Thursday, 19 September 2024

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ കൊറോണ പ്രതിരോധ ക്രമീകരണങ്ങൾക്ക് വൻതുക ചെലവാകുന്നു. ശരാശരി 10,000 പൗണ്ടിൻ്റെ അധിക ബാധ്യതയെന്ന് റിപ്പോർട്ട്

മാർച്ചിനു ശേഷം തുറന്ന ഇംഗ്ലണ്ടിലെ സ്കൂളുകളിലെ കൊറോണ പ്രതിരോധ ക്രമീകരണങ്ങൾക്ക് വൻതുക ചെലവാകുന്നതായി മാനേജ്മെൻറുകൾ വ്യക്തമാക്കി. ശരാശരി 10,000 പൗണ്ടിൻ്റെ അധിക ബാധ്യത ഓരോ സ്കൂളും നേരിടുന്നതായാണ് റിപ്പോർട്ട്. സ്കൂൾ ഫസിലിറ്റികൾ സമ്പൂർണമായി ശുചീകരിക്കണമെന്നും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഗവൺമെൻ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്.

ക്ലീനിംഗിനായി കൂടുതൽ സ്റ്റാഫുകളെ സ്കൂളുകളിൽ നിയമിക്കേണ്ടതായി വന്നിട്ടുണ്ട്. കൂടാതെ മിക്ക സ്കൂളുകളും ഹാൻഡ് വാഷിംഗ് സ്റ്റേഷനുകൾ പുതിയതായി വാങ്ങിച്ചു. ക്ളീനിംഗിനായി വേണ്ട സാമഗ്രികളും മുന്നറിയിപ്പ് ബോർഡുകൾ വാങ്ങാനും പണം ചിലവഴിക്കേണ്ടി വരുന്നുണ്ട്. തുക അധികം ചെലവു വരുന്നതിനോടൊപ്പം വരുമാന നഷ്ടവും സ്കൂളുകൾ നേരിടുന്ന അവസ്ഥയുണ്ടെന്ന് ഹെഡ് ടീച്ചർമാർ ചൂണ്ടിക്കാണിക്കുന്നു. റൂമുകൾ വാടകയ്ക്ക് നല്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം നിലച്ചു. അതുപോലെ ആഫ്റ്റർ സ്കൂൾ ക്ലബുകളിൽ നിന്നുള്ള വരുമാനത്തിലും കുറവുണ്ടായി.

നിലവിലെ സ്കൂൾ ബഡ്ജറ്റിൽ നിന്ന് വേണം അധികച്ചിലവിനുള്ള പണം കണ്ടെത്താനെന്ന് ഹെഡ് ടീച്ചർമാർ പറയുന്നു. 2018 -19 ൽ 8 ശതമാനം പ്രൈമറി സ്കൂളുകളും 28 ശതമാനം സെക്കണ്ടറി സ്കൂളുകളും സാമ്പത്തിക നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചത്. നിലവിലെ കൊറോണ ക്രമീകരണങ്ങൾ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് സ്കൂളുകളെ എത്തിക്കുമെന്നാണ് സൂചന.
 

Other News