണ്.

Other News